തീരുമാനങ്ങളും ചർച്ചകളും സന്പുഷ്ടമാക്കിയ എംജിഒസിഎസ്എം -ഒസിവൈഎം അലുംനൈ മീറ്റിംഗ്
Friday, November 17, 2017 3:22 AM IST
ഫിലഡൽഫിയ : എംജിഒസിഎസ്എം -ഒസിവൈഎം അലുംനൈ മീറ്റിംഗ് നവംബർ പതിനൊന്നു ശനിയാഴ്ച ഫിലഡൽഫിയ സെൻറ് തോമസ് അണ്‍ റൂ അവന്യുവിലുള്ള സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സമ്മേളിച്ചു. പ്രാരംഭപ്രാർഥനയെ തുടർന്ന് കാലംചെയ്ത ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത രചിച്ച ഗാനം എല്ലാവരും ചേർന്ന് ആലപിച്ചു. വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ച് പ്രശംസാർഹമായ പ്രവർത്തനത്തിലൂടെ എം ജി ഒ സി എസ് എമ്മിനെ ശക്തിപ്പെടുത്തി മണ്‍മറഞ്ഞ ഡോ. സഖറിയാ ഡോ. മാർ തിയോഫെലോസ് മെത്രാപ്പൊലീത്തയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിച്ചായിരുന്നു സമ്മേളനത്തിന് തുടക്കം. തിരുമേനിക്കൊപ്പം അടുത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുള്ള അലുംനൈയുടെ ജോയിന്‍റ് സെക്രട്ടറിയും ഭദ്രാസന കൗണ്‍സിൽ അംഗവുമായ സജി പോത്തൻ തിരുമേനിയുടെ ജീവിതത്തെയും ഓർമകളെയും കുറിച്ചുപങ്കുവച്ചു. ഓർത്തഡോക്സ് ആരാധനയിലും ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലുമുള്ള തിരുമേനിയുടെ അർപ്പണമനോഭാവവും സഭയിലെ യുവജനങ്ങളെകുറിച്ചുള്ള തിരുമേനിയുടെ കരുതലും പരിഗണനയും സജി പോത്തൻ അനുസ്മരിച്ചു.

തുടർന്നു സംസാരിച്ചവരൊക്കെയും തിരുമേനിയെകുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.
അലുംനൈ സെക്രട്ടറി മാത്യു സാമുവൽ, ആമുഖമെന്ന നിലയിൽ അലുനൈ സമൂഹത്തിന്‍റെ, ഭദ്രാസനത്തിലെ കഴിഞ്ഞ ഒന്നരവർഷത്തെ ത്രിമുഖ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. പരിശുദ്ധ ത്രിത്വത്തിലെ പരിശുദ്ധ റൂഹായെപോലെ സഭാസമൂഹത്തിലെ ഓരോ മിനിസ്ട്രിയെയും യോജിപ്പിച്ചുനിർത്തേണ്ടതിന്‍റെ ആവശ്യകതയും പിന്നിൽ നിന്ന് പ്രവർത്തിച്ച് എല്ലാ പ്രവർത്തികളെയും പൂർണമാക്കേണ്ടതിന്‍റെ ആവശ്യകതയും അലുംനൈയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അലുംനൈയുടെ ഉപദേശകൻ ഫാ. എം കെ കുര്യാക്കോസ് നമ്മൾ ആരാണ്, എവിടേയ്ക്കാണ് നമ്മൾ പോകുന്നത് എന്ന പ്രധാനവിഷയത്തെകുറിച്ച് സംസാരിച്ചു.

എം ജി ഓ സി എസ് എം ൽ നിന്ന് ലഭിച്ച പ്രചോദനത്തെയും പ്രസ്ഥാനം ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെയും എം ജി ഓ സി എസ് എമ്മിന്‍റെ ഉൗർജസ്വലരായ നേതാക്കളായിരുന്ന അഭിവന്ദ്യരായ ഡോ. ഫിലിപ്പോസ് മാർ തെയോഫെലോസ്, ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ്, ഫിലിപ്പോസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഡോ. സഖറിയാ മാർ തിയോഫിലോസ്, യാക്കൂബ് മാർ ഏലിയാസ്, പ്രൊഫ. ഡി മാത്യു തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച്, മുന്പ് എം ജി ഒസി എസ് എം സ്റ്റുഡന്‍റ്സ് വൈസ് പ്രസിഡന്‍റായിരുന്ന ഉമ്മൻ കാപ്പിൽ പരാമർശിച്ചു.
അലുംനൈ ഇടവകസമൂഹത്തിലും ഭദ്രാസനത്തിലും എങ്ങനെ പ്രവർത്തിക്കണമെന്നതിന് വ്യക്തമായ പ്ലാൻ തയാറാക്കേണ്ടതിന്‍റെ ആവശ്യം ചൂണ്ടിക്കാട്ടി. വിധവകളടക്കം പലവിധകാരണങ്ങളാൽ ഇടവക സമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരിലേക്കും പലവിധകാരണങ്ങളാൽ പള്ളിയിലേക്ക് വരാൻ സാധിക്കാത്തവരിലേക്കും ഇറങ്ങിച്ചെല്ലേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാണിക്കപ്പെട്ടു.
സജി പോത്തൻ നന്ദി പറഞ്ഞു. പ്രാർഥനയോടെയും ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു. ലളിതമായി നടന്ന സമ്മേളനമെങ്കിലും അലുംനൈയുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കാനാകും വിധത്തിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും ചർച്ചചെയ്ത് തീരുമാനമെടുക്കാനായതിൽ സമ്മേളനം ശ്രദ്ധേയമായി.

റിപ്പോർട്ട്: ജോർജ് തുന്പയിൽ