ഇന്ത്യൻ വംശജരായ 56 കുട്ടികൾ ഓറിഗൻ ഫെഡറൽ ജയിലിൽ
Wednesday, June 20, 2018 10:45 PM IST
ഒാറിഗൻ ∙ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ബോർഡർ പോളിസി കർശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി കുടിയേറിയ മാതാപിതാക്കളിൽ നിന്നും കുട്ടികളെ വേർപ്പെടുത്തി ഡിറ്റൻഷൻ സെന്‍ററുകളിലും ഫെഡറൽ ജയിലുകളിലും പാർപ്പിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചു രാജ്യത്താകമാനം പ്രകടനങ്ങളും ഗവൺമെന്‍റിനെതിരായ വിമർശനങ്ങളും ഉയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒാറിഗനിൽ മാത്രം 123 കുട്ടികളെ മാറ്റി പാർപ്പിച്ചതിൽ 56 പേർ ഇന്ത്യൻ വംശജരാണ്. ഇവരിൽ പ്രധാനമായും സിക്ക്, ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണെന്ന് ഒാറിഗേനിയൻ പത്രം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മതപീഡനങ്ങളെ തുടർന്ന് രാഷ്ട്രീയാഭയം തേടിയവരുടെ കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. മെക്സിക്കോ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

പ്യു റിസെർച്ച് സെന്റർ പ്രസിദ്ധീകരിച്ച 2014 ലെ കണക്കനുസരിച്ച് രാജ്യത്തെ നിയമ വിരുദ്ധ കുടിയേറ്റക്കാരിൽ ഇന്ത്യൻ വംശജരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നതായി ചൂണ്ടികാണിക്കുന്നു. അര മില്യൺ ഇന്ത്യക്കാരാണ് ഇവിടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 460 ഇന്ത്യക്കാരേയും ഈ വർഷം ഇതുവരെ 33 പേരേയും ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

റിപ്പോർട്ട് : പി. പി. ചെറിയാൻ