വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി വ്രതാഘോഷം
Tuesday, November 1, 2016 7:51 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി വ്രതാഘോഷം ആരംഭിച്ചു. നവംബർ ആറിനാണ് സ്കന്ദഷഷ്ഠി. തുലാമാസത്തിലെ ഷഷ്‌ടിവ്രത ദിവസമാണ് സ്കന്ദ ഷഷ്‌ടി. ഷഷ്ഠിദിവസങ്ങളിൽ മാത്രമായും ഷഷ്ഠി പൂർത്തിയാകുന്നപോലെ ആറുദിവസം തുടർച്ചയായും ഈ വൃതമെടുക്കാം. തുലാം മാസത്തിലെ ഷഷ്‌ടി ആണ് സ്കന്ദ ഷഷ്‌ടി. ഭഗവാൻ സുബ്രഹ്മണ്യൻ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്‌ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂർണ വിശ്വാസത്തോടെ ഭക്‌തിപൂർവ്വം അനുഷ്‌ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.

സ്കന്ദ ഷഷ്‌ടി അനുഷ്‌ടാനത്തിൽ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ്. ആദ്യത്തെ അഞ്ചു ദിവസങ്ങളിൽ രാവിലെ മുതൽ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങൾ ഉരുവിട്ട് ആഹാരക്രമങ്ങളിൽ പൂർണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളിൽ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തിൽ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ്.

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠി വ്രതമെടുത്താൽ രോഗ ശാന്തിയുണ്ടാവും. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങൾ. സന്തതികളുടെ ശ്രേയസിനുവേണ്ടി മാതാപിതാക്കൾ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ