മലയാളം സൊസൈറ്റി ഹൂസ്റ്റൺ "ഇന്ത്യൻ സ്വാതന്ത്ര്യദിന ചിന്തകൾ' ചർച്ച സംഘടിപ്പിച്ചു
Friday, August 17, 2018 10:09 PM IST
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഓഗസ്റ്റ് മാസ സമ്മേളനം 12-ന് കേരളാ ഹൗസിൽ സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് "ഇന്ത്യൻ സ്വാതന്ത്ര്യദിന ചിന്തകൾ’ എന്ന വിഷയം ആസ്പദമാക്കി സാഹിത്യകാരനും പത്രപ്രവർത്തകനുമായ എ.സി. ജോർജ് പ്രഭാഷണം നടത്തി.

അഡ്വ. ഡോ. മാത്യു വൈരമണ്‍ മോഡറേറ്റർ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെങ്കിലും പല കാരണങ്ങൾകൊണ്ടും പലർക്കും ഇന്ത്യ സ്വതന്ത്രമല്ല എന്ന്, നാട്ടിൽ നടമാടുന്ന അഴിമതികളും അസഹിഷ്ണതയുമെല്ലാം ചൂണ്ടിക്കാട്ടി അദ്ദേഹം സമർഥിച്ചു.

തുടർന്നു നടന്ന പൊതുചർച്ചയിൽ ഇന്ത്യയിൽ യഥാർഥ സ്വാതന്ത്ര്യം ഒരു വിദൂര സ്വപ്നമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നെഹറു വിഭാവനം ചെയ്ത വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കിയാൽ അത് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽനിന്ന് മേചനം നേടാൻ സഹായിക്കുമെന്ന അഭിപ്രായവും സദസിൽ ഉയർന്നു കേട്ടു.

തുടർന്ന് ജോസഫ് തച്ചാറയുടെ "നീർ' എന്ന ചെറുകഥ അദ്ദേഹം അവതരിപ്പിച്ചു. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആദർശങ്ങൾക്കുവേണ്ടി നിലകൊള്ളുന്പോൾ, വെട്ടും കുത്തുമേറ്റ് നടുറോഡിൽ വീണുകിടക്കുന്ന ഉറ്റ സുഹൃത്തിനുവേണ്ടി ഒന്നു ചെയ്യാൻ കഴിയാതെപോകുന്ന ഒരു മനുഷ്യന്‍റെ കഥയാണ് തച്ചാറ നീർ എന്ന കഥയിലൂടെ അവതരിപ്പിച്ചത്. ജീവിതത്തിലെ ചില സാഹചര്യത്തിൽ മഹാഭാരത യുദ്ധത്തിലെ അർജ്ജുനനെപ്പോലെ ഇതികർതവ്യാമൂഡനായി പകച്ചു നിൽക്കേണ്ട അവസരം ഉണ്ടാകാമെന്ന് തച്ചാറ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കഥയുടെ സാങ്കേതിക വശങ്ങളും സന്ദേശവുമെല്ലാം ചർച്ചചെയ്യപ്പെട്ടു. മലയാളം സൊസൈറ്റി ഹൂസ്റ്റൺ ഇന്ത്യൻ സ്വാതന്ത്ര്യദിന ചിന്തകൾ മോഡറേറ്ററായിരുന്നു.

പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ദേവരാജ് കാരാവള്ളിൽ, ഷാജി പാംസ്, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. ശാമുവൽ, തോമസ് തൈയിൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജി. പുത്തൻകുരിശിന്‍റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 , www.mannickarottu.net,
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.