ക്രിസ്തീയ ആഘോഷങ്ങളില്‍ തുറക്കുന്ന മദ്യശാലകള്‍ ദൈവകൃപ തകര്‍ക്കുന്നു: റവ. വിജു വര്‍ഗീസ്
Sunday, July 22, 2018 1:00 PM IST
ഡാളസ്: ആധുനികതയുടേയും, ഫാഷന്റേയും മറവില്‍ ക്രിസ്തീയ കൂദാശകളിലും, ആഘോഷങ്ങളിലും ചെറിയ മദ്യശാലകള്‍ തുറക്കുന്നത് തലമുറകളായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന, അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈവകൃപകളെ തകര്‍ത്തുകളയുന്നതാണെന്നു നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന മീഡിയ കമ്മിറ്റി കണ്‍വീനറും, ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും, സുവിശേഷ പ്രാസംഗീകനുമായ റവ വിജു വര്‍ഗീസ് ഓര്‍മിപ്പിച്ചു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുപ്പതാമത് ഇടവക വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കണ്‍വന്‍ഷന്റെ സമാപന ദിനമായ ജൂലൈ 21-നു ശനിയാഴ്ച വൈകിട്ട് 'റിട്ടേണ്‍ ടു ദി ഗ്രേസ് ഓഫ് ഗോഡ്' (ഞലൗേൃി ീേ വേല ഏൃമരല ീള ഏീറ) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു വിജു അച്ചന്‍. ഏകന്റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വന്നു എങ്കില്‍ 'കൃപയുടേയും നീതീകരണത്തിന്റേയും സമൃദ്ധി ലഭിക്കാത്തവര്‍ യേശുക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും' റോമര്‍ 5-ന്റെ പതിനേഴാം വാക്യം അധികരിച്ച് അച്ചന്‍ നടത്തിയ പ്രസംഗം ഹൃദയസ്പര്‍ശിയാണ്.

സെന്റ് പോള്‍സ് ഇടവക വികാരി റവ. മാത്യു ജോര്‍ജ് (മനോജച്ചന്‍) സ്വാഗത പ്രസംഗം നടത്തി. സാം കുഞ്ഞ് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ലാലി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തോമസ് ജോര്‍ജ്, രാജു ചാക്കോ, ഈശോ ചാക്കോ തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാജന്‍ മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍