മാർത്തോമ സൗത്ത് വെസ്റ്റ് റീജണൽ കോണ്‍ഫറൻസ് സമാപിച്ചു
Saturday, March 25, 2017 5:43 AM IST
ഡാളസ്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിൽപ്പെട്ട സൗത്ത് വെസ്റ്റ് റീജണിലെ ഒന്പത് ഇടവകകളിലെ ഇടവക മിഷൻ, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭി മുഖ്യത്തിൽ നടന്ന റീജണൽ കോണ്‍ഫറൻസ് സമാപിച്ചു.

മാർച്ച് 17, 18 തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിലെ പുതിയ ഓഡിറ്റോറിയത്തിലായിരുന്നു കോണ്‍ഫറൻസ് നടന്നത്. ഹൂസ്റ്റണ്‍, ഡാളസ്, ഒക് ലഹോമ, ഓസ്റ്റിൻ, ലബക്ക്, കൊളറാഡോ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ 550 പേർ പങ്കെടുത്ത കോണ്‍ഫറൻസ് പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

17ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കോണ്‍ഫറൻസ് പ്രസിഡന്‍റ് റവ. പി.സി. സജി അധ്യക്ഷത വഹിച്ചു. റീജണൽ പ്രസിഡന്‍റുമാരായ റവ. വിജു വർഗീസ് (ഇടവക മിഷൻ) റവ. ഷൈജു പി. ജോണ്‍ (സേവികാ സംഘം) റവ. പി.സി. സജി (യുവജനസഖ്യം) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

റവ. മാത്യൂസ് ശാമുവൽ പ്രാരംഭ പ്രാർഥന നടത്തി. ജനറൽ കണ്‍വീനർ ജേക്കബ് വർഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫിലിപ്പ് തോമസ്, റജി വർഗീസ്, ജോളി ബാബു, സാം അലക്സ്, ബിജി ജോബി, അജു മാത്യു എന്നിവർ പ്രസംഗിച്ചു. "കാഴ്ചയാലല്ല വിശ്വാസത്താലത്രെ നടക്കുന്നത്' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഫാർമേഴ്സ് ബ്രാഞ്ച് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് വേറിട്ട അനുഭവം പകർന്നു.

റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താൻ (വികാരി, ഹൂസ്റ്റണ്‍ ഇമ്മാനുവൽ), റവ. ഷൈജു പി. ജോണ്‍ (വികാരി ഡാളസ് സെന്‍റ് പോൾസ്) എന്നിവർ ചിന്താവിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണങ്ങൾ നടത്തി. റവ. മാത്യൂസ് ഫിലിപ്പ്(വികാരി, ഹൂസ്റ്റണ്‍ ട്രിനിറ്റി) വേദപുസ്തക പഠനത്തിന് നേതൃത്വം നൽകി. 18ന് നടന്ന ചർച്ചകൾ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. രാവിലെ നടന്ന സാക്ഷ്യ സെഷന് റവ. പി.സി. സജി നേതൃത്വം നൽകി. പി.വി. ജോണ്‍ മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. റീജണിലെ മറ്റ് വൈദികരായ റവ. ഫിലിപ്പ് ഫിലിപ്പ്, റവ. തോമസ് കുര്യൻ, റവ. അലക്സ് കെ. ചാക്കോ, റവ. സ്റ്റാലിൻ തോമസ്, സീനിയർ വൈദികൻ റവ. വി.ടി. കോശി എന്നിവരുടെ സാന്നിധ്യം കോണ്‍ഫറൻസിനെ ധന്യമാക്കി. ട്രസിയ മാത്യു, ഹെബ്സിബാ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക സെഷനും സംഘടിപ്പിച്ചു. ജോർജ് വർഗീസിന്‍റെ(ജയൻ) നേതൃത്വത്തിൽ കോണ്‍ഫറൻസ് ഗായക സംഘം ചൈതന്യം തുളുന്പുന്ന ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബിസിനസ് സെഷനിൽ 2019 ലെ കോണ്‍ഫറൻസ് ഡാളസ് സെഹിയോൻ മാർത്തോമ ദേവാലയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.

റവ. പി.സി. സജി (പ്രസിഡന്‍റ്), റവ. മാത്യു ശാമുവൽ (വൈസ് പ്രസിഡന്‍റ്), ജേക്കബ് വർഗീസ് (ജനറൽ കണ്‍വീനർ), ജോബി ജോണ്‍ (പ്രോഗ്രാം), ലീലാമ്മ ചാക്കോ (രജിസ്ട്രേഷൻ), ചാക്കോ ജോണ്‍സണ്‍, ബിജു തെക്കനാൽ (ഫുഡ്), പി.റ്റി. മാത്യു (ഫിനാൻസ്), അഞ്ജു ബിജിലി (അക്കോമഡേഷൻ), ക്രിസ്റ്റി നൈനാൻ (വെബ്സൈറ്റ്), ബിജി ജോബി (മെഡിക്കൽ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോണ്‍ഫറൻസിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി