കൊടുക്കാം, വാങ്ങാം പ്രതീക്ഷ
സ്കോട് ഷോൺഫീൽഡ് എന്ന കൗമാരപ്രായക്കാരൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. അപ്പോഴാണ് ഒരു ആശുപത്രിയിൽ അവിടെയുള്ള ചാപ്ളിന്റെ കൂടെ ഇന്റേൺഷിപ് ചെയ്യാൻ അവസരം ലഭിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി ആശുപത്രിയിലെ രോഗികളെ സന്ദർശിക്കുകയായിരുന്നു ഷോൺഫീൽഡിന്റെ ജോലി. രോഗികളെ സന്ദർശിച്ച് അവരെ ആശ്വസിപ്പിക്കുന്ന കാര്യത്തിൽ ഷോൺഫീൽഡിന് അതുവരെ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. ജോലി ചെയ്യുന്നതിലൂടെ പരിശീലനം നേടുകയെന്നതായിരുന്നു ഈ ഇന്റേൺഷിപ് വഴിയായി ഉദ്ദേശിച്ചിരുന്നത്. ഇന്റേൺഷിപ്പിന്റെ ഭാഗമായുള്ള സന്ദർശനത്തിനുശേഷം സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചാപ്ളിനുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം ഷോൺഫീൽഡിനു ലഭിച്ചിരുന്നു.

ഷോൺഫീൽഡ് പറയുന്നതനുസരിച്ച് അപരിചിതരുമായി പരിചയപ്പെടുന്നതിനും അവരുമായി നല്ല രീതിയിൽ സംഭാഷണം നടത്തുന്നതിനുമുള്ള കഴിവ് ഷോൺഫീൽഡിന് അന്ന് ഉണ്ടായിരുന്നില്ല. തന്മൂലം ആശങ്കയോടെയാണു ഷോൺഫീൽഡ് ഓരോ ദിവസവും രോഗിസന്ദർശനം നടത്തിയിരുന്നത്. ഒരു ദിവസം ഷോൺഫീൽഡ് സന്ദർശനത്തിനായി എത്തിയത് വൃദ്ധനായ ഒരു രോഗിയുടെ മുറിയിലായിരുന്നു. മുറിയിലെ ലൈറ്റുകൾ അണച്ചിരുന്നതുകൊണ്ട് രോഗിയെ വ്യക്‌തമായി കാണാൻ സാധിക്കുമായിരുന്നില്ല. തന്മൂലം ഷോൺഫീൽഡ് ആ വൃദ്ധന്റെ കിടക്കയുടെ അരികിലേക്ക് അടുത്തുചെന്നു.

ഷോൺഫീൽഡ് ആ വൃദ്ധനെ അഭിവാദ്യം ചെയ്തപ്പോൾ വൃദ്ധൻ എന്തോപറയാൻ ശ്രമിച്ചു. പക്ഷേ, വാക്കുകൾ പുറത്തുവന്നില്ല. വൃദ്ധൻ വളരെ ക്ഷീണിതനായിരുന്നു എന്നു വ്യക്‌തം. ഒരുപക്ഷേ, അദ്ദേഹം അനുഭവിച്ചിരുന്ന രോഗപീഡമൂലമായിരുന്നിരിക്കാം അദ്ദേഹത്തിന് സംസാരിക്കാൻ സാധിക്കാതെ പോയത്. രോഗവിവരം അന്വേഷിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നതിലധികമായി ഷോൺഫീൽഡിനു കാര്യമായി ഒന്നും സംസാരിക്കാൻ സാധിച്ചില്ല. രോഗിയുടെ മറുപടിയുടെ അഭാവംമൂലം സംഭാഷണം മുന്നോട്ടുകൊണ്ടുപോകുന്നത് അസാധ്യമായി ഷോൺഫീൽഡിനു തോന്നി.

ഷോൺഫീൽഡ് അല്പസമയം അവിടെ നിശബ്ദനായി നിന്നു.അപ്പോഴൊക്കെ രോഗി എന്തോ പറയുന്നതിനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. താൻ അധികസമയം അവിടെ നിന്നിട്ടു കാര്യമില്ല എന്ന തോന്നൽ മൂലം അവൻ ആ വൃദ്ധനു രോഗസൗഖ്യം ആശംസിച്ചു നല്ലൊരു ദിവസം നേർന്നുകൊണ്ടു മുറിയുടെ പുറത്തിറങ്ങി. തനിക്കു രോഗിയായ വൃദ്ധനെ ആശ്വസിപ്പിക്കാൻ സാധിച്ചില്ലല്ലോ എന്ന കുറ്റബോധമായിരുന്നു അവനിൽ അപ്പോൾ നിറഞ്ഞുനിന്നിരുന്നത്.

അടുത്തൊരു ദിവസം അവൻ ആശുപത്രിയിലെത്തിയപ്പോൾ മുൻപു സന്ദർശിച്ചിട്ടുള്ള രോഗികളെ വീണ്ടും സന്ദർശിക്കാനാണു ചാപ്ളിൻ നിർദേശം നൽകിയത്. അങ്ങനെ അവൻ മുൻപ് സന്ദർശിച്ച വൃദ്ധനായ രോഗിയുടെ മുറിയിൽ വീണ്ടും എത്തി. ആ സന്ദർശനംവഴി എന്തെങ്കിലും നന്മയുണ്ടാകുമെന്നു ഷോൺഫീൽഡ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. ആ വൃദ്ധന്റെ മുറിയിലെത്തിയപ്പോൾ അവൻ ആദ്യം ശ്രദ്ധിച്ചതു മുറിയിൽ നല്ല വെളിച്ചം ഉണ്ടായിരുന്നു എന്നതാണ്. അതുപോലെ, കിടക്കയിൽ എഴുന്നേറ്റിരുന്നുകൊണ്ടു തന്റെ മകളുമായി അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നതും അവനെ അദ്ഭുതപ്പെടുത്തി.

ഷോൺഫീൽഡ് തന്നെ സ്വയം പരിചയപ്പെടുത്തിയശേഷം താൻ മുൻപു സന്ദർശിക്കാൻ എത്തിയിരുന്ന കാര്യവും സൂചിപ്പിച്ചു. ഒരുപക്ഷേ, അക്കാര്യം അദ്ദേഹം ഓർമിക്കാനിടയില്ലെന്നും അവൻ പറഞ്ഞു. ഉടനെ അവനെ തിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ വന്നതു ഞാൻ നന്നായിട്ട് ഓർമിക്കുന്നുണ്ട്. എന്റെ ഇരുണ്ട മണിക്കൂറിൽ എനിക്കു പ്രതീക്ഷതന്ന മാലാഖയാണു നിങ്ങൾ.‘ അദ്ദേഹം പറയുന്നതു തന്റെ സന്ദർശനത്തെക്കുറിച്ചാണോ എന്ന് അവൻ സംശയിച്ചുനിൽക്കുമ്പോൾ ആദ്യസന്ദർശനത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം വിവരിച്ചു. അപ്പോൾ തന്റെ സന്ദർശംവഴിയായിട്ടുതന്നെയാണ് ആ വൃദ്ധനിൽ നവജീവൻ ഉണ്ടായത് എന്ന് അവനു ബോധ്യമായി. ഈ അനുഭവം അവന്റെ ഭാവിജീവിതത്തെ വളരെയേറെ സ്വാധീനിച്ചു എന്ന് 25 വർഷത്തിനുശേഷം അദ്ദേഹം എഴുതിയ ആക്സിഡന്റൽ എയ്ഞ്ചൽ എന്ന ലേഖനത്തിൽ പറയുന്നു.

അമേരിക്കയിലെ ഹൂസ്റ്റൺ എന്ന നഗരത്തിൽ അഗ്നിശമനസേനാവിഭാഗത്തിൽ പാരാമെഡിക് ആയി ഇപ്പോൾ പ്രവർത്തിക്കുന്ന ഷോൺഫീൽഡ് തന്റെ ലേഖനത്തിൽ ഇപ്രകാരം എഴുതുന്നു: ‘എന്റെ ഈ അനുഭവം ഞാൻ എന്നെത്തന്നെയും മറ്റുള്ളവരെയും വീക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തി... ഇതുവഴിയായി മറ്റുള്ളവരോട് എപ്പോഴും കരുണയോടെ പ്രവർത്തിക്കാൻ എനിക്കു പ്രചോദനം ലഭിച്ചു. അതുപോലെ, മറ്റുള്ളവരുടെ കാരുണ്യപ്രവൃത്തികളെ ആദരിക്കാനും ഞാൻ പഠിച്ചു.‘

രോഗിയായി കഴിഞ്ഞിരുന്ന വൃദ്ധനു പ്രതീക്ഷ നൽകിയ മാലാഖയായിരുന്നു ഷോൺഫീൽഡ്. എന്നാൽ, ഷോൺഫീൽഡ് തന്റെ ലേഖനത്തിൽ ചോദിക്കുന്നതുപോലെ ആര് ആർക്കാണു മാലാഖ ആയത്? വൃദ്ധനായ ഒരു രോഗി ഷോൺഫീൽഡിന്റെ ഒരു കാരുണ്യപ്രവൃത്തിയെ ആദരിച്ചതുമൂലം ഷോൺഫീൽഡിന്റെതന്നെ ജീവിതത്തിൽ വലിയ മാറ്റത്തിനു കാരണമായില്ലേ? അതായതു രോഗിയായ വൃദ്ധൻ ഷോൺഫീൽഡിന് ഒരു മാലാഖയായി മാറി എന്നു സാരം.

നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരോടു കരുണയും സ്നേഹവുമൊക്കെ കാണിക്കേണ്ട അവസരങ്ങൾ നമുക്കു ധാരാളം ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള അവസരങ്ങൾ നാം കരുണയും സ്നേഹവുമൊക്കെ പ്രകടിപ്പിക്കാൻ വിനിയോഗിച്ചാൽ അതുവഴിയായി നാം അവർക്കു പ്രതീക്ഷയും നവജീവനും നൽകുന്ന മാലാഖമാർ ആയി മാറും എന്നു തീർച്ചയാണ്. അതുപോലെ നാം ആരോടു കരുണയും സ്നേഹവും കാണിക്കുന്നുവോ അവർ നമുക്കു സംതൃപ്തിയും നവോന്മേഷവും നൽകുന്ന മാലാഖമാരാകുമെന്നും തീർച്ചയാണ്.

ചിന്തയും വാക്കും പ്രവൃത്തിയും വഴിയായി മറ്റുള്ളവരോടു കരുണയും സ്നേഹവും താത്പര്യവുമൊക്കെ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ നമുക്കു നഷ്‌ടപ്പെടുത്താതിരിക്കാം. അപ്പോൾ അവർക്കു പ്രതീക്ഷയും നവോന്മേഷവും നൽകുന്ന മാലാഖമാരായി നാമും മാറും.

<ആ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ