ഡാലസിൽ ഇന്ത്യൻ കോണ്‍സുലർ ക്യാന്പ് മേയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലർ ക്യാന്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. മേയ് 20 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഇന്ത്യ അസോസിയേഷൻ ഓഫ് ടെക്സസ്, നോർത്ത് സെൻട്രൽ എക്സ്പ്രസ് വേ, റിച്ചാർഡ്സണിലാണ് ക്യാന്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാന്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.www.iant.org(ഐഎഎൻടി.ഓർഗ) എന്നീ വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ