ക്യൂൻസിൽ പിഞ്ചുകുഞ്ഞ് വാനിടിച്ചു മരിച്ചു
Tuesday, November 1, 2016 7:49 AM IST
ന്യൂയോർക്ക്: ക്യൂൻസിൽ ഡ്രൈവേയിൽ നിന്നും വാൻ പുറത്തേക്ക് ഇറക്കുന്നതിനിടെ സ്ടോളറിൽ കൊണ്ടുപോയിരുന്ന എട്ടു മാസം പ്രായമുളള പിഞ്ച് കുഞ്ഞ് വാഹനമിടിച്ചു മരിച്ചു. ഒക്ടോബർ 28നായിരുന്നു സംഭവം.

മുപ്പത്തിയഞ്ചുകാരിയായ മാതാവ് ദൽജിത് കൗർ, മകൻ നവരാജ് രാജുവിനെയും സ്ടോളറിലിരുത്തി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങിയതായിരുന്നു. ഇതിനിടെ െരഡെവേയിൽ നിന്നും പുറത്തേയ്ക്കിറക്കിയ വാഹനം സ്ട്രോളറിൽ ഇടിച്ചതിനെത്തുടർന്ന് തെറിച്ചു വീണ കുട്ടിയുടെ ദേഹത്തിലൂടെ വാഹനം കയറി ഇറങ്ങി. ഉടൻതന്നെ കുട്ടിയെ ആശുപപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തെതുടർന്ന് ഡ്രൈവർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്‌ഥലത്തെത്തിയ പോലീസ് ലൈസൻസ് ഇല്ലെന്ന് കാരണത്താൽ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഡ്രൈവർ കുട്ടിയെ കണ്ടിട്ടില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഡ്രൈവേയിലൂടെ വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്നും വേഗത കുറച്ചു മാത്രമേ ഓടിക്കാവൂ എന്ന് എൻവൈപിസി ട്രാൻസ്പോർട്ടേഷൻ കോർപറേഷൻ ചീഫ് തോമസ് ചാൻ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ