ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: കോപ്പേൽ സെന്‍റ് അൽഫോൻസ ചാമ്പ്യന്മാർ
Thursday, August 16, 2018 11:00 PM IST
ടെക്സസ് : ഡാളസിൽ നടന്ന ഇന്‍റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് (കജടഎ 2018) ,സ്പോൺസേർഡ് ബൈ ഡാളസ് മച്ചാൻസ് ബിസിനസ് ഗ്രൂപ്പ് കായികമേളയിൽ ഡിവിഷൻ എയിൽ 170 പോയിന്‍റ് നേടി കൊപ്പേൽ സെന്‍റ് അൽഫോൻസാ മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാ 115 പോയിന്‍റ് നേടി രണ്ടാമതെത്തി.

ഡിവിഷൻ ബി യിൽ, സാൻ അന്‍റാണിയോ സെന്‍റ് തോമസ് പാരീഷ് (37 .5) പോയിന്‍റും ഓസ്റ്റിൻ സെന്‍റ് അൽഫോൻസാ (30 ) പോയിന്‍റും നേടി ആദ്യ രണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കി.

കോപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10 ,11 ,12 തീയതികളിലായിരുന്നു ടെക്സസ് ഒക് ലഹോമ റീജണിലെ എട്ടു സീറോ മലബാർ ഇടവകകൾ സംഗമിച്ച വൻ കായികമേള നടന്നത്.

വെള്ളി വൈകുന്നേരം കൊപ്പേൽ സെന്റ് അൽഫോൻസാ ഹാളിൽ നടന്ന ചടങ്ങിൽ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഐപിഎസ്എഫ് 2018 ന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഫ്രിസ്കോയിലുള്ള ഫീൽഡ് ഹൗസ് യുഎസ്എ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് , കൊപ്പേൽ സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയം എന്നിവടങ്ങളിലെ 14 വേദികളിലായി 500 ൽ പരം മത്സരങ്ങൾ മൂന്നു ദിവസം കൊണ്ട് പൂർത്തീകരിച്ചപ്പോൾ രൂപതയിലെ തന്നെ ഏറ്റവും വലിയ കായിക വേദിക്കാണ് സാക്ഷ്യം വഹിച്ചത്.

സോക്കർ മുതൽ ബാസ്കറ്റ് ബോൾ, വോളിബോൾ , ത്രോബോൾ , ബാഡ്മിന്‍റൺ , ടേബിൾ ടെന്നീസ് , കാർഡ്സ് , ചെസ്, കാരംസ് , പഞ്ചഗുസ്തി, വടംവലി , ക്രിക്കറ്റ് വരെയുള്ള കായിക ഇനങ്ങളിൾ രണ്ടായിത്തില്പരം മത്സരാർഥികൾ സീനിയേഴ്സ് , അഡൾറ്റ് , യൂത്ത് , ഹൈസ്കൂൾ, മിഡിൽ സ്കൂൾ , ഇലമെന്‍ററി എന്നീ വിഭാഗങ്ങളിലായി മത്സരിച്ചു.

ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് വൻ വിജയമാക്കിയ കൊപ്പേൽ സെന്‍റ് അൽഫോൻസായെ പിതാവ് പ്രത്യകം അഭിനന്ദിച്ചു. റീജണിലെ യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തെ മാർ ജോയ് ആലപ്പാട്ട് പ്രത്യകം പ്രകീർത്തിച്ചു. യുവജനങ്ങളുടെ വൻപ്രാതിനിധ്യം ഇത്തവണത്തെ ഫെസ്റ്റിനെ ശ്രദ്ദേയമാക്കി.

കൊപ്പേൽ സെന്‍റ് അൽഫോൻസാ വികാരി ഫാ. ജോൺസ്റ്റി തച്ചാറ(ഫെസ്റ്റ് ചെയർമാൻ), ഫാ. അലക്സ് വിരുതുകുളങ്ങര, ഫാ. ജോഷി എളമ്പാശേരിൽ , ഫാ. വിൽസൺ ആന്‍റണി , ഫാ. രാജീവ് വലിയവീട്ടിൽ, ഫാ. സിബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

ഫെസ്റ്റ് വൻ വിജയമാക്കിയ ഇവന്‍റ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ ശങ്കൂരിക്കൽ, ഇടവക സ്പോർട്സ് കോഓർഡിനേറ്റർമാരായ സിബി സെബാസ്റ്റ്യൻ കെന്‍റ് ചേന്നാട് , വിവിധ സബ് കമ്മിറ്റികളിലായി സേവനമനുഷ്ഠിച്ച നൂറോളം സബ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ സേവനത്തെയും ഫാ ജോൺസ്റ്റി തച്ചാറ പ്രശംസിച്ചു. പോൾ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ് (പ്രോഗ്രാം മാനേജർ) സെക്രട്ടറി ജെജു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ ധനശേഖരണാർഥം റാഫിളിന്‍റെ ഡ്രോയിങ്ങും ചടങ്ങിൽ നടന്നു. റോസ് ജ്വലേഴ്സ് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം ജിൽസൺ മാത്യു നേടി.

ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാ 2021 സ്പോർട്സ് ഫെസ്റ്റിനു ആഥിത്യമരുളും. കൊപ്പേൽ സെന്‍റ് അൽഫോൻസാ വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കോ ഓർഡിനേറ്റർ പോൾ സെബാസ്റ്റ്യൻ , സിബി സെബാസ്റ്റ്യൻ , കെന്‍റ് ചേന്നാട് എന്നിവരിൽ നിന്നും ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാക്കു വേണ്ടി ഫാ രാജീവ് വലിയവീട്ടിൽ കജടഎ ദീപശിഖ ഏറ്റു വാങ്ങി.

ഡാളസ് മച്ചാൻസ് ബിസിനസ് ഗ്രൂപ്പ് പരിപാടിയുടെ മെഗാ സ്പോൺസറും സിഗ്മാ ടൂർസ് ആൻഡ് ട്രാവൽസ് ഇവന്‍റ് സ്പോൺസറും ജോയ് ആലുക്കാസ് ഗ്രാൻഡ് സ്പോൺസറും ആയിരുന്നു .

റിപ്പോർട്ട് : മാർട്ടിൻ വിലങ്ങോലിൽ