ഡാളസിൽ കേരളപിറവിആഘോഷം നവംബർ ആറിന്
Wednesday, November 2, 2016 3:09 AM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ആഭിമുഖ്യത്തിൽ കേരളം പിറവി എടുത്തതിന്റെ അറുപതാം വാർഷികം നവംബർ ആറിന് (ഞായർ) ഡാളസിൽ ആഘോഷിക്കുന്നു. സെന്റ് മേരീസ് വലിയ പള്ളിയുടെ (14133 ഡെന്നിസ് ലൈൻ ഫാർമേഴ്സ് ബ്രാഞ്ച് 75234) ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് പരിപാടികൾ.

കേരള ലിറ്റററി സൊസൈറ്റി ഡാളസിൽ പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്ന ഈ വർഷം സംഘടനയുടെ രജത ജൂബിലി വർഷമെന്ന പ്രത്യേകതയും ഈ ആഘോഷങ്ങൾക്കുണ്ട്.

ഡോ. എം.വി പിള്ള ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അധ്യക്ഷത വഹിക്കും. യോഗത്തിൽ ലാന പ്രസിഡന്റ് ജോസ് ഓച്ചാലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളായ മലയാളി മങ്ക പ്രഖ്യാപനം, കവിത, സംഗീതസന്ധ്യ, വിഭവ സമൃദ്ധമായ ഡിന്നർ എന്നിവ നടക്കും.

റിപ്പോർട്ട്: എബി മക്കപ്പുഴ