സൂപ്പർഹീറോസും സൂപ്പർ ഡാഡിയും
ചിത്രകഥകൾ ഇഷ്‌ടമില്ലാത്തതായി ആരാണുള്ളത്? ചെറുപ്പത്തിൽ പലരുടെയും ഹീറോകൾ ഈ ചിത്രകഥകളിലെ കഥാപാത്രങ്ങളായിരിക്കും. ശക്‌തിമാൻ, സൂപ്പർമാർ, സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയ ’മാൻ’മാരെല്ലാം കുട്ടികൾക്ക് പ്രിയപ്പെട്ട സൂപ്പർഹീറോസാണ്. ഒരു പ്രായം കഴിയുന്നതോടെ അവരോടുള്ള താത്പര്യം കുറയും. എന്നാൽ ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന കല്യാണം വളരെ രസകരമായിരുന്നു. ബിസിനസുകാരനായ റിച്ചാർഡിന്റെ വിവാഹ വേദിയാണ് സ്‌ഥലം. ചെറുപ്പം മുതലെ സൂപ്പർ ഹീറോസിനെ ഇഷ്‌ടപ്പെട്ടിരുന്ന റിച്ചാർഡ് ഈ ഇഷ്‌ടം വളർന്നപ്പോഴും ഉപേക്ഷിച്ചിരുന്നില്ല. കൈയിൽ സൂപ്പർമാന്റെയടക്കമുള്ള പല സൂപ്പർഹീറോസിന്റെയും ടാറ്റു പതിച്ചിരുന്നു റിച്ചാർഡ്. ഈ സൂപ്പർഹീറോസിനെ തന്റെ വിവാഹത്തിനും എത്തിച്ചു റിച്ചാർഡ്. ബാറ്റ്മാന്റെ ചിത്രം കൊത്തിയ വിവാഹ മോതിരമാണ് തന്റെ വിവാഹത്തിനായി റിച്ചാർഡ് ഉപയോഗിച്ചത്. അതുകൊണ്ടും തീർന്നില്ല വിവാഹത്തിന്റെ പ്രത്യേകത.

റിച്ചാർഡിന്റെ സൂപ്പർഹീറോ പ്രേമമറിയാവുന്ന ഡാഡി നൽകിയ സർപ്രൈസാണ് എല്ലാവരെയും ഞെട്ടിച്ചത്. 1966ലെ ബാറ്റ്മൊബൈൽ. ബാറ്റ്മാൻ ടെലിവിഷൻ ഷോകളിൽ ബാറ്റ്മാൻ ഉപയോഗിക്കുന്ന കാറാണ് ബാറ്റ്മൊബൈൽ. നിലവിൽ ഷോയിൽ ഉപയോഗിച്ചിരുന്ന രണ്ടുകാറുകളെ ഉപയോഗിക്കാൻ കഴിയുന്ന അവസ്‌ഥയിലുള്ളു. ഇതിലൊന്നാണ് അതീവരഹസ്യമായി റിച്ചാർഡിന്റെ ഡാഡി സ്റ്റീവ് വിവാഹശേഷം വധു–വരന്മാർക്ക് പോകാനായി വേദിയിൽ എത്തിച്ചത്. കോമിക് ബുക്ക് കഥാപാത്രങ്ങളോടുള്ള മകന്റെ താത്പര്യമറിയാവുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള സർപ്രൈസ് ഒരുക്കിയതെന്ന് സ്റ്റീവ് പറയുന്നു. എതായാലും ചക്കിക്കൊത്ത ചങ്കരൻ എന്നുപറഞ്ഞതുപോലെ. റിച്ചാർഡിനെപ്പോലെ തന്നെ സൂപ്പർഹീറോസിനെ ഇഷ്‌ടപ്പെടുന്നയാളാണ് വധു സാറയും. ഇരുവരും ശരീരത്തിൽ ടാറ്റു പതിപ്പിക്കാൻ എത്തിയപ്പോഴാണ് പരിചയപ്പെടുന്നതും വിവാഹത്തിൽ കലാശിക്കുന്നതും. സ്റ്റീവിന്റെ സർപ്രൈസ് നന്നായി ആസ്വദിച്ചെന്ന് സാറായും പറഞ്ഞു.

<യ>സോനു തോമസ്