ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ
Friday, August 17, 2018 9:35 PM IST
ന്യൂയോർക്ക്: ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ നൽകുവാൻ തീരുമാനിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

അമേരിക്കയിലെ പ്രധാന മെഡിക്കൽ സ്കൂളുകളിൽ ആദ്യമായാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നത്.വിദ്യാർഥികളുടെ ലോൺ എന്ന വലിയ കടമ്പ കടക്കുന്നതിനും ധാർമിക നിലവാരം ഉയർത്തുന്നതിനും പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് അസോസിയേറ്റ് ഡീൻ ഡോ. റാഫേൽ റിവറ അഭിപ്രായപ്പെട്ടത്.

ഒരു മെഡിക്കൽ വിദ്യാർഥി പഠനം പൂർത്തിയാക്കുമ്പോൾ ശരാശരി 202,000 ഡോളർ കടബാധ്യതയാണ് എറ്റെടുക്കേണ്ടത്. ഇതിന്‍റെ സമ്മർദം മൂലം സമൂഹത്തിൽ അവർ ആഗ്രഹിക്കുന്ന ശുശ്രൂഷ നൽകുവാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല. ഇതൊഴിവാക്കുക എന്നതാണ് ഈ തീരുമാനം വഴി ലക്ഷ്യമാക്കുന്നതെന്ന് എൻവൈയു മെഡിസിൻ സ്കൂൾ ഡീനും സിഇഒയുമായ ഡോ. റോബർട്ട് ഗ്രോസ്മാൻ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ നടന്ന വൈറ്റ് കോട്ട് സെറിമണിക്കിടയിൽ നടത്തിയ പ്രഖ്യാപനം വിദ്യാഥികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.അമേരിക്കയിലെ ആദ്യ പത്തു റാങ്കിനകത്തുള്ള പ്രമുഖ മെഡിക്കൽ സ്കൂളാണ് ന്യുയോർക്ക് യൂണിവേഴ്സിറ്റി. പുതിയ തീരുമാനം അറിയിച്ചുകൊണ്ടു വിദ്യാർഥികൾക്ക് ഈമെയിൽ സന്ദേശവും ലഭിച്ചു തുടങ്ങി.

റിപ്പോർട്ട്: പി.പി. ചെറിയാൻ