സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തിൽ പങ്കെടുക്കും
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ വച്ചു നടക്കുന്ന അന്തർദേശീയ ഹിന്ദു മഹാസംഗമത്തിൽ സംബോധ് ഫൗണ്ടേഷൻ, സംബോധ് സൊസൈറ്റി, സംബോധ് റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ സ്വാമി ബോധാനന്ദ സരസ്വതി പങ്കെടുക്കുമെന്നു പ്രസിഡന്‍റ് സുരേന്ദ്രൻ നായർ അറിയിച്ചു.

സംബോധ് ഫൗണ്ടേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടോളം വേദാന്തിക് സ്ഥാപനങ്ങളുടെ ഫൗണ്ടറാണ് സ്വാമിജി. കൂടാതെ ആത്മീയതയേയും, ധ്യാനത്തേയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വാമിജിയുടെ ആത്മീയ പ്രഭാഷണം എന്തുകൊണ്ടും ഈ അന്തർദേശീയ ഹിന്ദു മഹാസംഗമത്തിനു വലിയ മുതൽക്കൂട്ടാകുമെന്നതിൽ സംശയം വേണ്ട. ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത ഹിന്ദു കുടുംബാംഗങ്ങൾ എത്രയും വേഗം രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു. ആത്മീയതയും സാംസ്കാരികതയും വിളിച്ചോതുന്ന ഈ ഹിന്ദു മഹാസംഗമത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ www.namaha.org സന്ദർശിക്കുക. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം