വളർച്ചയുടെ പന്ഥാവുകൾ പിന്നിട്ട് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്
Monday, February 20, 2017 8:00 AM IST
ഹൂസ്റ്റണ്‍: നോർത്ത് അമേരിക്കയിലെ സൗത്ത് ഇന്ത്യൻ ബിസിനസ് സംരംഭകരുടെ ഒൗദ്യോഗിക സംഘടനയായ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് വിജയകരമായ അഞ്ചുവർഷം പൂർത്തിയാക്കുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്ക് കഴിഞ്ഞ നാളുകളിൽ ഉൗർജ്ജസ്വലമായ മുന്നേറ്റം കാഴ്ച വച്ച സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, ബിസിനസ് മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബിസിനസ് ബന്ധങ്ങൾക്ക് ശക്തമായ സ്വാധീനമായി മാറിയ ചേംബർ ഓഫ് കൊമേഴ്സിന്‍റെ പ്രവർത്തനങ്ങൾ പല സ്റ്റാർട്ട് അപ്പ് സംരംഭകർക്കും പ്രചോദനവും കൈത്താങ്ങുമായി മാറിയിട്ടുണ്ട്.

ഹൂസ്റ്റണ്‍ സ്റ്റാഫോർഡിലാണ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതിനകം നൂറ്റി അന്പതോളം ബിസിനസ് സംരംഭകർ അംഗമായിട്ടുള്ള സംഘടന വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. കേരളത്തിൽ പാലായിൽ സ്ഥിതിചെയ്യുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിനാവശ്യമായ സാന്പത്തിക സഹായ സഹകരണങ്ങൾ ചെയ്തു വരുന്ന സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സിന്‍റെ അംബാസഡർ പ്രമുഖ മലയാളി വ്യവസായി ഡോ.ബോബി ചെമ്മണ്ണൂരാണ്. സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സിറ്റിസണ്‍ ബോധവത്കരണ ക്ലാസുകൾ ഏറെ പ്രയോജനപ്രദമാണ്. ഹൂസ്റ്റണിലെ പ്രമുഖ പട്ടണങ്ങളായ സ്റ്റാഫോഡ്, മിസൗറി, ഷുഗർ ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി ഭവനങ്ങളിൽ നടന്ന മോഷണ ശ്രമങ്ങൾക്കെതിരെ സംഘടന ശക്തമായി പ്രതികരിക്കുകയും അധികാരികളുടെ ശ്രദ്ധയെ ഇതിലേക്ക് കൊണ്ടു വന്ന് മോഷണ ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാനും കഴിഞ്ഞിട്ടുണ്ട്.

ഹൂസ്റ്റണിനും സമീപ പ്രദേശങ്ങളിലുമുള്ള ചെറുകിട മലയാളി വ്യാപാര സ്ഥാനങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ചേംബർ ഓഫ് കൊമേഴ്സ് കഴിഞ്ഞ നാളുകളിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണി നിരന്ന വിവിധ സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. പ്രഫ. കെ.വി.തോമസ് എംപി, റോട്ടറി ഗവർണർ ഡോ. ജോണ്‍ ഡാനിയേൽ, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയൽ തുടങ്ങി പ്രമുഖ വ്യക്തികളെ സ്വീകരിക്കുന്നതിനും ആദരിക്കുന്നതിനും സംഘടന മുൻകൈയെടുത്തു.

ബിസിനസ് മേഖലയോടൊപ്പം തന്നെ സേവന, ജീവകാരുണ്യ രംഗങ്ങളിലും ആവേശകരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് പിന്നിട്ട അഞ്ചു വർഷക്കാലം തിളക്കമാർന്ന കർമ പരിപാടികളാൽ നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ മനസുകളിൽ മായാത്ത സ്ഥാനം അലങ്കരിക്കുന്നു.സംഘടനയുടെ 2017 ലെ ഡയറക്ടർ ബോർഡിലേക്ക് കർമനിരതരും ബിസിനസ് മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചവരുമായ പുതിയ ഭാരവാഹികൾ കടന്നു വരുന്നതിലൂടെ സംഘടന പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേരും എന്ന കാര്യത്തിൽ ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.

ബോർഡിന്‍റെ പുതിയ ഭാരവാഹികൾ ആയി ഫിലിപ്പ് കൊച്ചുമ്മൻ (പ്രസിഡന്‍റ്), ജോർജ് കോളച്ചേരിൽ(സെക്രട്ടറി), സണ്ണി കരിക്കൻ(ഡയറക്ടർ ഓഫ് ഫൈനാൻസ്), ജോർജ്ജ് ഈപ്പൻ(എക്സിക്യൂട്ടീവ് ഡയറ്ടർ), ജിജു കുളങ്ങര തോമസ്(ഡയറക്ടർ ഓഫ് ബിസിനസ് ഡവലപ്പ്മെന്‍റ്), ബേബി മണക്കുന്നേൽ(ഡയറക്ടർ ഓഫ് ഈവന്‍റ്സ്), രമേഷ് അതിയോടി(ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ജിജിമോൻ ഒലിക്കൽ(മെന്പർഷിപ്പ് ഡയറക്ടർ), സക്കറിയ കോശി (ഡയറക്ടർ ഓഫ് പബ്ലിക്ക് റിലേഷൻസ്, സാജു കുര്യാക്കോസ് (അസിസ്റ്റന്‍റ് ഫിനാൻസ് ഡയറക്ടർ) എന്നിവരെ തെരഞ്ഞെടുത്തു.

വ്യത്യസ്തമായ കർമ പരിപാടികൾ പുതിയ വർഷം നടപ്പിൽ വരുത്തുവാനും അതിലൂടെ വ്യാപാരബന്ധങ്ങൾ സുദൃഢവും മികവുറ്റതുമാക്കി മാറ്റുവാൻ ശ്രമിക്കുമെന്നും പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന കർമ പരിപാടികൾ ആവിഷ്കരിക്കുവാൻ പുതിയ ഭരണസമിതി തീരുമാനമെടുത്തു. അമേരിക്കയിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ സൗത്ത് ഇന്ത്യൻ ബിസിനസ് സംരംഭകർ ഒന്നായ് ചേർന്ന് പ്രവർത്തിക്കേണ്ട ആവശ്യകത പുതിയ ഭരണസമിതി ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ബെന്നി പരിമണം