ജോർജ് മറഗോസിന് മലയാളി സമൂഹത്തിന്റെ ഫണ്ട് ശേഖരണം
Friday, November 18, 2016 4:19 AM IST
ന്യൂയോർക്ക്: നാസോ കൗണ്ടി കംട്രോളർ ജോർജ് മറഗോസ് കൗണ്ടി എക്സിക്യൂട്ടീവ് സ്‌ഥാനത്തേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി കൗണ്ടിയിലെ മലയാളി സുഹൃത്തുക്കൾ ഫണ്ട് റെയ്സിംഗ് ഡിന്നർ നടത്തി. 2017 നവംബറിലാണ് തെരഞ്ഞെടുപ്പ്. ജെറീക്കോയിലുള്ള കോൺഡിലോൺ ഹോട്ടലിൽ നടത്തിയ ഡിന്നർ പരിപാടിക്ക് നാസോ കൗണ്ടി മൈനോറിറ്റി അഫയേഴ്സ് അഡ്വൈസറി കമ്മിറ്റി അംഗവും പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ജോസ് ജേക്കബ് തെക്കേടം നേതൃത്വം നൽകി. വിവിധ മലയാളി സംഘടനകളിലും ബിസിനസ് രംഗങ്ങളിലും പ്രവർത്തിക്കുന്ന ഏകദേശം അൻപതിൽപരം സുഹൃത്തുക്കൾ ജോർജ് മറഗോസിന് പിൻതുണ പ്രഖ്യാപിച്ച് ഇലക്ഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

നാസോ കൗണ്ടിയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ച് ശ്രദ്ധേയനായ കംട്രോളർ മറഗോസ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായിരുന്നെങ്കിലും പാർട്ടിയുടെ അഴിമതിയിൽ മനം മടുത്ത് ഏതാനും മാസം മുമ്പ് ഡമോക്രാറ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയായിരുന്നു. മലയാളി സമൂഹം സംഘടിപ്പിച്ച ഫണ്ട് റെയ്സിംഗ് ഡിന്നറിൽ സന്തുഷ്‌ടനായ മറഗോസ് മൈനോറിറ്റി കമ്യൂണിറ്റിയിൽപെട്ട ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളി സമൂഹവും എല്ലാ പദ്ധതികളും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ചു.
കൗണ്ടിയിലെ ജനസംഖ്യയിൽ മൈനോറിറ്റി സമൂഹം ഇപ്പോൾ 35 ശതമാനത്തിൽ അധികമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ സൗത്ത് ഏഷ്യൻ കമ്യൂണിറ്റിയുടെ വളർച്ച ഒരു ശതമാനത്തിൽ നിന്നും എട്ട് ശതമാനമായി. കൗണ്ടിയിലുള്ള വിവിധ കരാറടിസ്‌ഥാന ജോലികൾ യോഗ്യരായ ന്യൂനപക്ഷ ബിസിനസുകാർക്കും വനിതാ നിയന്ത്രിത ബിസിനസ് സംരംഭകർക്കും സബ്– കോൺട്രാക്ട് നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസോ കൗണ്ടി നിയമ സംഹിതയിലൂടെ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആൻഡ് വിമൻ–ഓൺഡ് ബിസിനസ് എംപവർമെന്റ് (‘MWBE’) പ്രോഗ്രാം. കൗണ്ടി കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൗണ്ടിയിലുള്ള എല്ലാ കരാർ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാർ ജോലികളുടെ എല്ലാ ബില്ലുകളും ഓഡിറ്റ് ചെയ്ത് പണം നൽകുന്നതും കംട്രോളറുടെ ഓഫീസ് വഴിയാണ്.

കംട്രോളർ ജോർജ് മറഗോസ് പ്രത്യേക താത്പര്യമെടുത്ത് രൂപീകരിച്ച ഉപദേശക സമിതിയിൽ മലയാളികളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനാണ് ജോസ് ജേക്കബിനെ കമ്മിറ്റി അംഗമായി നിയമിച്ചത്.

ജനങ്ങളുടെ ആരോഗ്യ മേഖല മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ–ഗതാഗത–തൊഴിൽ മേഖലകളിൽ പുരോഗമനം വരുത്തിയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയും കൂടുതൽ അന്തേവാസികളെ നാസോ കൗണ്ടിയിലേക്ക് ആകർഷിക്കണമെന്നാണ് ആഗ്രഹം. കൗണ്ടി എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ സമയ ബന്ധിതമായി ഇവയെല്ലാം നടപ്പിലാക്കുവാൻ താൻ പ്രതിജ്‌ഞാബദ്ധനാണെന്ന് മറഗോസ് പ്രസ്താവിച്ചു. അതിന് എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അദ്ദേഹം അഭ്യർഥിച്ചു. ബെന്നി ജോസഫ്, ഡോ. തോമസ് മാത്യു, കോശി ഉമ്മൻ, ജോസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.