ഫൊക്കാന കേരള കണ്‍വൻഷൻ മേയ് 27ന്; ആലപ്പുഴ ലേക്ക് പാലസ് വേദിയാകും
Thursday, January 19, 2017 10:01 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വൻഷൻ മേയ് 27ന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗൽഭർ പങ്കെടുക്കുന്ന ഫൊക്കാന കേരള കണ്‍വൻഷന് തോമസ് ചാണ്ടി എംഎൽയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിക്കു ഉടൻ രൂപം നൽകും. മാധ്യമ, ചലച്ചിത്ര പുരസ്കാരം തുടങ്ങി നിരവധി പരിപാടികൾ കണ്‍വൻഷന്‍റെ ഭാഗമായിരിക്കും. ബിസിനസ് സെമിനാർ, മാധ്യമസെമിനാർ, ചാരിറ്റി പ്രോഗ്രാം, കലാപരിപാടികൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന വിവിധ സെഷനുകളിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. നോർത്ത് അമേരിക്കയിൽ നിന്നും 250ൽ പരം ഡെലിഗേറ്റ്സുകൾ കണ്‍വൻഷനിൽ പങ്കെടുക്കും.

അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഗവണ്‍മെന്‍റ് തലത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം പ്രവാസികൾക്ക് സാമൂഹികനീതി കേരളത്തിൽ നേടിയെടുക്കുക എന്നതുകൂടിയാണ് കണ്‍വൻഷന്‍റെ ലക്ഷ്യം. മാത്രവുമല്ല ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും മറ്റു മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്. ജീവകാരുണ്യം, ഭാഷയ്ക്കൊരു ഡോളർ, മറ്റു പദ്ധതികൾ, വ്യക്തിഗത പദ്ധതികൾ ഇവയെല്ലാം കണ്‍വൻഷനിൽ നടപ്പിലാക്കും. രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘടനവും കണ്‍വൻഷനോടനുബന്ധിച്ചു നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരള കണ്‍വൻഷൻ ഒരു ചരിത്ര സംഭവമാക്കുകയാണ് ലക്ഷ്യം.

കണ്‍വൻഷന്‍റെ വിജയത്തിനായി പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ട്രഷറർ ഷാജി വർഗീസ്, അസോ. സെക്രട്ടറി ഡോ. മാത്യു വർഗീസ്, അഡീഷണൽ അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്, അസോ. ട്രഷറർ ഏബ്രഹാം കളത്തിൽ, അഡീഷണൽ അസോ. ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് അംഗം ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറു കപള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ചെയർപേഴ്സണ്‍ ലീലാ മാരേട്ട്, മാമൻ സി. ജേക്കബ്, ടി.എസ്. ചാക്കോ, നാഷണൽ കോഓർഡിനേറ്റർ സുധ കർത്താ, പിആർഒ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.