വിസ്കോൺസിൻ സംസ്‌ഥാനത്ത് വീണ്ടും വോട്ടെണ്ണൽ
Saturday, November 26, 2016 10:27 AM IST
വിസ്കോൺസിൻ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഗ്രീൻ പാർട്ടി സ്‌ഥാനാർഥിയുടെ അപേക്ഷ പരിഗണിച്ച് സംസ്‌ഥാനത്ത് വീണ്ടും വോട്ട് എണ്ണുന്നതിന് ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടു.

ഡൊണാൾഡ് ട്രംപ് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച സംസ്‌ഥാനമാണ് വിസ്കോൺസിൻ. ഡിസംബർ 13ന് മുമ്പ് വോട്ടെണ്ണൽ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിസ്കോൺസിൽ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഇതിനിടെ ഹില്ലരിയുടെ ജനകീയ വോട്ടുകൾ രണ്ട് മില്യണോളം വർധിച്ചതായി റിപ്പോർട്ടുകളുണ്ട്.

പെൻസിൽവാനിയ, മിഷിഗൺ തുടങ്ങിയ സംസ്‌ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണുന്നതിന് ഹില്ലരിയുടെ അനുയായികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. റീകൗണ്ടിംഗ് ഫീസിനുവേണ്ടി 5.2 മില്യൺ ഡോളറാണ് ഹില്ലരിയുടെ അനുയായികൾ സമാഹരിച്ചിട്ടുള്ളത്. വിസ്കോൺസനിൽ ട്രംപിന് 1404000 വോട്ടുകളും ഹില്ലരിക്ക് 1381823 ഉം ഗ്രീൻപാർട്ടിക്ക് 31,006ഉം റീഫോം പാർട്ടിക്ക് 1514 വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. ട്രംപിന് ലഭിച്ച 22,000 വോട്ടുകളുടെ ഭൂരിപക്ഷം റീകൗണ്ടിംഗിൽ മാറിവരുമെന്നാണ് പ്രതീഷിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ