ഡാളസിൽ പിറ്റ്ബുളിന്‍റെ ആക്രമണം: രണ്ടു കുട്ടികൾക്ക് ഗുരുതര പരുക്ക്
Tuesday, June 20, 2017 7:08 AM IST
ഡാളസ്: ഡാളസിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായുടെ കടിയേറ്റ നാലും അഞ്ചും വയസുള്ള രണ്ടു കുട്ടികളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡാലസ് വിൻഡം സ്ട്രീറ്റിലുള്ള പിറ്റ്ബുളാണ് നാലു വയസ്സുള്ള പെണ്‍കുട്ടിയെ മുഖത്ത് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. കുട്ടിയെ ഡാലസ് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. നാലു മണിക്കൂറിനു ശേഷം ഒരു മൈൽ അകലെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെയാണ് പിറ്റ്ബുളിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കുകളോടെ മെക്കിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടു പിറ്റ്ബുളിനേയും അനിമൽ കണ്‍ട്രോൾ ഉദ്യോഗസ്ഥർ അനിമൽ ഷെൽട്ടറിലേക്ക് നീക്കം ചെയ്തു. തിങ്കളാഴ്ച രാവിലെ വരെ ആശുപത്രി അധികൃതർ കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല.

തെരുവു നായ്ക്കളുടെയും വളർത്തു നായ്ക്കളുടെയും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും പരുക്കേൽക്കുന്നവരുടെ എണ്ണവും ഡാലസിൽ വർധിച്ചു വരുകയാണ്. സിറ്റി അധികൃതർ വളരെ കർശന നടപടികൾ സ്വീകരിച്ചിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ജനങ്ങൾ ആശങ്കയിലാണ.്

റിപ്പോർട്ട്: പി.പി. ചെറിയാൻ