മെൽബണ്‍: വാഗവാഗയിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഘടനയായ വാഗ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു. ആർഎസ്എൽ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വാഗ മേയർ ഗ്രെഗ് കോംഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്താണ് സംഘടന പ്രവർത്തിക്കുന്നത്.
ഡോ. രഞ്ജൻ ഗുപ്ത (പ്രസിഡന്റ്), ജോണ്സണ് മാമലശേരി(വൈസ് പ്രസിഡന്റ്), അമിത് ഗുപ്ത(ജനറൽ സെക്രട്ടറി), സഞ്ജയ് പാട്ടീൽ(ജോയിന്റ് സെക്രട്ടറി), ദീപക് മഞ്ചന്ദ (ട്രഷറർ), ഹിമാൻഷു റാവൽ (അസി. ട്രഷറർ), അമൻ പസ്രിച്ച, ഡോ. നീൽ പിന്റ്റോ, ഡോ. അലോക് ശർമ, മനോജ് ദിണ്ടിഗല, ജോയ്കുട്ടി മാത്യു, ദിൽനൂർ കാന്ഗ്, അനാമിക ഗുപ്ത (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
പ്രസിഡന്റ് രഞ്ജൻ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ ബി. വൻലാൽവാവൻ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയർക്കുവേണ്ടി ഭാരത സർക്കാർ നടപ്പാക്കുന്ന പരിപാടികൾ അദ്ദേഹം വിശദീകരിച്ചു. വിദേശ രാജ്യത്ത് ജീവിക്കുന്പോഴും മാതൃരാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യൻ അസോസിയേഷനുകൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡാരിൽ മഗ്യുർ എംപി, മേയർ ഗ്രെഗ് കോംഗി, ഡോ. നീൽ പിന്റ്റോ, ഡോ. അലോക് ശർമ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ബോബി പോൾ