അരിസോണ തിരുകുടുംബ ദേവാലയത്തില്‍ കിരീടധാരണവും മദേഴ്‌സ് ഡേയും ആഘോഷിച്ചു
Saturday, May 19, 2018 10:48 AM IST
അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അരിസോണയില്‍ ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റൊന്നാം വാര്‍ഷികവും മാതൃദിനാഘോഷവും സംയുക്തമായി കൊണ്ടാടി.

കൈകളില്‍ പൂക്കളും കൊന്തകളുമേന്തി പരിശുദ്ധ മാതാവിന്റെ സ്തുതികീര്‍ത്തനമാലപിച്ചുകൊണ്ട് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ പ്രദക്ഷിണമായി ദേവാലയത്തിലെത്തി. തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപത്തില്‍ കിരീടധാരണം നടത്തി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആഘോഷമായ ദിവ്യബലിക്ക് കാര്‍മികത്വം വഹിച്ചത് ഇടുക്കി രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോസഫ് കൊച്ചുകുന്നേലും, ഇടവക വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയിലും ആണ്.

സ്വര്‍ഗീയ അമ്മയുടെ വണക്കദിനത്തില്‍ മാതൃദിനം ആചരിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് എല്ലാവരേയും സമര്‍പ്പിക്കുകയും, ആ അമ്മയെ ജീവിതത്തില്‍ മാതൃകയാക്കുവാന്‍ എല്ലാ അമ്മമാര്‍ക്കും കഴിയുമാറാകണമെന്നും ഫാ. ജോര്‍ജ് ആഹ്വാനം ചെയ്തു.



പ്രകടിപ്പിക്കാത്ത സ്‌നേഹം വ്യാജവും വ്യര്‍ത്ഥവുമാണ്. അമ്മയോടുള്ള സ്‌നേഹവും കടപ്പാടും ഒരു ദിവസത്തില്‍ ഒതുക്കിനിര്‍ത്താവുന്നതല്ല. എങ്കിലും മാതൃത്വത്തിന്റെ മഹനീയ ത്യാഗവും സ്‌നേഹസമര്‍പ്പണവും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഇത്തരമൊരു ദിനമുള്ളത് നല്ലതുതന്നെ. ഒരു തിരിഞ്ഞുനോട്ടത്തിനും തെറ്റുതിരുത്തലിനും ഉള്ള അവസരമായി നാമിത് വിനിയോഗിക്കണമെന്നു മാതൃദിനാഘോഷത്തെപ്പറ്റി ഫാ. ജോസഫ് കൊച്ചുകുന്നേല്‍ അഭിപ്രായപ്പെട്ടു.

ഇടവകയിലെ എല്ലാ അമ്മമാര്‍ക്കും സമ്മാനവിതരണവും ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. യുവജനങ്ങളാണ് മാതൃദിനാഘോഷം സംഘടിപ്പിച്ചത്. ഇടവകയിലെ യുവജനപങ്കാളിത്തവും പ്രവര്‍ത്തനങ്ങളും തികച്ചും ശ്‌ളാഘനീയമാണെന്നു ഫാ. ജോര്‍ജ് എട്ടുപറയില്‍ അഭിപ്രായപ്പെട്ടു. സുഷാ സെബി അറിയിച്ചതാണിത്. ഫോട്ടോസ്: ഷിബു തെക്കേക്കര.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം