ആക്രമത്തിൽ വംശീയതയില്ല, വർഗീയതയും; അക്രമിക്കു വേണ്ടി പ്രാർഥിക്കുന്നു: ഫാ.ടോമി പ്രതികരിക്കുന്നു
Tuesday, March 21, 2017 7:13 AM IST
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്ക് ഒരുങ്ങുന്നതിനിടെ ഒരാൾ തന്നെ ആക്രമിച്ച സംഭവത്തിൽ വംശീയതയോ വർഗീയതയോ ഇല്ലെന്ന് മലയാളി വൈദികൻ ഫാ.ടോമി കളത്തൂർ. മെൽബണിൽ നിന്നും ദീപികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരേയുണ്ടായത് വംശീയ ആക്രമണമല്ല. മാനസിക ദൗർബല്യമുള്ളയാളാണ് ആക്രണത്തിന് തുനിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്ത അക്രമിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. എന്തായാലും അയാളുടെ ആരോഗ്യത്തിനായി നമുക്ക് പ്രാർഥിക്കാം. തന്‍റെ തോളിനേറ്റ പരിക്ക് ഗുരുതര സ്വാഭാവത്തിലുള്ളതല്ല. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മെൽബണിലെ ബന്ധുവിന്‍റെ വീട്ടിൽ വിശ്രമത്തിലാണെന്നും അടുത്തയാഴ്ചയോടെ പള്ളിയിൽ തിരിച്ചെത്തി പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഫാ.ടോമി അറിയിച്ചു.

സംഭവം അറിഞ്ഞതു മുതൽ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ വിവരങ്ങൾ അന്വേഷിക്കുകയും ഉദ്യോഗസ്ഥർ നേരിട്ടെത്തി എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യൻ കോണ്‍സുലേറ്റിന് താൻ നന്ദി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടവകാംഗങ്ങൾ എല്ലാം ദുഖിതരാണ്. ഒരുപാട് പേർ തന്‍റെ ആരോഗ്യസ്ഥിതി അറിയാൻ ബന്ധപ്പെടുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്നും തന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ഫാ.ടോമി പറഞ്ഞു.

താമരശേരി രൂപതയിലെ വൈദികനാണ് ഫാ.ടോമി. മെൽബണിലെ ഫാക്നർ നോർത്തിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മാത്യൂ പള്ളിയിലെ വികാരിയായി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം. ആനക്കാംപൊയിൽ കരിന്പ് സ്വദേശിയാണ് ഫാ. ടോമി. 1994-ൽ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തും പൊയിൽ, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളിൽ വികാരിയായും താമരശേരി അൽഫോൻസ സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി മെൽബണ്‍ അതിരൂപതയ്ക്കായി ശുശ്രൂഷ ചെയ്യുകയാണ്.