ഇന്ത്യൻ വംശജന്‍റെ താടിയെല്ല് ഇടിച്ചു തകർത്ത പ്രതിക്ക് ശിക്ഷ നല്ല നടപ്പ്
Saturday, April 14, 2018 6:30 PM IST
പെൻസിൽവാനിയ: അറബിയാണെന്നു തെറ്റിദ്ധരിച്ച് ഇന്ത്യൻ അമേരിക്കൻ വംശജൻ അങ്കൂർ മേത്തയുടെ താടിയെല്ല് ഇടിച്ചു തകർത്ത പ്രതി പെൻസിൽവാനിയായിൽ നിന്നുള്ള ജെഫ്രി ബർഗസിനെ (54) യുഎസ് ഡിസ്ട്രിക്ട് ജഡ്ജി നോറ ബാറി മൂന്നുവർഷത്തെ നല്ല നടപ്പിനു ശിക്ഷിച്ചു.

2016 നവംബർ 22 ന് റെഡ്റോബിൻ റസ്റ്ററന്‍റിലായിരുന്നു സംഭവം. കംപ്യൂട്ടറിൽ നോക്കി കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് മേത്തയെ പ്രതി തലയ്ക്കു പിന്നിലും പിന്നീട് മുഖത്തും തുടർച്ചയായി ഇടിച്ചത്. പരിക്കേറ്റ മേത്തയെ സെന്‍റ് ക്ലെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിധി പ്രസ്താവിക്കുന്നതിനിടെ പ്രതി മേത്തയോടു ക്ഷമാപണം നടത്തി. പ്രതിക്കെതിരെ വംശീയ ആക്രമണ കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇതൊരു ശരിയായ സ്വഭാവമല്ല, നാണംകെട്ട പ്രവർത്തിയാണെന്നു വനിതാ ജഡ്ജി വിധി പ്രസ്താവിക്കുന്നതിനിടെ പ്രതിയോടു പറഞ്ഞു. മദ്യപാനമാണ് പ്രതിയെ കൊണ്ട് ഈ കൃത്യം ചെയ്യിച്ചതെന്നു വാദം പരിഗണിച്ച കോടതി ആൽക്ക ഹോളിസത്തിന് ചികിത്സിക്കുന്നതിനു ഉത്തരവിട്ടു. പ്രതിയുടെ പേരിൽ മറ്റൊരു കേസും നിലവിലില്ലാത്തതിനാലും നല്ലൊരു എംപ്ലോയ്മെന്‍റ് റിക്കാർഡുള്ളതിനാലും ജയിൽ ശിക്ഷ നൽകുന്നതിനു പകരം പ്രൊബേഷൻ നൽകുകയാണെന്നു വിധിയിൽ ജഡ്ജി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ