മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Friday, February 16, 2018 12:06 PM IST
ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ, എഫ്‌ഐഎയുമായി സഹകരിച്ച് ഭാരതത്തിന്റെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനാഘോഷോത്സവവും, ഫുഡ് ഫെസ്റ്റിവലും നടത്തി. റ്റാമ്പാ ഐസിസി ഗ്രൗണ്ടില്‍ വച്ചു നടന്ന ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തുകയും തുടര്‍ന്നു വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ റിപ്പബ്ലിക് ഡേ പരേഡും നടത്തി. ഇരുപതോളം വരുന്ന ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ ഒത്തുചേരല്‍ ആയിരുന്നു ആഘോഷപരിപാടികള്‍.

വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ വിപുലമായ കലാപരിപാടികള്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ അരങ്ങേറി. ഇത്തവണത്തെ എഫ്‌ഐഎ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തീം ഭാരത ഭക്ഷണങ്ങളുടെ രുചിക്കൂട്ട് എന്നതായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഐ.സി.സി. ഹാളില്‍ വച്ചു നടന്ന ഫുഡ് ഫെസ്റ്റിവലില്‍ നിരവധി ബൂത്തുകള്‍ ഇന്ത്യന്‍ വിഭവങ്ങളുമായി അണിനിരന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എംഎസിഎഫ്) സംഘടിപ്പിച്ച ഇന്ത്യന്‍ ഹെറിറ്റേജ് ഫുഡ് സ്റ്റാളില്‍ കേരളത്തനിമയില്‍ സ്വാദൂറുന്ന മാമ്പഴപ്പുളിശേരി മുതല്‍ പുട്ടും കടലയും വരെ അണിനിരന്നു. സ്റ്റാളുകളില്‍ എല്ലാംതന്നെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ഇന്ത്യന്‍ റിപ്പബ്ലിക് ദിന സമ്മേളനത്തിനും, ഫുഡ് ഫെസ്റ്റിവലിനും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, സെക്രട്ടറി റ്റിറ്റോ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ടി. ഉണ്ണികൃഷ്ണന്‍, ഫണ്ട് റൈസിംഗ് ചെയര്‍ ജയിംസ് ഇല്ലിക്കല്‍, കോര്‍ഡിനേറ്റര്‍ അനീന ലിജു, വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഫാ. സിറില്‍ ഡേവി പുത്തൂക്കാരന്‍, രാധാകൃഷ്ണന്‍ നമ്പൂതിരി, ബാബു തോമസ്, ഫ്രാന്‍സീസ് വയലുങ്കല്‍, ലിജു ആന്റണി, ജയേഷ് നായര്‍, അമിത അശ്വത്, ജേക്കബ് തൈക്കൂട്ടത്തില്‍, പാര്‍വതി രവി, ബിജോയ് ജേക്കബ്, ബേബിച്ചന്‍ ചാലില്‍, പ്രദീപ് മരുത്വാപ്പറമ്പില്‍, റാം നാരായണന്‍, മഹേഷ് മോദ, ഡോക്ടര്‍ ശ്രേയ, ഷീല നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം