മാധ്യമങ്ങൾ ട്രംപിനെ വേട്ടയാടുന്നു: രാജ് ഷാ
Wednesday, February 22, 2017 8:09 AM IST
വാഷിംഗ്ടണ്‍: സത്യസന്ധമായും കൃത്യതയോടും വാർത്തകൾ പ്രചരിപ്പിക്കേണ്ട മാധ്യമങ്ങൾ ഉത്തരവാദിത്വമില്ലാതെ മാധ്യമ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതു അപലപനീയമാണെന്ന് വൈറ്റ് ഹൗസ് വാർത്താവിനിമയ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യൻ വംശജനുമായ രാജ്ഷാ അഭിപ്രായപ്പെട്ടു.

അമേരിക്കൻ പ്രസിഡന്‍റ് പദവി ആദ്യമായി അലങ്കരിക്കുന്ന ഡൊണൾഡ് ട്രംപിന് പ്രവർത്തിക്കുന്നതിനുള്ള അവസരം പോലും നൽകാതെ നിരന്തരം വിമർശിക്കുന്നതും അനാരോഗ്യകരമായ പ്രചാരണങ്ങൾ നടത്തുന്നതും പത്രധർമ്മത്തിനെതിരാണെന്ന് രാജ് ഷാ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടികാട്ടി.

അധികാരം ഏറ്റെടുത്ത ജനുവരി 20 മുതൽ ട്രംപ് മാധ്യമങ്ങളിൽ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. വൻ തകർച്ചയെ അഭിമുഖീരിച്ചുകൊണ്ടിരിക്കുന്ന ന്യൂയോർക്ക് ടൈംസ്, ക്ലിന്‍റണ്‍ ന്യൂസ് നെറ്റ് വർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സിഎൻഎൻ ഉം ട്രംപിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ പല്ലും നഖവും ഉപയോഗിച്ചു എതിർക്കുമെന്ന് ഡയറക്ടർ പറഞ്ഞു.

ഏഴു ഭൂരിപക്ഷ മുസ് ലിം രാജ്യങ്ങളിലെ പൗര·ാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്യുന്ന മാധ്യമങ്ങൾ യഥാർഥചിത്രം ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിന്‍റെ പ്രസ് സെക്രട്ടറി സിയാൻ സ്പൈസറെ വാർത്തകൾ ക്രോഡീകരിക്കുന്നതിൽ സഹായിക്കുന്ന പ്രധാന പങ്കാണ് ഇന്ത്യൻ വംശജനായ രാജ് ഷാ വഹിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ