ഷിക്കാഗോയിൽ ഇന്ത്യാ പ്രസ്ക്ലബിന്‍റെ ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ
Saturday, March 18, 2017 8:14 AM IST
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും.

വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകൾ, പ്രബന്ധാവതരണം, സെമിനാറുകൾ തുടങ്ങിയവയാണ് ഏഴാം ദേശീയ സമ്മേളനത്തിന്‍റെ സവിശേഷത. പ്രാദേശിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ സമ്മേളനത്തിന്‍റെ മാറ്റ് കൂട്ടും.

സമ്മേളനത്തിൽ ഇന്ത്യാ പ്രസ്ക്ലബിന്‍റെ ഏഴ് ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖർ, സാഹിത്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

ഇന്ത്യാപ്രസ് ക്ലബ് നോർത്ത് അമേരിക്ക 2006 ലാണ് രൂപം കൊണ്ടത്. സ്ഥാപക പ്രസിഡന്‍റായിരുന്ന ജോർജ് ജോസഫിന്‍റെ നേതൃത്വത്തിൽ ആദ്യത്തെ ദേശീയസമ്മേളനം 2006 ൽ ന്യുയോർക്കിൽ നടന്നു. പിന്നീട് പ്രസിഡന്‍റായ ജോസ് കണിയാലിയുടെ നേതൃത്വത്തിൽ 2008 ലും 2009 ലും യഥാക്രമം ഷിക്കാഗോയിലും ന്യൂജേഴ്സിയിലും ദേശീയസമ്മേളനം നടത്തി. തുടർന്ന് പ്രസിഡന്‍റുമാരായ റെജി ജോർജ്, മാത്യു വർഗീസ് എന്നിവരുടെ സംഘാടകമികവിന്‍റെ നിദർശനങ്ങളായിരുന്നു 2011ലും 2013ലും ന്യൂജേഴ്സിയിൽ കൂടിയ ദേശീയസമ്മേളനം. 2015ൽ പ്രസിഡന്‍റ് ടാജ് മാത്യുവിന്‍റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ വിപുലമായ ദേശിയ സമ്മേളനം നടത്തി.

എഴാം ദേശീയ സമ്മേളനം സർവകാല വിജയമാക്കാൻ ശിവൻ മുഹമ്മ (നാഷണൽ പ്രസിഡന്‍റ്), ഡോ.ജോർജ് എം. കാക്കനാട്ട്(സെക്രട്ടറി), ജോസ് കാടപ്പുറം (ട്രഷറർ), രാജു പള്ളത്ത്(വൈസ് പ്രസിഡന്‍റ്), പി.പി. ചെറിയാൻ (ജോയിന്‍റ് സെക്രട്ടറി), സുനിൽ തൈമറ്റം (ജോയിന്‍റ് ട്രഷറർ), ജീമോൻ ജോർജ്, ജയിംസ് വർഗീസ്, മധു കൊട്ടാരക്കര (പ്രസിഡന്‍റ് ഇലക്ട്), ടാജ് മാത്യു (അഡ്വൈസറി ബോർഡ് ചെയർമാൻ), വിൻസന്‍റ് ഇമ്മാനുവൽ (വൈസ് ചെയർമാൻ), റീജണൽ വൈസ് പ്രസിഡന്‍റുമാരായ കെ. കൃഷ്ണ കിഷോർ (ന്യൂയോർക്ക്), ജോബി ജോർജ് (ഫിലഡൽഫിയ), ബിജു സഖറിയ (ഷിക്കാഗോ), ബിജിലി തോമസ് (ഡാളസ്), അനിൽ ആന്മുള (ഹൂസ്റ്റണ്‍), മനുവർഗീസ് (കലിഫോർണിയ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്