കനേഡിയൻ കുട്ടിപ്പടയുടെയും ദൃശ്യഭംഗിയുടെയും ഹൃസ്വചിത്രമായ 'എ സ്പെഷൽ ഡേ'
Thursday, July 27, 2017 7:41 AM IST
ടൊറന്‍റോ: ഉദ്വേഗജനകമായ ഒരു യാത്രയ്ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പിന്‍റെയും നിറങ്ങളുടെയും കാഴ്ചകളുടെയും നാടായ കാനഡയുടെ പ്രകൃതിമനോഹാരിതയിലേക്കുള്ള സഞ്ചാരത്തിനും വഴിയൊരുക്കുന്ന ഹൃസ്വചിത്രമായ 'എ സ്പെഷൽ ഡേ ' ഏഷ്യനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യുന്നു. ജൂലൈ 29 ശനിയാഴ്ച ടൊറന്‍റോ, ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം രാത്രി പതിനൊന്ന്) ആദ്യസംപ്രേഷണം. ഒരു പറ്റം കനേഡിയൻ മലയാളി കുട്ടികൾ അഭിനയിക്കുന്ന 'എ സ്പെഷൽ ഡേ 'സാഹസികതയും വെല്ലുവിളികളും കൗതുകങ്ങളുമെല്ലാം നിറഞ്ഞ കൗമാരജീവിതത്തിന്‍റെ കഥകൂടിയാണ്. ഐ മലയാളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ വടക്കൻ അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി അഭിനേതാവായ ബിജു തയിൽച്ചിറയാണ്.

നിഥിൻ ബിജു ജോസഫും എല ജോസഫുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിത മാത്യു, പ്രിറ്റി അജിത്, ടീന മാത്യൂസ്, ഐറീൻ മേരി മാത്യു, ഫെബിൻ ബിജു ജോസഫ്, നിഖിൽ ജോർജ്, ജെഫ് ആന്‍റണി മനില, അലീന സണ്ണി കുന്നപ്പിള്ളി, എയ്ബൽ ബോബി, ബെഞ്ചമിൻ ബാബു, ബെവിൻ ബാബു, ബൽബീർ കാംഗ് തുടങ്ങിയവരാണ് കുട്ടിപ്പടയിലെ മറ്റ് താരങ്ങൾ.

പ്രമുഖ സംവിധായകൻ ലാൽ ജോസാണ് പൂജ നിർവഹിച്ചത്. സന്തോഷ് പുളിക്കലാണ് കോഡയറക്ടർ. എഡിറ്റർ സിയാൻ ശ്രീകാന്ത്. അജിത് സുകുമാരനാണ് സംഗീതസംവിധായകൻ. മാത്യു ജോർജ് (തിരക്കഥ), ഗിരീഷ് ബാബു (അസോഷ്യേറ്റ് ഡയറക്ടർ), ഫെബിൻ ജോസഫ്, സുദീപ്ത മണ്ഡൽ (അസിസ്റ്റന്‍റ് ഡയറക്ടർമാർ), തോമസ് വർഗീസ് (പ്രൊഡക്ഷൻ മാനേജർ), സജി ജോർജ്, സിദ്ധാർഥ് നായർ (ക്യാമറ), അനന്തൻ മരിയൻപിള്ള (മേക്കപ്പ്), സലിൻ ജോസഫ്, സണ്ണി കുന്നപ്പള്ളി (കലാസംവിധാനം), ഷാജൻ ഏലിയാസ് (ഡിസൈൻ) എന്നിവരും സാങ്കേതികപ്രവർത്തകരിൽ ഉൾപ്പെടുന്നു. കൊച്ചിയിലെ ലാൽ മീഡിയയിലായിരുന്നു എഡിറ്റിങ്ങും ശബ്ദമിശ്രണവും. രാജു ജോസഫ് യുഎസ്എ (അഡ്വൈസർ), സാം കരിക്കൊന്പിൽ, റോയ് ദേവസ്യ, ലിൻഡ ജോസഫ്, വിൻജോ മീഡിയ, സി. ജി. പ്രദീപ് തുടങ്ങിയവരും സംരംഭവുമായി സഹകരിക്കുന്നു. തിരുവനന്തപുരം അമ്മു സ്റ്റുഡിയോയാണ് ഡിസ്ട്രിബ്യൂട്ടർ.

ഹിറ്റ് മേക്കർ കെ. മധു സംവിധാനം ചെയ്ത ഹൃസ്വചിത്രമായ 'ഓൾവേസ് വിത് യു'വിനുശേഷമുള്ള ന്ധഐ മലയാളി’യുടെ സംരംഭമെന്ന പ്രത്യേകതയുമുണ്ട് ഇതിനെന്ന് സംവിധായകൻ ബിജു തയ്യിൽച്ചിറ പറഞ്ഞു. ഒൻപതാമതു സംരംഭമായ എ സ്പെഷൽ ഡേയുടെ ഇംഗ്ളിഷ് പതിപ്പും പൂർത്തിയായി. ഡോണ്‍ ബോസ്കോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹൃസ്വചിത്രമാണ് അടുത്തത്. മുടിയനായ പുത്രൻ, ക്ളോസ് ടു ഹാർട്, ടേക്ക് ഇറ്റ് ഈസി, സ്പർശം, ബേബി സിറ്റർ, ലൈക്ക് ആൻ ഏഞ്ചൽ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു പ്രോജക്ടുകൾ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം