പരസ്പര സ്നേഹത്തിന്‍റെ സമീപനം നിങ്ങളെ കീഴടക്കട്ടെ: മാർ നിക്കോളോവോസ്
Tuesday, January 16, 2018 12:10 AM IST
ന്യൂയോർക്ക്: പരസ്പര സ്നേഹത്തിന്‍റെ ഉദാത്തമായ സമീപനമാവണം നിങ്ങളെ ഭരിക്കേണ്ടത്. അത് മനസിന്‍റെ ആഴത്തിൽ നിന്ന് വരുന്നതാവണം- മാർ നിക്കോളോവോസിന്‍റെ ഈ വാക്കുകൾക്ക് ക്രിസ്മസ് സീസണിൽ പ്രസക്തിയേറെയാണ്. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള ക്വീൻസ്, ലോംഗ്ഐലൻഡ്, ബ്രൂക്ലിൻപ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത ക്രിസ്മസ്, നവവൽസര ആഘോഷങ്ങളിൽ ക്രിസ്മസ് സന്ദേശം നൽകി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസ് പറഞ്ഞു.

വർഷം തോറും ഇങ്ങനെയൊരു യജ്ഞം നടത്തും. നല്ല കാര്യം. മറുവശത്ത് പ്രവർത്തകരുടെ കഠിന യജ്ഞം. ഇതു കഴിഞ്ഞ് ഉണ്ടാവുന്ന ഒരു ഉദാസീനത കാണുന്പോൾ എന്തിന് ഇതെല്ലാം എന്ന് തോന്നിപ്പോകും. ബർണബാസ് തിരുമേനിയെ ഉദ്ധരിച്ച് - ഫാ. ജോണ്‍ തോമസ് പറഞ്ഞു.

നിർത്താനെളുപ്പമാണ്. പക്ഷേ ഒന്ന് നിർത്തിയാൽ പിന്നീട്, തുടങ്ങുവാൻ ബുദ്ധിമുട്ടാണെന്ന് ഓർക്കണം. നിങ്ങൾ തിരികെ ഇടവകയിൽ ചെന്ന് പറയണം, ഈ പ്രദേശത്തുള്ള കൂട്ടായ്മയുടെ വിജയകാരണം എല്ലാവരുടെയും പങ്കാളിത്തം ഉള്ളതുകൊണ്ടാണെന്ന്. ഇതെന്‍റെ പ്രസ്ഥാനം ആണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം- മാർ നിക്കോളോവോസ് പറഞ്ഞു.

ക്രിസ്മസിനോടനുബന്ധിച്ച് 25 ദിവസങ്ങൾ നോന്പ് അനുഷ്ഠിക്കണമെന്നാണ് അനുശാസിക്കുന്നത്. നാം എത്ര ദിവസങ്ങൾ നോന്പ് എടുക്കുന്നു എന്ന് ചിന്തിച്ചു നോക്കുക. ഇതിനൊക്കെ ചില നിഷ്ഠകളൊക്കെയുണ്ട്. പുൽത്തൊഴുത്തിൽ ജനിച്ച യേശുവിനെ നാം ആരാധിക്കുന്നു. പക്ഷേ ഇതെങ്ങിനെ സംഭവിച്ചു? പിന്നീട് ആ ജീവിതത്തിലൂടെ നടന്ന സംഭവ വികാസങ്ങൾ എന്നിവയെപറ്റി നാം ധ്യാനിക്കാറുണ്ടോ? ഭവനരഹിതനായി ജനിച്ച്, അഭയാർഥിയായി വളർന്ന്, മരപ്പണിക്കാരനായി ജീവിച്ച്, 30 വർഷങ്ങൾക്ക് ശേഷമാണ് യേശു തന്‍റെ ഭൂമിയിലെ ദൗത്യത്തിലേക്ക് കടക്കുന്നത്. ആ ദൈവിക ദൗത്യം ഏറ്റെടുത്ത യേശുവിനെയാണോ നാം കൊണ്ടാടുന്നത്? ആ യേശുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്താണ്? ഈ ക്രിസ്മസ് ആഘോഷവേളയിൽ ഭൂമിയിൽ ജനിച്ച യേശുവിനെ നാം നമ്മുടെ മനസിൽ ധ്യാനിച്ച് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. ഇതുവഴി നമ്മിലെ ന്ധദൈവതേജസ്’ ലോകം കാണണം. മെത്രാപ്പൊലീത്ത കൂട്ടിചേർത്തു.

ജനുവരി ആറിന് ഗ്ലെൻ ഓക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഫാ. ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. തോമസ് ജോണും ലിസി ജേക്കബും പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. തോമസ് വർഗീസ് പ്രസംഗിച്ചു. ക്രിസ്മസ് ഫാദറിന്‍റെ വരവും കാരൾ ഗാനങ്ങളും റാഫിൾ നറുക്കെടുപ്പും പരിപാടികളെ ശ്രദ്ധേയമാക്കി. വിവിധ ഇടവകകൾ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികൾക്ക് പുറമേ കൗണ്‍സിൽ ക്വയറിന്‍റെ ക്രിസ്മസ് ഗാനങ്ങളും ഹൃദ്യമായി.

പ്രസിഡന്‍റ് ഫാ. ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജോണ്‍ താമരവേലിൽ, ക്വയർ ഡയറക്ടർ വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ തുടങ്ങിയവർ പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവർത്തിച്ചു. തോമസ് ജോണ്‍, ലിസി ജേക്കബ് എന്നിവർ പരിപാടികളുടെ കോഓർഡിനേറ്റർമാരായിരുന്നു. ജോസഫ് പാപ്പനായിരുന്നു ക്വയർ മാസ്റ്റർ. ഫെനു മോഹനും മിനി കോശിയും ക്വയർ കോഓർഡിനേറ്റർമാരായി.

വൈസ് പ്രസിഡന്‍റുമാരായ റവ. ഡോ.പി എസ് സാമുവൽ കോർ എപ്പിസ്കോപ്പ, റവ. ഡോ. എം യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ, റവ ഡോ വർഗീസ് പ്ലാംതോട്ടം കോർ എപ്പിസ്കോപ്പ, റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ, വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ, റവ. ഡോ. സി കെ രാജൻ, ഫാ.തോമസ് പോൾ, ഫാ.ജോർജ് മാത്യു, ഫാ. ഗ്രിഗറി വർഗീസ്, ഫാ. ജോർജ് ചെറിയാൻ എന്നിവർക്കൊപ്പം അസി. വികാരി ഫാ. എബി ജോർജും പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോർജ് തുന്പയിൽ