സിംപിൾ വിഷുക്കറികൾ
ഇടിച്ചക്ക എരിശേരി

ചേരുവകൾ: ഇടിച്ചക്ക (മുപ്പെത്താത്ത ചക്ക) - കാൽകിലോ, ഉപ്പ് - പാകത്തിന്, മഞ്ഞൾപൊടി - അരടീസ്പൂൺ.
അരപ്പിന്: തേങ്ങ ചുരണ്ടിയത് - ഒന്നേകാൽ കപ്പ്, മുളകുപൊടി - ഒരു ടീസ്പൂൺ, വെളുത്തുള്ളി - രണ്ടല്ലി, കറിവേപ്പില - ഒരുതണ്ട്, കുരുമുളക് - രണ്ടെണ്ണം.
വറുത്തിടാൻ: എണ്ണ-രണ്ടു ടേബിൾസ്പൂൺ, കടുക്, ഉഴുന്ന് - കാൽ ടീസ്പൂൺ വീതം, കറിവേപ്പില-ഒരുതണ്ട്, തേങ്ങാ ചുരണ്ടിയത് - ഒരു ടേബിൾസ്പൂൺ, ഉണക്കമുളക്-രണ്ടെണ്ണം.

തയാറാക്കുന്നവിധം: ഇടിച്ചക്കയുടെ തൊലി ചെത്തി രണ്ടായി മുറിക്കുക. ഇനി ഇതിന്‍റെ കൂഞ്ഞി അൽപം ചെത്തിക്കളയുക. ഇടത്തരം വലിപ്പമുള്ള കഷണങ്ങളാക്കി കഴുകി വാരുക. ഉപ്പും മഞ്ഞളും വേകാൻ പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക.

അരപ്പിനുള്ള ചേരുവകൾ തരുതരാ അരച്ചെടുത്ത് വെന്ത കഷണത്തോടൊപ്പം ചേർക്കുക. ഒരു ടേബിൾസ്പൂൺ എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി ഉണക്കമുളക് രണ്ടായി മുറിച്ചതിടുക. കടുകും ഉഴുന്നും കറിവേപ്പിലയും ചേർത്ത് വറുത്ത് കടുക് പൊട്ടുന്പോൾ കറി ഇതിലേക്ക് ഒഴിച്ചുവാങ്ങുക. ഒരു ടേബിൾസ്പൂൺ തേങ്ങാ ചുരണ്ടിയത്, ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കിയതിൽ ഇട്ട് വറുത്ത് ബ്രൗൺ നിറമാക്കി കോരിയെടുത്ത് എരിശേരിയിൽ ചേർക്കുക.

മിക്സഡ് ഫ്രൂട്ട്സ് പച്ചടി
കൈതച്ചക്ക-50 ഗ്രാം, മുന്തിരിങ്ങ (കറുത്തത്) - 50 ഗ്രാം, മാന്പഴം - 100 ഗ്രാം, ചക്കപ്പഴം - 50 ഗ്രാം, ആപ്പിൾ-25 ഗ്രാം, ഉപ്പ്-പാകത്തിന്, മഞ്ഞൾപ്പൊടി-ഒരു ടേബിൾസ്പൂൺ, തൈര്-ഒരുകപ്പ് (പുളികുറഞ്ഞത്).
അരപ്പിന്: തേങ്ങാ ചുരണ്ടിയത് - ഒന്നേകാൽ കപ്പ്, പച്ചമുളക് - രണ്ടെണ്ണം, കടുക് - കാൽ ടീസ്പൂൺ.
വറുത്തിടാൻ: എണ്ണ - ഒരു ടേബിൾസ്പൂൺ, കടുക്, ഉലുവ-കാൽ ടീസ്പൂൺ വീതം, കറിവേപ്പില- ഒരുതണ്ട്, ഉണക്കമുളക്-ഒരെണ്ണം.

തയാറാക്കുന്നവിധം: പഴവർഗങ്ങൾ ചെറുതായരിഞ്ഞ് ഉപ്പും മഞ്ഞളും കുറച്ച് വെള്ളവും ചേർത്ത് അടുപ്പത്ത് വയ്ക്കുക. വെന്തതിനു ശേഷം കറുത്ത മുന്തിരിങ്ങ (ഫ്രഷ്) ചേർക്കുക. അരയ്ക്കാനുള്ളവ വെണ്ണപോലെ അരച്ച് ഇതിൽ ചേർത്തിളക്കി ഉടൻ വാങ്ങുക. തൈര് ചേർക്കുക. ഇളക്കിവയ്ക്കുക.

എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി ഉണക്കമുളക് രണ്ടായി മുറിച്ചതിടുക. കടുകും ഉലുവയും ഇട്ട് വറുത്ത് കറിവേപ്പിലയും ചേർത്തിളക്കുക. കടുക് പൊട്ടുന്പോൾ കറി ഇതിലേക്ക് പകരുക. ഉടൻ വാങ്ങുക.

കുന്പളങ്ങ കിച്ചടി

കുന്പളങ്ങ ഒരിഞ്ചു നീളത്തിൽ അരിഞ്ഞത്- മൂന്നു കപ്പ്, തൈര് - ഒരുകപ്പ്, ഉപ്പ്- പാകത്തിന്.
അരപ്പിന്: ചുരണ്ടിയ തേങ്ങ - ഒന്നരകപ്പ്, പച്ചമുളക്-രണ്ടെണ്ണം, കടുക്, ജീരകം-രണ്ടുനുള്ള് വീതം.
വറുത്തിടാൻ: കടുക്, ഉലുവ-കാൽ ടീസ്പൂൺ വീതം, എണ്ണ-ഒരു ടേബിൾസ്പൂൺ, ഉണക്കമുളക്-ഒരെണ്ണം.

തയാറാക്കുന്നവിധം: കുന്പളങ്ങയുടെ തൊലിയും കുരുവും നീക്കി. ഒരിഞ്ച് നീളത്തിൽ അരിഞ്ഞത് കഴുകിവാരി ഉപ്പും കുറച്ച് വെള്ളവും ചേർത്ത വേവിച്ചു വാങ്ങുക.
തേങ്ങാ ചുരണ്ടിയതിൽ പച്ചമുളകും ജീരകവും കടുകും ചേർത്ത് അൽപം വെള്ളവും ചേർത്ത് വെണ്ണപോലെ അരച്ച് കഷണത്തോടൊപ്പം ചേർക്കു. തൈര് ചേർത്ത് വാങ്ങുക.
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഉണക്കമുളക്, കടുക്, ഉലുവ എന്നിവയിട്ട് വറുത്ത് കടുക് പൊട്ടിയാലുടൻ കറി ഇതിലൊഴിച്ച് തിളയ്ക്കാൻ അനുവദിക്കുക. ഉടൻ വാങ്ങുക.

ഇന്ദു നാരായൺ