ന്യൂജേഴ്സിയിൽ മൾട്ടി കൾച്ചറൽ വൈസ് മെൻസ് ക്ലബിനു തുടക്കം കുറിച്ചു
Friday, October 20, 2017 8:44 AM IST
ന്യൂജേഴ്സി: ശതാബ്ദിയോടടുക്കുന്ന വൈസ് മെൻസ് ക്ലബ് പ്രസ്ഥാനത്തിൽ പുതിയൊരു വഴിത്താര തുറന്ന് വ്യത്യസ്ഥ സംസ്കാരങ്ങളിൽ നിന്നുള്ളവർ അംഗങ്ങളായ ക്ലബ് ന്യൂജേഴ്സിയിൽ സ്ഥാപിതമായി. സേവന പ്രവർത്തനങ്ങളോടുള്ള താല്പര്യവുമായി എത്തിയ നാല്പതില്പരം പേർഹാരിംഗ്ടണ്‍ പാർക്കിലെസെന്‍റ് ആൻഡ്രൂസ് ചർച്ച് ഹാളിൽ യോഗം ചേർന്നാണ് ക്ലബിനു തുടക്കമിട്ടത്.

കത്തോലിക്ക, ഓർത്തഡോക്സ്, സിഎസ്ഐ, എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട അഞ്ചു വൈദീകരും പങ്കെടുത്തവരിൽപെടുന്നു. ഫിലിപ്പിനോ, അമേരിക്കൻ, കൊറിയൻ, ഇന്ത്യൻ, ചൈനീസ്, ആഫ്രിക്കൻ അമേരിക്കൻ വംശജർ യോഗത്തിനു ഒത്തു കൂടിയത് അപൂർവമാണെന്നു ആമുഖ പ്രസംഗം നടത്തിയ ഡാൻ മോഹൻ ചൂണ്ടിക്കാട്ടി. പുതിയ സൗഹൃദങ്ങൾ രൂപീകരിക്കുന്നതിനൊപ്പം നല്ല കാര്യങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനവും ലക്ഷ്യമിടുന്പോൾ ക്ലബ് വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നു ഡാൻ മോഹൻ പ്രത്യാശ പ്രകടിപ്പിച്ചു.

ക്ലബുകളിലെല്ലാം അംഗത്വം പൊതുവെ കുറയുകയാണെങ്കിലും വൈസ് മെൻസ് ക്ലബുകളിൽ അംഗത്വം വർധിക്കുകയാണെന്ന് മുൻ അമേരിക്ക റീജണൽ പ്രസിഡന്‍റ്ഡെബി റെഡ്മണ്ട് പറഞ്ഞു. ഏതെങ്കിലുമൊരു പ്രത്യേക ചാരിറ്റി പ്രോജക്ടിനുവേണ്ടി പ്രവർത്തിക്കാൻ ധാരാളം പേർ തയാറാണ്. എന്നാൽ ദീർഘമായ സംഘടനാ അംഗത്വം പലർക്കും താത്പര്യമില്ല.

ന്യൂയോർക്കിലെ ഇന്ത്യൻ വൈസ്മെൻസ് ക്ലബ് പ്രതിനിധികളായ ജോസഫ് കാഞ്ഞമല, ഏരിയാ പ്രസിഡന്‍റ് ഷാജു സാം, റീജിയണൽ ഡയറക്ടർ മാത്യു ചാമക്കാല എന്നിവരും പങ്കെടുത്തു
റവ. ഡയാനെ റോഡ്, ഫിലിപ്പ് തന്പാൻ, റവ. ബാബു മാത്യു, തോമസ് മാത്യു, റവ. ഡേവിഡ് ജേക്കബ്, റവ. വർഗീസ് മാത്യു, ഈശോ മാത്യു, ജോണ്‍ സക്കറിയാ, തോമസ് ഏബ്രഹാം, റവ. റോയ് ബ്രിഗാപി, രാജിവ് നൈനാൻ, ഡോ. ബെഞ്ചമിൻ ജോർജ്, പ്രിയേഷ് വിപിൻ, റെജി ഉമ്മൻ തുടങ്ങിയവരും പങ്കെടുത്തു.