നാടിന്റെ ഓര്‍മകളുണര്‍ത്തി നമഹയുടെ വിഷു ആഘോഷം
Wednesday, April 25, 2018 12:57 PM IST
എഡ്മന്റന്‍: നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളി ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വര്‍ഷത്തെ വിഷു ആഘോഷം ബാല്‍വിന്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു ഏപ്രില്‍ 21 നു നടത്തി. ഉച്ചക്ക് തനതു കേരളീയ ശൈലിയില്‍ തൂശനിലയില്‍ സദ്യ വിളമ്പി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നമഹയുടെ അംഗങ്ങളായ കെ. പി.രാമകൃഷ്ണന്‍ , വിജീഷ് പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നമഹ കുടുംബാംഗങ്ങള്‍ തന്നെയാണ് തലേ ദിവസം ഒരുമിച്ചു കൂടി സദ്യയൊരുക്കിയത്. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം സമ്മേളന പരിപാടികള്‍ ആരംഭിച്ചു. നമഹ പ്രസിഡന്റ് ശശി കൃഷ്ണ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി പ്രമോദ് വാസു സ്വാഗതം ആശംസിച്ചു. എഡ്മന്റനിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ബാലകൃഷ്ണ പ്രഭുജി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. എഡ്മന്റന്‍ എല്ലസ്‌ളി എംഎല്‍എ റോഡ് ലയോള ആയിരുന്നു വിഷു ദിനത്തെ മുഖ്യ അതിഥി. പ്രദീപ് നാരായണന്‍ നമഹയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സത്യസായി സെന്റര്‍ പ്രസിഡന്റ് നളിന കുമാര്‍, എച്ച്എസ്എസ് പ്രതിനിധി ധനു എസ്, ഭാരതീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് അര്‍ച്ചന തിവാരി എന്നിവര്‍ പരിപാടിക്ക് ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ് രവി മങ്ങാട്ട് പരിപാടിക്ക് നന്ദി പറഞ്ഞു.

സമ്മേളന ശേഷം നമഹ അംഗങ്ങള്‍ അവതരിപ്പിച്ച വര്‍ണാഭമായ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ ശാസ്ത്രീയ നൃത്തങ്ങള്‍, ഗാനങ്ങള്‍, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, അക്ഷരശ്ലോകം എന്നിവ അരങ്ങേറി.

റോയല്‍ ലിപേജ് സമ്മിറ്റ് റിയാലിറ്റി ഏജന്റ് ജിജോ ജോര്‍ജ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.ദിനേശന്‍ രാജന്‍ ബാലഗോകുലം കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഖജാന്‍ജി ബിജോഷ് മോഹനന്‍, ബിഗില പ്രദീപ്, കോര്‍ഡിനേറ്റര്‍മാരായ ഗൗതം കെ റാം, രജനി പണിക്കര്‍, ബോര്‍ഡ് മെമ്പര്‍മാരായ ബാബു കൊമ്പന്‍, കിഷോര്‍ രാജ് , സുഷമ ദിനേശന്‍, അജയ് കൃഷ്ണ , പ്രജീഷ് നാരായണന്‍, ജിഷ്ണു രാഘവ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം