തലമുറകളുടെ ഓണം
തലമുറകളുടെ മനോലോകങ്ങൾ എത്ര അകലത്തിലാണ് കിടക്കുന്നതെന്ന് അറിയണമെങ്കിൽ ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങൾ അവരിൽ സൃഷ്ടിക്കുന്ന സാംസ്കാരികാനുഭവങ്ങളെ പരിശോധിച്ചാൽ മതി. അറുപത് വയസ് കഴിഞ്ഞ എന്നെ സംബന്ധിച്ചിടത്തോളം പൂവറുക്കാൻ നടന്നും തൃക്കാക്കരപ്പനെ പൂജിച്ചും ഓണക്കോടി ഉടുത്തും അനുഭൂതികളുടെയും അർത്ഥങ്ങളുടെയും നിറകുടമായിരുന്നു ഓണം. ഓണത്തിന്റെ കുറേ ദിവസങ്ങൾ മുമ്പു തന്നെ പൂവറുക്കാനുള്ള പൂവട്ടി ഉണ്ടാക്കിക്കൊണ്ട് കാളിയും താമിയും വീട്ടിൽ കയറി വരും.
അത്തത്തിന്റെ അന്ന് മുതൽ കാടും മേടും കയറിയിറങ്ങി ഞങ്ങൾ കുട്ടികൾ പൂവറുക്കലിന്റെ പൊടിപൂരം തുടങ്ങും.

തൃക്കാക്കരപ്പനെ നിർമ്മിക്കാനുള്ള കളിമണ്ണ് കുഴയ്ക്കുക വീട്ടിലെ കൃഷിപ്പണിക്കാരൻ കൃഷ്ണനായിരിക്കും. അമ്മയുടെ നിർദ്ദേശപ്രകാരം ഭയഭക്‌തിയോടു കൂടിയാണ് എന്റെ തൃക്കാക്കരപ്പനെ പൂജിക്കൽ. മഹാബലി ഭൂമി പിളർന്ന് വീട്ടുമുറ്റത്ത് അവതരിക്കുമോ എന്നെല്ലാം തോന്നിപ്പോകും. എന്നാലും തൃക്കാക്കരപ്പ പൂജയിൽ ചില തെറ്റുകുറ്റങ്ങൾ എനിക്ക് സംഭവിക്കുന്നത് അടുത്തുനിൽക്കുന്ന ആത്മമിത്രം അബ്ദുൽ ഖയ്യൂം കണ്ടുപിടിക്കും. മൂന്നു പ്രാവശ്യം തുളസിക്കതിർ അർപ്പിക്കുന്നതിനു പകരം നാലു തവണ അർപ്പിച്ചല്ലോ എന്ന തരത്തിൽ. ഖയ്യൂമിനെക്കൊണ്ട് പൂജിപ്പിക്കലായിരുന്നു ഇതിലും ഭേദമെന്ന് അമ്മ അപ്പോൾ ഒറ്റയടിക്ക് പറയും.

എന്നാൽ ഇന്ന് എന്റെ മകളെ സംബന്ധിച്ചാണെങ്കിൽ ഓണം ഒട്ടുമുക്കാലും ഒരു സെയിൽസ് ഫെസ്റ്റിവൽ മാത്രമാണ്. പിന്നെ അച്ഛനും അമ്മയും വലിയ ആനക്കാര്യമായി അവതരിപ്പിക്കുന്ന ഒരുതരം പഴയകാല നൊസ്റ്റാൾജിയയും. ഇനി എന്റെ മകളുടെ കുട്ടിയുടെ കാലമാകുമ്പോഴേക്ക് ചില പ്രത്യേക സീസണുകളിൽ ഉൽപന്നങ്ങളുടെ മുകളിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളിലെ കോമാളിചിഹ്നത്തിന്റെ അടിയിൽ എഴുതുന്ന അർഥരഹിതമായ വാക്ക് മാത്രമായി ഓണം മാറുമായിരിക്കും.

കമ്പോളസംസ്കാരം എന്നുള്ളത് സകലസാംസ്കാരിക സവിശേഷതകളുടെയും ഉള്ള് പൊള്ളയാക്കി വിടുന്ന ആസുരശക്‌തിയാണ്. ഓണം കിറ്റും റെഡിമെയ്ഡ് പായസവുമെല്ലാം മാർക്കറ്റ് പ്രദാനം ചെയ്യുമ്പോൾ ആഘോഷവേളകളിൽ കുടുംബക്കാർ ഒത്തുചേർന്ന് സ്വന്തം വിഭവങ്ങൾ കൊണ്ട് സ്വന്തം അടുക്കളയിൽ പാകം ചെയ്യുന്നതിന്റെ സർഗ്ഗാത്മകതയാണ് നശിപ്പിക്കപ്പെടുന്നത്. ഓണം സത്യത്തിൽ ഒരു വിളവെടുപ്പ് ഉത്സവമാണ്. സമൃദ്ധിയുടേയും സമത്വത്തിന്റേയും ഒരു ജനകീയസങ്കൽപം ഓണാഘോഷങ്ങൾക്ക് പിറകിലുണ്ടായിരുന്നു. പാടങ്ങൾ നികത്തപ്പെടുകയും അരിയും പച്ചക്കറിയും മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് ഇറക്കുകയും ചെയ്യുന്ന കേരളത്തിൽ ഓണത്തിന് അർത്ഥപരിണാമം സംഭവിക്കാതെ തരമില്ല.

വളരെ പഴയ കാലത്ത് വാമനോത്സവം എന്ന പേരിലാണ് ഓണം അറിയപ്പെട്ടിരുന്നതത്രെ. അതായത് മഹാബലിയെ ചവിട്ടിത്താഴ്ത്തിയതിന്റെ പേരിൽ വാമനൻ ആഘോഷിക്കപ്പെടുന്ന ഉത്സവമായിരുന്നു ഓണം. പിന്നെ ജനമനസ്സുകളിലെ സമത്വത്തിന് വേണ്ടിയുള്ള ആഗ്രഹചിന്തകളാണ് ഓണത്തെ ജനകീയനും നീതിമാനുമായി രുന്ന മഹാബലിയുടെ വരവേൽപ്പ് ഉത്സവമാക്കി മാറ്റിയത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരങ്ങളെല്ലാം അസ്തമിക്കുന്ന ഒരു സുവർണകാലത്തെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നം ഓണാഘോഷത്തിന് പിറകിലുണ്ട്. ഇന്നത്തെ അവസ്‌ഥകൾ ഈ സ്വപ്നത്തെ മുച്ചൂടും നശിപ്പിക്കുന്നതാണല്ലോ. ഓണം ഒരു സെയിൽസ് ഫെസ്റ്റിവലും മഹാബലി ഒരു ബ്രാൻഡ് അമ്പാസഡറും മാത്രമായി തരം താഴാതിരിക്കാണമെങ്കിൽ ഈ ഉത്സവത്തിന് പിറകിലുള്ള സാംസ്കാരിക വിവക്ഷകൾ നാം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകതന്നെ വേണം.

<ആ>കെ.പി. രാമനുണ്ണി