സേഫ് ട്രാവൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ വംശജ മേധ ഗുപ്ത
Saturday, February 17, 2018 6:19 PM IST
ഫ്രാങ്ക്ഫർട്ട്: മേധ ഗുപ്ത എന്ന ഇന്ത്യൻ വംശജ വിർജീനിയയിലെ ഹെണ്‍ഡണിലാണ് താമസം. തണുപ്പു കാലത്ത് നേരത്തെ തന്നെ ഇരുട്ടു പരക്കുന്ന സ്ഥലമാണ് വിർജീനിയ. സ്കൂൾ ബസിറങ്ങിയാൽ 20 മിനിറ്റ് നടക്കാനുണ്ട് വീട്ടിലേക്ക്. മേധക്ക് ഇരുട്ടിനെ വലിയ പേടിയാണ്. പേടിയെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ അതിനായി ഒരു ആപ്പ് നിർമിക്കാൻ അമ്മ തമാശ രൂപത്തിൽ മേധയോട് പറഞ്ഞു. അമ്മയുടെ വെല്ലുവിളി ഏറ്റെടുത്ത ആ പതിനാറുകാരിയുടെ ശ്രമങ്ങൾ ചെന്നവസാനിച്ചത് സേഫ് ട്രാവൽ’ എന്ന ആപ്ലിക്കേഷനിലാണ്.

ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്നവർക്ക് സുരക്ഷിതത്വം നൽകുന്ന ആപ്പാണിത്. നിശ്ചിത സമയത്തിനുളളിൽ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാൻ സാധിച്ചില്ലെങ്കിൽ നേരത്തെ സെറ്റ് ചെയ്ത് തയാറാക്കി വച്ചിരിക്കുന്ന നന്പറിലേക്ക് സന്ദേശം അയയ്ക്കുക എന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത. മേധ ഗുപ്ത നിർമിച്ച ഈ ആപ്പ് ഐഒഎസ് ആപ്ലിക്കേഷനിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

നാൽപത് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സേഫ് ട്രാവൽ ആപ്പ് വികസിപ്പിച്ചത്. മേധ വികസിപ്പിച്ചെടുത്ത ഈ ആപ്പ് വാർഷിക കോണ്‍ഗ്രഷണൽ ആപ്ലിക്കേഷൻ ചലഞ്ചിൽ അവതരിപ്പിച്ചപ്പോൾ വെർജീനിയയിലെ പത്താമത് ജില്ലക്കുവേണ്ടി മേധ ഗുപ്ത വിജയിയായി. എന്നാൽ പണം നൽകണം എന്നതിനാൽ ഈ ആപ്ലിക്കേഷൻ ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. ഭാവിയിൽ ഈ ആപ്പ് പ്ലേ സ്റ്റോറിൽ വരുമെന്നും മേധ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ സ്വയം പഠിച്ചെടുക്കാനുളള ശ്രമത്തിലാണ് തോമസ് ജെഫേഴ്സണ്‍ ഹൈസ്കൂളിലെ സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിയായ മേധ ഗുപ്ത. ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണം കണ്ടെത്താൻ പോലീസിനെ സഹായിക്കുന്ന ഒരു അൽഗോഗിതം നിർമിക്കാനും മേധ ശ്രമിക്കുന്നു.