ഗീതാമണ്ഡലം മകരവിളക്ക് മഹോത്സവം ആഘോഷിച്ചു
Sunday, January 22, 2017 1:51 AM IST
ഷിക്കാഗോ. ഭൗതിക സുഖങ്ങള്ക്കു പിന്നാലെ ഓടുന്ന ജീവിതങ്ങൾക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകർന്നു നൽകിയ അറുപതു നാളുകൾക്കുശേഷം, പ്രധാന പുരോഹിതൻ ലക്ഷ്മി നാരായണ ശാസ്ത്രികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ മണ്ഡല–മകവിളക്ക് പൂജകൾ, മകരസംക്രമ നാളിൽ ഭക്‌തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ഗീതാമണ്ഡലത്തിൽ സമാപനം ആയി. മുൻ വർഷങ്ങളിലേത്പോലെ ഈ വർഷവും മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട ് തൊഴുവാനും ശനിദോഷം അകറ്റി സർവ ഐശ്വേര്യ സിദ്ധിക്കുമായി വൻ ഭക്‌തജന തിരക്കാണ് അനുഭവപ്പെട്ടത്.

മകരസംക്രമ നാളിൽ, പുലർച്ചെ സിദ്ധിവിനായക മൂർത്തിയുടെ നിർമ്മാല്യ ദർശനത്തോടെയാണ് ഈ വർഷത്തെ മകവിളക്ക് പൂജകൾ ആരംഭിച്ചത്. മഹാഗണപതിക്ക് നേത്രോന്മിലീനം, ആവാഹനാദി സ്നാനം എന്നി ചടങ്ങുകൾക്ക് ശേഷം ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഷ്‌ടദ്രവ്യ കലശമാടി. തുടർന്ന് വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നൽകിയശേഷം ഗണപതി അഥർവോപനിഷ ത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷേ്‌ടാത്തര അർച്ചനയും ദീപാരാധനയും നടത്തി.

വൈകിട്ട് അഞ്ചിനു ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തിൽ, കലിയുഗവരദന്റെ തിരുസനിന്നധാനം, ലക്ഷ്മി നാരായണ ശാസ്ത്രികൾ തുറന്ന് ദീപാരാധന നടത്തി. തുടന്നു നടന്ന കലശപൂജയ്ക്ക് ശേഷം അഷ്‌ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി. അലങ്കാരങ്ങൾക്കായി നട അടക്കുകയും ചെയ്തു.



ഈ വർഷത്തെ അയ്യപ്പ പൂജയുടെ ഏറ്റവും വലിയ മറ്റൊരു ആകർഷണം, ബിജു കൃഷ്ണൻസ്വാമിയുടെ നേതൃത്വത്തിൽ, കലാക്ഷേത്രയുടെ വാദ്യഘോഷ അകമ്പടിയോടെ നടന്ന തിരുവാഭരണ ഘോഷയാത്രയായിരുന്നു. തിരുവാഭരണ ഘോഷയാത്രയെ, താലപ്പൊലിയേന്തിയ മാളികപ്പുറങ്ങൾ ക്ഷേത്ര അങ്കണത്തിലേക്ക് സ്വീകരിച്ചു. മകരസംക്രാന്തി നാളിൽ അയ്യപ്പ സ്വാമിയെ അണിയിക്കുവാൻ ആയി കൊണ്ടുവന്ന തിരുവാഭരണങ്ങൾ, ദേവശില്പിയായ നാരായണൻജി തീർത്ത തിരുവാഭരണപ്പെട്ടിയിലാണ്, തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.

ആദ്യമായി സംഘടിപ്പിച്ച ‘അയ്യപ്പ തത്വം കുട്ടികളിലൂടെ പഠിക്കാം’ എന്ന പ്രോഗ്രാമിൽ പങ്കെടുക്കുകയും മുതിർന്നവർക്ക് അയ്യപ്പ തത്വം പഠിപ്പിച്ചു കൊടുക്കുകയും ചെയ്ത കുട്ടികളെ, ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ അവാർഡുകൾ നൽകി അനുമോദിച്ചു.

‘മാനവ സേവ മാധവ സേവ’ എന്ന വിശ്വാസത്തോടെ സനാതന ധർമ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഷിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിന്റെ മാതാവായ ഗീതാമണ്ഡലത്തിന്റെ വരും നാളുകളിലെ പ്രവർത്തങ്ങളിലും പങ്കെടുക്കണം എന്നു ട്രഷറർ ശേഖരൻ അപ്പുക്കുട്ടൻ അഭ്യർത്ഥിച്ചു. ഈ വര്ഷത്തെ മകരവിളക്ക് മഹോത്സവങ്ങൾക്ക് നേതൃത്വം നൽകിയ ലക്ഷ്മിനാരായണ ശാസ്ത്രികൾക്കും, അദ്ദേഹത്തിന്റെ സഹായിയായി വർത്തിച്ച ആനന്ദ് പ്രഭാകറിനും, മകരവിളക്ക് പൂജ സ്പോൺസർ ചെയ്ത ശേഖരൻ അപ്പുക്കുട്ടന്റെയും രവി നായരുടെയും കുടുംബത്തിനും, മറ്റു അയ്യപ്പ പൂജകൾ സ്പോൺസർ ചെയ്ത എല്ലാവർക്കും, അതുപോലെ വാദ്യഘോഷവും, ഭക്‌തിഗാനമേളയും സ്പോൺസർ ചെയ്ത ഷിക്കാഗോ കലാക്ഷേത്രക്കും ഗീതാമണ്ഡലം ഭജനസംഘത്തിനും ജനറൽ സെക്രട്ടറി ബൈജു എസ്. മേനോൻ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം