ക്നാനായ മിഷനുകളിൽ ആത്മീയ ഉണർവേകി അഭി. പിതാക്കന്മാരുടെ സന്ദർശനം
Wednesday, June 28, 2017 6:54 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ റോക്ലാൻഡ് ക്നാനായ മിഷനുകളുടെ സംയുക്ത കൂടാരയോഗത്തിൽ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ അഭി. ബിഷപ്പ് ജോയ് ആലപ്പാട്ട് ഇവർ ജോയ് തറതട്ടേലിന്‍റെ വസതിയിൽ കൂടിയ പ്രാർത്ഥനയോഗത്തിൽ പങ്കെടുത്തത് മിഷൻ അംഗങ്ങൾക്ക് ആത്മീയ ഉണർവേകി . ക്നാനായ മിഷൻ അംഗങ്ങൾക്ക് ലഭിച്ച മാതാവിന്‍റെ പേരിലുള്ള ദേവാലയം ന്യൂയോർക്ക് ആർച്ച ഡയോസിൽ നിന്ന് വാങ്ങിയതും മാതാവിന്‍റെ നാമത്തിലുള്ള ദേവാലയം തന്നെ കിട്ടിയത് വലിയ ദിവ്യാനുഭവമെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് പറഞ്ഞു. മിഷൻ അംഗങ്ങളുടെ കഠിനാദ്ധ്വാനവും പ്രാത്ഥനയും ജോസ് ആദോപ്പിള്ളി അച്ചന്‍റെ തീവ്രമായ ശ്രമവും ഇക്കാര്യത്തിൽ എല്ലാവർക്കും മാതൃകയാണെന്നുംജോയ് പിതാവ് പറഞ്ഞു.

||രണ്ടു മെത്രന്മാരും പുതിയ ദേവാലയം മിഷൻ ഡയറക്ടർക്കൊപ്പം സന്ദർശിച്ചു. ദിവ്യബലി അർപ്പിക്കുന്നത് ന്യൂയോർക്ക് ആർച്ച് ഡയസിന്‍റെയോ, ചിക്കാഗോ സീറോ മലബാർ രൂപതയുടെയോ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളിൽ നടത്തരുതെന്നും പിതാവ് പറഞ്ഞു. സഭയെ അനുസരിച്ചു ഒന്നായി പോവുകയാണ് ക്നാനയകരുടെ പാരന്പര്യമെന്നും ബിഷപ്പ് പണ്ടാരശ്ശേരി കൂടാരയോഗ അംഗങ്ങളുടെ വിവിധ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു. അഭിവന്ദ്യ ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ നിര്യാണത്തിലുള്ള ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ബിഷപ്പിനു പുറമേ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സാബു മേക്കാട്ട്, ലൂക്കോസ് ചാമക്കാല, ജോസഫ് കീഴങ്ങാട്ടു എന്നിവർ സംസാരിച്ചു.

ജൂണ്‍ 25 ഞായറാഴ്ച പണ്ടാരശ്ശേരിൽ പിതാവിന്‍റെ മുഖ്യകാർമികത്വത്തിൽ ഫാ ജോസഫ് ആദോപ്പിള്ളി, ഫാ. റെനി കട്ടേൽ, ഫാ സജി കുന്നക്കാട്ടുമലയിൽ എന്നിവർ സഹകാർമികരായി മരിയൻ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മിഷൻ അംഗങ്ങൾ പള്ളി വാങ്ങുന്നതിലേക്കു നൽകിയ പ്ലെഡ്ജ് സംഭാവന കുർബാന മദ്ധ്യ പിതാവ് മിഷനുവേണ്ടി സ്വീകരിച്ചു. സിസിഡി ഗ്രാഡുഷനും വിവിധ സ്കൂൾ കോളേജ് മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു. സിസിഡി കുട്ടികളുടെ കലാപരിപാടികൾ നടന്നു. എല്ലാ പരിപാടികളും വിജയപ്രദമാക്കാൻ മിഷൻ ഡയറക്ടർ ഫാ.ജോസ് ആദോപ്പിള്ളി , സിസിഡി ഡിആർഇ സാബു മേക്കാട്ടു, ട്രസ്റ്റീമാർ എന്നിവർ നേതൃത്വം നല്കി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ലൂക്കോസ് ചാമക്കാല