വൈറ്റ് പ്ലെയിൻസിൽ കന്യാമറിയത്തിന്‍റെ ജനനപെരുന്നാളും എട്ടുനോന്പാചരണവും ഭക്തിസാന്ദ്രമായി
Wednesday, September 13, 2017 10:00 AM IST
ന്യൂയോർക്ക്: വൈറ്റ്പ്ലെയിൻസ് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ (99 Park Ave, White Plains, New York) എല്ലാ വർഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടുനോന്പാചരണവും കണ്‍വൻഷനും ഭക്തിസാന്ദ്രമായി.

സമാപന ദിനമായ സെപ്റ്റംബർ ഒന്പതിന് ആഘോഷമായ വിശുദ്ധ കുർബാനക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളോവോസ് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി.

കഴിഞ്ഞ 23 വർഷങ്ങളായി താൻ ഈ ദേവാലയത്തിൽ മുടങ്ങാതെ എട്ടു നോന്പ് പെരുന്നാളിൽ സംബന്ധിക്കുന്നു. ഈ ദേശത്ത് തന്‍റെ ശുശ്രൂഷ ആരംഭിച്ച് ആദ്യമായി വിശുദ്ധ കുർബാനയർപ്പിച്ചത് ഈ ദേവാലയത്തിലാണ്. അതുകൊണ്ടുതന്നെ ഈ ദേവാലയവുമായി ഒരു പ്രത്യേക വ്യക്തി ബന്ധം ഉണ്ടെന്നും ആദ്യകാലങ്ങളിൽ എട്ടുനോന്പിന്‍റെ എല്ലാ ദിവസങ്ങളിലും ഈ ദേവാലയത്തിൽ താമസിച്ചാണ് പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിലുള്ള എട്ടുനോന്പാചരിച്ചിരുന്നതെന്നും ഇപ്പോൾ അതിനുള്ള അവസരമില്ലെങ്കിലും ഇവിടെ വരുന്പോൾ ഒരു പ്രത്യേക സംതൃപ്തി അനുഭവപ്പെടാറുണ്ടെന്നും അനുസ്മരിച്ചു. ക്രിസ്തുവിനെ വഹിച്ചവളെന്ന നിലയിലും ക്രിസ്തുവിനാൽ നിറഞ്ഞവളെന്ന നിലയിലും മാതാവ് സഭയുടെ പ്രതീകമാണ്. ക്രിസ്തുവിനെ ലോകത്തിനു നൽകിയവളെന്ന നിലയിലും ആദരിക്കപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തെ പോലെ നാമും ക്രിസ്തുവിനെ വഹിക്കുന്നവരും ക്രിസ്തുവാൽ നിറഞ്ഞവരും ക്രിസ്തുവിനെ ലോകത്തിനു നൽകുന്നവരുമായിരിക്കണമെന്നുള്ള സന്ദേശമാണ് പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനപെരുന്നാൾ ആചരണത്തിലൂടെ നാം ആർജിക്കേണ്ടതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്നു പ്രദക്ഷിണവും നേർച്ച വിളന്പും സ്നേഹവിരുന്നും നടന്നു.

എട്ടു ദിവസം നീണ്ട പെരുന്നാൾ ആചരണത്തിൽ സഹോദര ഇടവകകളിൽ നിന്നുള്ള ഭക്തജനങ്ങളും ഇടവകജനങ്ങളോടൊപ്പം എട്ടുനോന്പാചരണത്തിലും വചനശുശ്രൂഷയിലും സംബന്ധിച്ച് അനുഗ്രഹീതരായി. വികാരി ഫാ. പൗലൂസ് റ്റി. പീറ്റർ, ഫാ. ജോബ്സൻ കോട്ടപ്പുറം, ഫാ. തോമസ് പോൾ, ഫാ. ഡോ. നൈനാൻ കെ. ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. കോശി ഫിലിപ്പ്, ഫാ. സഖറിയ നൈനാൻ (സഖേർ) എന്നിവർ വിവിധ ദിവസങ്ങളിലെ വിശുദ്ധ കുർബാനക്കും വചനശുശ്രൂഷക്കും നേതൃത്വം നൽകി.

വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റർ, സെക്രട്ടറി റ്റെയ്മി തോമസ്, ട്രഷറർ അജി പാലപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു.