മാഗിൽ മലയാളം ക്ലാസ് ആരംഭിച്ചു
Monday, February 27, 2017 1:56 AM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ മലയാളം, ചെണ്ട, കംപ്യൂട്ടർ എന്നീ ക്ലാസുകൾ സ്റ്റാഫോർഡിലുള്ള മാഗ് അസോസിയേഷൻ ബിൽഡിംഗിൽ ആരംഭിച്ചു. മലയാളം ക്ലാസിനു നേതൃത്വം കൊടുക്കുന്നത് ഏബ്രഹാം തോമസും, ഡോ. അഡ്വ. മാത്യു വൈരമണും ആണ്. അജി നായർ ചെണ്ട ക്ലാസിനും സജി വർഗീസ് കംപ്യൂട്ടർ ക്ലാസിനും നേതൃത്വം കൊടുക്കുന്നു.

കംപ്യൂട്ടർ ക്ലാസ് എല്ലാ ഞായറാഴ്ചയും മൂന്നു മുതൽ നാലു വരേയും, മലയാളം ക്ലാസ് ഞായറാഴ്ച നാലു മുതൽ ആറു വരേയും, ചെണ്ട ക്ലാസ് ശനിയാഴ്ച ആറു മുതൽ ഏഴുവരേയും മാഗിൽ ഉണ്ടായിരിക്കും. എല്ലാ ക്ലാസുകളും ഫീസ് കൂടാതെ സൗജന്യമായാണ് പഠിപ്പിക്കുന്നത്.

ക്ലാസുകളുടെ ഉദ്ഘാടനം വോയ്സ് ഓഫ് ഏഷ്യയുടെ ഉടമ കോശി തോമസ് നിർവഹിച്ചു. മാഗ് പ്രസിഡന്റ് തോമസ് ചെറുകര, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പിള്ള, സെക്രട്ടറി സുരേഷ് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ലക്ഷ്മി പീറ്റർ മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്റ് മാത്യു വൈരമൺ കൃതജ്‌ഞത പറഞ്ഞു.

ഈ ക്ലാസുകളിൽ ഇനിയും ആഗ്രഹമുള്ളവർക്ക് ചേരാവുന്നതാണ്. താത്പര്യമുള്ളവർ മാഗിന്റെ പ്രസിഡന്റ് തോമസ് ചെറുകര (281 972 9528), സെക്രട്ടറി സുരേഷ് രാമകൃഷ്ണൻ (832 951 8652) എന്നിവരുമായി ബന്ധപ്പെടുക.