സ്കൂൾ പ്രവേശന കവാടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തും
Monday, May 21, 2018 11:20 PM IST
വാഷിംഗ്ടണ്‍: സാന്താ ഫെ സ്കൂളിൽ നടന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പുതിയതായി നിർമിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ പരിമിതപ്പെടുത്തുമെന്നും അധ്യാപകർക്കു പരിശീലനം നൽകി ഫയർ ആം നൽകുമെന്നും ടെക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.

നിലവിലുള്ള എണ്ണായിരത്തിലധികം സ്കൂൾ കാന്പസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കിൽ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ സുരക്ഷാ ഭട·ാരെ നിയമിക്കണമെന്നും ഡാൻ പറഞ്ഞു. ഇതു തീർത്തും അപ്രായോഗികമാണ്. അക്രമികൾക്ക് യാതൊരു പരിശോധനയുമില്ലാതെ ഏതു സമയത്തും സ്കൂളിലേക്ക് പ്രവേശിക്കാവുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ഇതിനു കർശന നിയന്ത്രണം ആവശ്യമാണ്.

ഗണ്‍കണ്‍ട്രോൾ ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്നത് വീടുകളിലാണ്. മാതാപിതാക്കൾക്ക് നിയമ പ്രകാരം ലഭിച്ചിരിക്കുന്ന തോക്കുകൾ സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

സ്കൂൾ പ്രവേശന കവാടങ്ങൾ ഒന്നോ, രണ്ടോ ആയി പരിമിതപ്പെടുത്തിയാൽ കഠിന ചൂടിലും തണുപ്പിലും സ്കൂളിലേക്ക് പ്രവേശിക്കുവാൻ വിദ്യാർഥികൾക്ക് നീണ്ട ക്യു പാലിക്കേണ്ടിവരുമെന്നത് യാഥാർഥ്യമാണെങ്കിലും ആയുധങ്ങളുമായി ആരും സ്കൂളിനകത്തേക്ക് പ്രവേശിക്കുന്നില്ലെന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ