പ്രവീൺ വർഗീസ് വധ കേസ്; പ്രതിക്കുവേണ്ടി പുതിയ അറ്റോർണി രംഗത്ത്
Monday, August 13, 2018 9:01 PM IST
ഷിക്കാഗോ∙ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയും മലയാളിയുമായ പ്രവീൺ വർഗീസ് വധകേസിന്‍റെ വിധി 15 നു പറയാനിരിക്കെ, പ്രതി ഗേജ് ബത്തൂൺ പുതിയ അറ്റോർണിയെ കേസ് ഏൽപിച്ചു. ഇതുവരേയും ഹാജരായ അറ്റോർണിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എഴുതി നൽകിയ അപേക്ഷയിൽ ഇയാൾ പറയുന്നു.

രണ്ടാം തവണയാണ് പ്രതി ഈ ആവശ്യം ഉന്നയിക്കുന്നത്. ഓഗസ്റ്റ് 9 നു ജഡ്ജി പ്രതിയുടെ അപേക്ഷ അംഗീകരിച്ചു. ഇതിനെ തുടർന്നു പുതിയ രണ്ടു അറ്റോർണിമാരാണ് ബത്തൂണിന്‍റെ കേസ് തുടർന്ന് വാദിക്കുന്നതിന് തയാറെടുക്കുന്നത്. ഓഗസ്റ്റ് 13 നു സ്റ്റാറ്റസ് ഹിയറിങ്ങിന് കേസ് കോടതിയിൽ വരും.

ജൂൺ 14 നായിരുന്നു പ്രവീൺ വർഗീസിന്‍റെ വധത്തിൽ ഗേജ് ബത്തൂൺ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചത്. പുതിയ സാഹചര്യത്തിൽ കേസിന്‍റെ വിധി ഓഗസ്റ്റ് 15 നു മുൻ തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയുകയില്ല. നാലുവർഷം പ്രവീണിന്‍റെ മാതാവ് നടത്തിയ നിരന്തര പരിശ്രമത്തെ തുടർന്നാണു കേസിൽ ഗേജ് ബത്തൂണിന്‍റെ പങ്ക് വ്യക്തമാക്കപ്പെട്ടത്.

20 മുതൽ 60 വർഷം വരെയാണ് പ്രതിക്ക് കേസിൽ ശിക്ഷ ലഭിക്കുകയെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ഡേവിഡ് റോബ്സൺ പറയുന്നു.

റിപ്പോർട്ട് : പി.പി. ചെറിയാൻ