ബാൾട്ടിമൂർ സെന്റ് അൽഫോൻസ ദേവാലയം ഹാലോവിൻ ദിനാഘോഷം നടത്തി
Friday, November 11, 2016 6:48 AM IST
ബാൾട്ടിമൂർ: ബാൾട്ടിമൂർ സെന്റ് അൽഫോൻസ ദേവാലയം ഹാലോവിൻ ദിനാഘോഷം നടത്തി. എൺപതിൽപരം കുട്ടികൾ സകല പുണ്യവാളന്മാരുടേയും മാലാഖമാരുടേയും വേഷത്തിൽ അണിഞ്ഞൊരുങ്ങി മാതാപിതാക്കളോടൊപ്പം ഒക്ടോബർ 31–ന് വൈകുന്നേരം ആറിന് പള്ളിയങ്കണത്തിൽ എത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് നടത്തിയ ജപമാലയിൽ അമ്പത്തിമൂന്ന് കൊന്തമണികളെ പ്രതിനിധീകരിച്ച് വിശ്വാസികൾ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഓരോ രഹസ്യങ്ങളും ചൊല്ലി ദേവാലയത്തിനുള്ളിൽ കുരിശിന്റെ വഴിയെ അനുസ്മരിക്കുംവിധം ഭക്‌തിനിർഭരമായി.

തുടർന്ന് ഓരോ വിശുദ്ധന്മാരേയും പ്രതിനിധീകരിച്ച് കുട്ടികൾ മാലാഖമാരുടെ അകമ്പടിയോടെ അൾത്താരയിലേക്ക് ആനയിക്കപ്പെട്ടു. അതുപോലെ പരിശുദ്ധ കന്യാമറിയം, ഔസേഫ് പിതാവ്, മാർത്തോമാൾീഹാ, വേളാങ്കണ്ണി മാതാവ് എന്നിവരെ പ്രതിനിധീകരിച്ച് മാതാപിതാക്കളും അവരോടൊപ്പം നീങ്ങി. അവസാനമായി വികാരി ഫാ. സെബി ചിറ്റിലപ്പള്ളി ഈശോയുടെ രൂപത്തിൽ എല്ലാവരേയും അതിശയപ്പെടുത്തി പ്രത്യക്ഷനായി. തുടർന്ന് വിശുദ്ധന്മാരും വിശുദ്ധകളും മാലാഖമാരും ഏഴു സംഘങ്ങളായി തിരിഞ്ഞ് പള്ളി മൈതാനത്ത് തയാറാക്കിയ ഏഴു ഭവനങ്ങളിലേക്ക് പോകുകയും അവുടെ ലീഡർ ഓരോ വിശുദ്ധന്മാരേയും പറ്റിയുള്ള കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.

സാധാരണയായി അമേരിക്കയിൽ ഹാലോവിൻ ആഘോഷം സന്ധ്യാ സമയത്ത് മൃഗങ്ങളുടേയും പിശാചുക്കളുടേയും വേഷങ്ങൾ ധരിച്ച് വീടുകൾ കയറിയുള്ള ആഘോഷങ്ങളായിരുന്നു. ഇതിനു വിരാമമിട്ടുകൊണ്ട് ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം നടന്ന ‘ഹോളിവിൻ ആഘോഷങ്ങൾ വികാരി ഫാ. സെബി, അൽഫോൻസ മഹിളാ സംഘം, ജീസസ് യൂത്ത്, സിസിഡി അധ്യാപകർ, പള്ളി ട്രസ്റ്റികൾ, പാരീഷ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ വളരെ വിജയകരമായി നടത്തി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം