ശ്രുതിലയയുടെ ഭക്‌തി ഗാനമേള 13ന്
Tuesday, November 8, 2016 7:37 AM IST
ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രുതിലയ നടത്തുന്ന ഭക്‌തി ഗാനമേള നവംബർ 13ന് (ഞായർ) വൈകുന്നേരം അഞ്ചിന് (252 Soundview Ave, White Plains, NY) നടക്കും. ഷിക്കാഗോ ആസ്‌ഥാനമായുള്ള ശ്രുതിലയ ഓർക്കസ്ട്ര ആണ് രണ്ടു മണിക്കൂർ നീളുന്ന ഭക്‌തിഗാന സന്ധ്യ നയിക്കുന്നത്.

ശ്രുതിലയ എന്ന നാമത്തിൽ അറിയപ്പെടുന്ന ജയരാജ് നാരായണൻ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിലായി അമ്പതിൽ പരം വേദികളിൽ പാടി കഴിഞ്ഞു. അമേരിക്കയിലെ മലയാളി, തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി സമുദായങ്ങളിൽ അതി പ്രശസ്തനാണ് ഈ ഗായകൻ,

പഞ്ചദ്രീസ്വരി മംഗളം, ഹരിവരാസനം, മംഗളം എന്നീ ചരിതങ്ങൾ ഈ ഗായകന്റെ നാദത്തിൽ അമേരിക്കയിൽ ഉടനീളം ഒട്ടനവധി പ്രശംസകൾ പിടിച്ചു പറ്റിയിട്ടുണ്ട് വേദങ്ങളെയും ഉപനിഷത്തുകളെയും ആസ്പദമാകി സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട് ഈ അനുഗൃഹീത കലാകാരൻ.

നൂറു ശതമാനം മാന്വൽ ഓർക്കസ്ട്രേഷനോടെ അരങ്ങേറുന്ന കലാസന്ധ്യയിൽ കാനഡയിൽ നിന്നുള്ള പ്രശസ്തരായ ആറ് കലാകാരന്മാരാണ് വാദ്യ മേളങ്ങൾക്ക് അകമ്പടി നൽകുന്നത്. വാദ്യമേള ഓർക്കസ്ട്ര നയിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ സഹോദരൻ സുനിൽ ബാബു മുതലകുളങ്ങര ആണ്.

വേൾഡ് അയ്യപ്പ സേവാ ടെമ്പിളിന്റെ ധനശേഖരണാർഥം അരങ്ങേറുന്ന ഭക്‌തി ഗാന സന്ധ്യയിൽ, മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ സംസ്കൃതം എന്നീ ഭാഷകളിലുള്ള സംഗീത അർച്ചന ആയിരിക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ