ടെന്നിസിയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു
Saturday, April 29, 2017 7:49 AM IST
വൈറ്റ്ഹെവൻ (ടെന്നിസി): ടെന്നിസിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നിൽ ഏപ്രിൽ 24 നടന്ന വെടിവയ്പിൽ ഇന്ത്യൻ വംശജനായ ഖണ്ടു പട്ടേൽ (56) കൊല്ലപ്പെട്ടു. ഇവിടെ ശുചീകരണ ജോലിക്കാരനായിരുന്നു പട്ടേൽ.

വൈകിട്ട് ജോലി കഴിഞ്ഞ ശേഷം മോട്ടലിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്നതിനിടയിലാണ് വെടിയേറ്റത്. പട്ടേൽ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് നിരവധി ദൃക്സാക്ഷികൾ ഉണ്ടെങ്കിലും പോലീസുമായി ഇവർ നിസഹകരിക്കുകയാണ്.

മറ്റാരേയോ ഉന്നം വച്ച് കാറിൽ എത്തിയ പ്രതികളാണ് വെടിയുതിർത്തതെന്നും സംഭവത്തിന് ശേഷം പ്രതികൾ നിസാൻ മാക്സിമയിൽ കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു. മേട്ടലിന് സമീപം നിരവധി കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. മുപ്പതോളം വെടിയോച്ച കേട്ടതായി ഒരു സ്ത്രീ പോലീസിനെ അറിയിച്ചു. സംഭവത്തെ കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരിക്കുശേഷം യുഎസിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് പട്ടേൽ.

റിപ്പോർട്ട്: പി.പി. ചെറിയാൻ