ഡെമോക്രാറ്റിക് പ്രൈമറിയിൽ ട്രാൻസ്ജൻഡർ സ്ഥാനാർഥിക്ക് വിജയം
Thursday, August 16, 2018 8:58 PM IST
വെര്‍മോണ്ട്: വെര്‍മോണ്ട് ഗവർണർ സ്ഥാനത്തേക്കു ഓഗസ്റ്റ് 14 നു നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ട്രാൻസ്ജൻഡർ സ്ഥാനാർഥിക്കു ചരിത്ര വിജയം. പ്രധാന എതിരാളി ജയിംസ് ഇലേഴ്സനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ട്രാൻസ്ജൻഡർ സ്ഥാനാർഥി ക്രിസ്റ്റീൻ ഹാൾക്വസ്റ്റ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം നേടിയത്.

അമേരിക്കയുടെ ചരിത്രത്തിൽ പ്രധാന പാർട്ടികളുടെ സ്ഥാനാർഥിയായി ഗവർണർ സ്ഥാനത്തേക്ക് ആദ്യമായി മത്സരിക്കുന്ന വ്യക്തിയാണ് ക്രിസ്റ്റീൻ ഹാൾക്വസ്റ്റ്.ഡമോക്രാറ്റിൽ പ്രൈമറിയിൽ 48.3% (27619) വോട്ടുകൾ ക്രിസ്റ്റീൻ നേടിയപ്പോൾ എതിരാളികൾ 22.1% (12608) വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള ഗവർണർ ഫിൽസ്കോട്ട് അനായാസ വിജയം കരസ്ഥമാക്കി. പോൾ ചെയ്ത വോട്ടുകളിൽ സ്കോട്ട് 24220 (67.5%) വോട്ടുകൾ നേടിയപ്പോൾ പ്രധാന എതിരാളി കീത്തിന് 11649 (32.5%) വോട്ടുകൾ ലഭിച്ചു.

പ്രൈമറിയിൽ ട്രാൻസ്ജൻഡർ സ്ഥാനാർഥി എന്ന നിലയിലല്ല വിജയിച്ചതെന്നും വോട്ടർമാർക്ക് നൽകിയ വാഗ്ദാനമാണ് എന്നെ വിജയത്തിലേക്ക് എത്തിച്ചതെന്നും ക്രിസ്റ്റീൻ പറഞ്ഞു. നവംബറിൽ നടക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് മെനയുന്നതെന്നും ക്രിസ്റ്റീൻ പറഞ്ഞു.

റിപ്പോർട്ട് : പി.പി. ചെറിയാൻ