ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഭാഗവത നവഹം ഭക്തിസാന്ദ്രമായി
Thursday, October 5, 2017 2:58 AM IST
ഡാളസ്: പ്രഫസർ വൈദ്യലിംഗശർമ പരമാചാര്യനായ ഭാഗവത നവഹത്തിലെ കൃഷ്ണാവതാരം, ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഗംഭീരമായി ആഘോഷിച്ചു. യജ്ഞവേദിയിലെ മണ്ഡപത്തിൽ, സർവാലങ്കാര വിഭൂഷിതനായ ശ്രീകൃഷ്ണ വിഗ്രഹം തുളസിമാലയാൽ കൂടുതൽ ശോഭിച്ചു. ഭാഗവത ആചാര്യനായി സപ്താഹങ്ങൾ നടത്തിവരുന്ന മിധുനപ്പിള്ളി വാസുദേവൻ നന്പൂതിരിയും ഡാളസിലെ നവഹത്തിൽ പങ്കുചേരുവാൻ നാട്ടിൽ നിന്നും എത്തിചേർന്നിട്ടുണ്ട് . ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നന്പൂതിരിയും നവഹത്തിൽ, ഭാഗവതം പാരായണം ചെയ്യുന്നു.

കൃഷ്ണാവതാരം പാരായണം ചെയ്യുന്ന വേളയിൽ എല്ലാവരുടെയും ഉള്ളിൽ കുടികൊള്ളുന്ന ഭഗവത് ചൈതന്യം, ശ്രീകൃഷ്ണ രൂപത്തിൽ കൂടുതൽ പ്രകാശിക്കുന്നു എന്നും, ഈ രൂപം ധർമ്മ മാർഗത്തിലൂടെ നമ്മെ നയിക്കുന്നു എന്നും സങ്കല്പിക്കുവാൻ പരമാചാര്യൻ ശ്രോതാക്കളെ ഉദ്ബോധിപ്പിച്ചു. ഇനിയുള്ള ദിവസങ്ങളിൽ, ഗോവിന്ദാഭിഷേകം, രുഗ്മിണി സ്വയംവരം, കുചേല ചരിതം, എന്നിവ പ്രധാന ഭാഗങ്ങളാകുന്നു. നവാഹ സമാപന ദിവസമായ ഞായറാഴ്ച, യജ്ഞ സമർപ്പണവും, അവഭൃത സ്നാനവും നടക്കുമെന്ന് , കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായരും, ട്രസ്റ്റി ചെയർമാൻ കേശവൻ നായരും അറിയിച്ചു.

റിപ്പോർട്ട്: സന്തോഷ് പിള്ള