ഫീനിക്സിൽ യുവജനവർഷം 2017 ഉദ്ഘാടനം ചെയ്തു
ഫീനിക്സ്: ഷിക്കാഗോ സീറോ മലബാർ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവർഷം 2017–ന്റെ ഫീനിക്സ് ഹോളിഫാമിലി ഇടവകതല ഉദ്ഘാടനം വികാരി ഫാ ജോർജ് എട്ടുപറയിൽ നിർവഹിച്ചു. കാര്യനിർവ്വഹണ ശേഷിയും ഊർജസ്വലതയുമുള്ള യുവത്വമാണ് ഏതൊരു സമൂഹത്തേയും ലക്ഷ്യസ്‌ഥാനത്ത് എത്തിക്കുന്നതെന്ന് ഫാ. ജോർജ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

വിശ്വാസത്തിൽ ഉറച്ചുനിന്ന് സഭയുടെ മൂല്യങ്ങൾ സമൂഹത്തിൽ ജീവിക്കുന്നതിന് യുവതലമുറയെ പ്രേരിപ്പിക്കുകയെന്നതാണ് ഷിക്കാഗോ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവർഷത്തിന്റെ പ്രത്യേക ലക്ഷ്യം. ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ സംസ്കാരവും ബോധ്യങ്ങളും സ്വന്തം ജീവിതത്തിലൂടെ ജീവിക്കുന്ന സമൂഹത്തിൽ പ്രതിഫലിപ്പിക്കുന്നതിനു യുവതലമുറ തയാറായാൽ കത്തോലിക്കാ വിശ്വാസത്തിന് പ്രായോഗിക വിജയം നേടാൻ കഴിയുമെന്നു ഫാ. ജോർജ് കൂട്ടിച്ചേർത്തു.

ബൗദ്ധിക രംഗത്തും സാമൂഹ്യ മേഖലയിലും യുവ മുന്നേറ്റത്തിനു സഹായകമാകുന്ന വിവിധ പദ്ധതികൾ ഇടവകയിൽ നിന്നും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടവകയിലെ യുവ സമൂഹത്തിന്റെ കായിക പരിശീലനം ലക്ഷ്യമാക്കി നിർമ്മിച്ച പുതിയ ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം അഭിവന്ദ്യ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. യൂത്ത് കോർഡിനേറ്റർമാരായ ആന്റോ യോഹന്നാൻ, ജൂഡി റോയി എന്നിവർ പരിപാടികളുടെ മുഖ്യ സംഘാടകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം