വിശുദ്ധ ചാവറയച്ചന്‍റെ തിരുനാൾ ആഘോഷിച്ചു
Monday, November 20, 2017 10:25 AM IST
ബ്രൂക് ലിൻ: കാർമലൈറ്റ് മേരി ഓഫ് ഇമ്മാക്കുലേറ്റ് (സിഎംഐ) സ്ഥാപകൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ തിരുനാൾ നോർത്ത് അമേരിക്കയിലെ സിഎംഐ ആസ്ഥാനമായ ബ്രൂക് ലിനിൽ ഭക്തിനിർഭര ചടങ്ങുകളോടെ ആഘോഷിച്ചു.

ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മൂന്നാം വാർഷികത്തിൽ നവംബർ 19 ന് മൻഹാട്ടൻ അവന്യുവിലുള്ള സെന്‍റ് ആന്‍റണീസ് സെന്‍റ് അൽഫോൻസാസ് ചർച്ചിൽ നടന്ന ദിവ്യബലിക്ക് റവ. ഡോ. ജോസഫ് പാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. ന്യൂയോർക്ക്, ന്യൂജേഴ്സി ദേവാലയങ്ങളിൽ നിന്നെത്തിയ വൈദികർ സഹകാർമികരായി.

1831 ൽ കേരളത്തിൽ ചാവറയച്ചന്‍റെ നേതൃത്വത്തിൽ ആരംഭിച്ച സിഎംഐയുടെ പ്രവർത്തനം വളർന്ന് പന്തലിച്ചു ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുകയാണെന്ന് റവ. ഡോ. ജോസഫ് പാലക്കൻ പറഞ്ഞു. ചാവറയച്ചന്‍റെ ജീവിത മാതൃക പിന്തുടരാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു.

റവ. ഡേവി കാവുങ്കൽ (വികാരി), ഫാ. ആന്‍റണി വടക്കേക്കര എന്നിവർ പ്രസംഗിച്ചു. സെന്‍റ് ആന്‍റണീസ് ഇടവകാംഗങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. നിരവധി കന്യാസ്ത്രീകളും സഭാ വിശ്വാസികളും തിരുനാളാഘോഷങ്ങളിൽ പങ്കെടുത്തു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ