ട്രംപ് ജയിച്ചപ്പോൾ താരമായത് ബെന്നി
Thursday, November 10, 2016 8:53 AM IST
ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തിയിരിക്കുന്നു. ഹില്ലരി ക്ലിന്റൺ പ്രസിഡന്റാകുമെന്നു പലരും കരുതിയിരുന്നപ്പോഴാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ട്രംപ് പുതിയ പ്രസിഡന്റാവുന്നത്. എന്നാൽ, അമേരിക്കയുടെ പുതിയ സാരഥിയായി ട്രംപ് എത്തുമെന്നു പത്തു മാസങ്ങൾക്ക് മുൻപ് പ്രവചിച്ച ഒരാളുണ്ടായിരുന്നു. കോട്ടയം ആനത്താനം സ്വദേശിയായ ബെന്നി കൊട്ടാരത്തിൽ.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായി ബിസിനസുകാരൻ ഡാണൾഡ് ട്രംപ് വരുമെന്ന് ജനുവരിയിൽ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. അതിനുശേഷം ട്രംപ് പ്രസിഡന്റ് സ്‌ഥാനാർഥിയായി. ട്രംപ് തന്നെയാവും അടുത്ത അമേരിക്കൻ പ്രസിഡന്റ് എന്നു ബെന്നി പ്രവചിച്ചപ്പോൾ പലരും നെറ്റി ചുളിച്ചു. യാതൊരുവിധ സാധ്യതയും ഇല്ലാതിരുന്നിട്ടുകൂടി ബെന്നി അന്നു പറഞ്ഞത് ഇന്നു സത്യമായിരിക്കുന്നു. 83 ശതമാനം സാധ്യത ഹില്ലരി ക്ലിന്റണ് ഉണ്ടായിരുന്നപ്പോഴാണ് ബെന്നി ട്രംപിനെ പിന്തുണച്ചത്. അന്ന് ട്രംപിനുണ്ടായിരുന്ന വിജയസാധ്യത വെറും 17 ശതമാനം മാത്രമായിരുന്നു. ബെന്നിയുടെ ഈ പ്രവചനത്തിന് പത്തരമാറ്റ് തിളക്കം.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച കേരള ഇലക്ഷൻ പ്രവചന മത്സരത്തിൽ വിജയിച്ചയാളാണ് ബെന്നി. മുൻപ് നടത്തിയ പ്രവചനങ്ങൾക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് പ്രവചനവും സത്യമായതോടെ മലയാളികൾക്കിടയിലെ ഏറെ പോപ്പുലറായി ഇദ്ദേഹം മാറിക്കഴിഞ്ഞു. എൽഡിഎഫിന്റെയും (91) യുഡിഎഫിന്റെയും (47) ഭൂരിപക്ഷം കൃത്യമായി പറയുകയും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും പി.സി ജോർജ് ജയിക്കുമെന്നും ആഴ്ചകൾക്ക് മുന്നേ പറഞ്ഞാണ് ഫിലഡൽഫിയയിൽ നിന്നുള്ള ബെന്നി അമേരിക്കൻ മലയാളികളെ കേരളത്തിലെ രാഷ്ട്രീയമത്സരത്തിനിടയിൽ അമ്പരപ്പിച്ചത്. മത്സരത്തിൽ ഒട്ടേറെ പേർ പങ്കെടുത്തെങ്കിലും ബെന്നി പറഞ്ഞത് പ്രവചനമായിരുന്നു. ആ പ്രവചനം സത്യമാവുകയും ചെയ്തു. ഫൊക്കാനയുടെയും ഫോമയുടെയും ഇലക്ഷൻ റിസൽട്ടുകളും ബെന്നി കൃത്യമായി പ്രവചിച്ചിരുന്നു. മനസിൽ തോന്നുന്ന കാര്യങ്ങളാണ് ബെന്നി പറയുന്നത്. ഇത് ചെറുപ്പം മുതൽ പറഞ്ഞു. അതൊക്കെയും സത്യമായി മാറുകയും ചെയ്തു. ബെന്നിയെ അറിയാവുന്നവർക്ക് ഇതിൽ വാസ്തവമുണ്ടെന്ന് അറിയാം. അടുത്തറിയാവുന്നവർക്കറിയാം പ്രവചനങ്ങളുടെ കൃത്യതയും നിഷ്ഠയുമെല്ലാം.

തികഞ്ഞ ഈശ്വരവിശ്വാസിയാണ് ബെന്നി. താൻ വിശ്വസിക്കുന്ന ദൈവം, തന്നെ കൊണ്ട് പലതും മുൻകൂട്ടി പറയിപ്പിക്കുന്നതാണെന്നു കരുതുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനി സ്വന്തമായി നടത്തുകയാണ് ഇരുപത്തെട്ടുകാരനായ ബെന്നി. നഴ്സ് പ്രാക്ടീഷണർ ഷീലയാണ് ഭാര്യ. മകൻ: ജോഷ്വ.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ