സുന്ദരഗാനങ്ങളുടെ രാജശില്പി
1988 ഒക്ടോബർ രണ്ടിന് ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഒരു മഹാസംഭവത്തിനു തുടക്കമായി. ഒരു ശംഖനാദത്തിനു പിൻപറ്റി മഹേന്ദ്ര കപൂർ എന്ന ഗായകന്റെ ശബ്ദത്തിൽ മഹാഭാരത് എന്ന പ്രാരംഭഗാനം മുഴങ്ങിയപ്പോൾ പ്രേക്ഷകർ കോരിത്തരിച്ചിരുന്നു. ഇന്നത് പതിനായിരങ്ങൾക്ക് തങ്ങളുടെ കഴിഞ്ഞകാലത്തിന്റെ സ്മൃതിയുണർത്തുന്ന മധുരഗാനമാണ്. ആ പാട്ടിന് ഈണമൊരുക്കിയ രാജ്കമൽ എന്ന സംഗീതസംവിധായകനെ അധികംപേർക്ക് പരിചയം കാണില്ല. പക്ഷേ, അങ്ങനെ മറക്കാവതല്ല അദ്ദേഹത്തിന്റെ ഗാനങ്ങൾ.

ചഷ്മേ ബദ്ദൂർ (1981) എന്ന ഹിന്ദി ചിത്രത്തിൽ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ഒരു പാട്ടുണ്ട്്. കഹാ സേ ആയേ ബദ്രാ എന്ന ആ ഗാനത്തിലെ സുന്ദരമായ പുരുഷശബ്ദം നമ്മുടെ യേശുദാസിന്റേതാണ്. പെയ്തൊഴുകി കൺമഷി മായ്ക്കുന്ന ദുഃഖമേഘത്തിന്റെ വരവ് എവിടെനിന്നെന്നു തിരയുന്ന പാട്ട് മേഘ് രാഗത്തിലാണ് രാജ്കമൽ ഒരുക്കിയിരിക്കുന്നത്. മഴയോടും രാത്രിയോടും ചേരുന്ന രാഗം. സിനിമയിലെ സന്ദർഭത്തോട് ഇണങ്ങിയിരിക്കുന്ന ഈണം. യേശുദാസിന്റെ ആലാപനമികവ് പൂർണമായും ഉപയോഗപ്പെടുത്തുന്ന സംഗീതം. മലയാളത്തിൽനിന്ന് യേശുദാസിനെ വിളിച്ച രാജ്കമൽ ഒപ്പം പാടാൻ തെരഞ്ഞെടുത്ത് ഹേമന്ദി ശുക്ലയെയാണ്. അത്രയൊന്നും പ്രശസ്തയല്ലാത്ത ഒരു ബംഗാളി ഗായികയായിരുന്നു ഹേമന്ദി ശുക്ല. ഈ ഗാനത്തിനുശേഷവും അവരങ്ങനെതന്നെ തുടർന്നു. സുമൻ കല്യാൺപുർ, ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ എന്നിങ്ങനെയുള്ള മുൻനിരക്കാരെ പരിഗണിക്കാതെ രാജ്കമൽ എന്തുകൊണ്ട് ഹേമന്ദിയെ ഈ പാട്ടിനു വിളിച്ചു എന്നത് അക്കാലത്ത് ചർച്ചയായിരുന്നു. ബംഗാളിയിലും അവർ ഇത്തരം ക്ലാസിക്കൽ ഗാനങ്ങൾ മുമ്പൊരിക്കലും ആലപിച്ചിരുന്നില്ല. എന്നാൽ സംഗീത സംവിധായകന്റെ തെരഞ്ഞെടുപ്പ് അത്യുത്തമം എന്നു പറയും ആ പാട്ടുകേട്ടാൽ.

ഇന്നും ഒരുപാടിഷ്‌ടത്തോടെ ഈ പാട്ടു കേൾക്കുന്നവരുണ്ട്. യേശുദാസിനെ അറിയാത്തവരും രാജ്കമലിനെ അറിയാത്തവരും അടക്കമുള്ളവർ. യുട്യൂബിൽ വിവിധ ത്രെഡുകളിലായി ഇരുപതു ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടിരിക്കുന്നു. അതിലൊന്നിൽ ഒരു യുവതി കുറിക്കുന്നത് ഇങ്ങനെ: ഈ പാട്ടു കേട്ടുകൊണ്ടിരിക്കേ വേണം, എനിക്കു മരിക്കാൻ...

ഈ പാട്ടിന്റെ തുടക്കത്തിലെ കഹാ സേ എന്ന ഈണം നിങ്ങളെ രാജ്കമലിന്റെ ഒരു മലയാളം പാട്ടിലെത്തിക്കും. അകലെ പോലും അലകളിളകും എന്ന ആ പാട്ട് 1984ൽ പുറത്തിറങ്ങിയ ആഴി എന്ന ചിത്രത്തിലെയാണ്. കഹാ സേ, അകലെ എന്നീ തുടക്കങ്ങൾ പരസ്പരം ഓർമിപ്പിക്കുംവിധം ഇണക്കമുള്ളതാണ്. രണ്ടിലും യേശുദാസിന്റെ ശബ്ദം. ഒരേ നോട്ടിൽ, ഒരേ പിച്ചിലുള്ള തുടക്കം. തുടർന്നങ്ങോട്ട് യാതൊരു സാമ്യവുമില്ലെങ്കിലും തുടക്കം ഒരേ തണ്ടിൽ വിരിഞ്ഞ പൂക്കൾപോലെ!
യേശുദാസിൽ രാജ്കമലിന് അതിദൃഢമായ വിശ്വാസമുണ്ടായിരുന്നിരിക്കണം. എഴുപതുകളുടെ അവസാനംമുതൽ അദ്ദേഹം യേശുദാസിന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. 79ൽ പുറത്തിറങ്ങിയ സാവൻ കോ ആനേ ദോ എന്ന ചിത്രത്തിൽ ഒരു നിത്യഹരിത ഗാനമുണ്ട്– ചാന്ദ് ജേസെ മുഖ്ഡേ പെ ബിന്ദിയാ സിതാരാ... ഗായകനെ തെരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത അദ്ദേഹം സംഗീതോപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും കാണിച്ചിരിക്കുന്നു. പ്രത്യേകിച്ച് നായകൻ ഗാനരംഗത്തിൽ വായിക്കുന്ന ഉപകരണത്തിനു ചാർത്തിയിരിക്കുന്ന മോഹനശബ്ദത്തിനെല്ലാം. തലമുറകളുടെ ഓർമകളിൽ വർണംപൂശുന്ന പാട്ട്. യുട്യൂബിൽ ഒരു പെൺകുട്ടി എഴുതുന്നു– അച്ഛൻ ഈ പാട്ടുപാടിയാണ് ഞങ്ങളെ ഉറക്കാറുള്ളത്., വർഷങ്ങൾക്കുമുമ്പ്...

ചലച്ചിത്രഗാനങ്ങൾക്കു പുറമേ രാജ്കമൽ ഒട്ടേറെ ടിവി പരമ്പരകൾക്കും സംഗീതമൊരുക്കി. മഹാഭാരത് പരമ്പരയിൽ പാടുകയും ചെയ്തു. ജയ് ബാബാ രാംദേവ് എന്ന പേരിൽ ഭജനുകളും ചെയ്തിട്ടുണ്ട്. 2001ൽ സഖ്മീ ഹസീന എന്ന സിനിമ സംവിധാനംചെയ്തു.

രാജസ്‌ഥാനിലെ മതോഡ ഗ്രാമത്തിലാണ് രാജ്കമൽ ജനിച്ചത്– 1921 ജനുവരി 15ന്. പിതാവ് തുളസിദാസിന്റെ അഞ്ചുമക്കളിൽ മൂത്തയാളായിരുന്ന രാജ്കമലിന്റെ ആദ്യപേര് ദൾപത് എന്നായിരുന്നു. സിനിമയിലെത്തിയപ്പോഴാണ് രാജ്കമൽ എന്ന പേരു സ്വീകരിച്ചത്. തബല വിദ്വാനായിരുന്നു പിതാവിന്റെ സഹോദരൻ പണ്ഡിറ്റ് ബൻസിലാൽ ഭാരതി. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി രാജ്കമലിന്റെ കുടുംബം രാജസ്‌ഥാനിൽനിന്ന് മുംബൈയിലേക്കു മാറി. രാജ്കമലിനും ഭാര്യ സാഗറിനും ആറു മക്കളാണ്. മൂത്ത പുത്രന്മാരായ ചന്ദ്രകമൽ, സൂര്യകമൽ,വിനയ് കമൽ എന്നിവർ സംഗീതരംഗത്തുണ്ട്.
2005 സെപ്റ്റംബർ ഒന്നിന് 84–ാം വയസിലാണ് രാജ്കമൽ വിടപറഞ്ഞത്. അൽസ്ഹൈമേഴ്സ് രോഗം അദ്ദേഹത്തിന്റെ ഓർമകളുടെ താളം പൂർണമായും തെറ്റിച്ചിരുന്നു. മറ്റെന്തൊക്കെ മറന്നാലും അദ്ദേഹം തന്റെ ഈണങ്ങൾ ഓർമിച്ചിട്ടുണ്ടാകുമോ... അറിയില്ല..

<യ>ഹരിപ്രസാദ്
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>്യമേഹസ*റലലുശസമ.രീാ