സ്നേഹം പൊന്നിഴകെട്ടിയ ഗിറ്റാർ
ആലപ്പുഴയിൽനിന്ന് കൊച്ചിയിലേക്ക് രണ്ടുരൂപയിൽതാഴെ ബസ്സുകൂലി ഉണ്ടായിരുന്ന കാലമാണ്. അന്നൊരു കൗമാരക്കാരൻ ആലപ്പുഴ കുത്തിയതോടുനിന്ന് കൊച്ചിയിലേക്കു വണ്ടികയറി. ലക്ഷ്യം ഒന്നേയുള്ളൂ– ഒരു ഗിറ്റാർ വാങ്ങണം. നൂറ്റിപ്പത്തു രൂപയാകും ഗിറ്റാറിന്. വീട്ടിൽ അത്രവലിയ ചുറ്റുപാടൊന്നുമില്ല. പക്ഷേ മകന്റെ അടക്കാനാകാത്ത മോഹംകണ്ട് കാതിലെ പൊന്ന് ഊരിനൽകി ഉമ്മ. അതു പണയംവച്ചുകിട്ടിയ 100 രൂപ, സ്വന്തമായി സ്വരുക്കൂട്ടിവച്ച പതിനഞ്ചുരൂപ– ഇത്രയുമായാണ് അവന്റെ യാത്ര.

കൊച്ചിയിൽ ഗിറ്റാർ കടയിലെത്തിയപ്പോൾ മൂന്നുരൂപ കൂടുതൽ വിലപറഞ്ഞു ഉടമ. 113 കൊടുത്താൽ ഉച്ചയ്ക്കു വല്ലതും കഴിക്കാനോ ബസ്സുകൂലിക്കോ കാശുതികയില്ല. ഒടുവിൽ കടക്കാരനോടു മൂന്നുരൂപ കടംപറഞ്ഞു വാങ്ങിയ ഹവായിയൻ ഗിറ്റാറുമായി അവൻ കുത്തിയതോട്ടേക്കു മടങ്ങി– നിധികിട്ടിയ സന്തോഷത്തോടെ!
ആ കൗമാരക്കാരൻ ഇന്ന് കേരളത്തിൽ ഹവായിയൻ ഗിറ്റാർ മനോഹരമായി വായിക്കുന്ന അപൂർവംപേരിൽ ഒരാളാണ്– സെയ്ഫ് എന്ന എം.എം. സെയ്ഫുദ്ദീൻ. ഇരട്ട നെക്കുകളുള്ള ഹവായിയൻ ലാപ് സ്റ്റീൽ ഗിറ്റാറിൽ വിരൽത്തുമ്പുരുമ്മി അറുപത്തിമൂന്നുകാരനായ സെയ്ഫ് പറയുന്നു– മൂന്നുരൂപയുടെ ആ കടം ഇപ്പോഴും കൊടുത്തുതീർത്തിട്ടില്ല!. എന്നാൽ എല്ലാക്കടങ്ങളും വീട്ടാൻ ശേഷിയുള്ളതാണ് സെയ്ഫിന്റെ സംഗീതം. അതുകേട്ടാൽ ആ പഴയകടക്കാരൻ ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽപോലും സെയ്ഫിൽനിന്നു പണംവാങ്ങില്ലെന്നുറപ്പ്.

താരാട്ടുപാട്ടിലൂടെ ഉണർന്ന്...

വീടിനടുത്ത കോടന്തുരുത്ത് എൽ.പി സ്കൂളിലെ നാലാംക്ലാസുകാലത്ത് കുടിയേറിയതാണ് സെയ്ഫിന്റെ മനസിലേക്കു സംഗീതം. വെള്ളിയാഴ്ചകളിലെ സാഹിത്യസമാജത്തിന് സെയ്ഫിനെക്കൊണ്ടു പാട്ടുപാടിക്കും ഹെഡ്മാസ്റ്റർ മേനോൻ സാർ. പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ എന്ന പാട്ടാണ് ആദ്യം പാടിയത്. ഉറക്കുപാട്ടിലൂടെ സംഗീതം കൂടുതൽ ഉണർന്നു. വീടിനു സമീപത്തുണ്ടായിരുന്ന സിനിമാക്കൊട്ടകയിൽ പതിവായി കേൾപ്പിക്കുന്ന പാട്ട് കേട്ടുപഠിച്ചതാണ് സെയ്ഫ്. മകന്റെ സംഗീതാഭിനിവേശംകണ്ട് പിതാവ് എം.കെ. മുഹമ്മദാലി പാട്ടുപഠിപ്പിക്കാൻ ഏർപ്പാടാക്കി. അങ്ങനെ ശാസ്ത്രീയസംഗീതം പഠിച്ചുതുടങ്ങി. വാച്ചുകട നടത്തിയിരുന്ന മുഹമ്മദാലി മകന് ബുൾബുളും പിന്നീടു ഹാർമോണിയവും വാങ്ങിക്കൊടുത്തു. ഹൈസ്കൂൾ പഠനകാലത്ത് കലോത്സവത്തിൽ മത്സരിക്കുന്ന മൂന്നു ടീമുകൾക്കുവരെ ഗാനമേളയ്ക്കു ഹാർമോണിയംവായിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയസംഗീതത്തിലും മത്സരിച്ചു. സെയ്ഫിന്റെ ജീവിതം സംഗീതമയമായി.

’ഇലക്ട്രിക് ഗിറ്റാറിൽ വായിച്ചത്– സുനിൽ ഗാംഗുലി‘

റേഡിയോയിൽ കേൾക്കാറുള്ള സുനിൽ ഗാംഗുലിയുടെ ഇലക്ട്രിക് ഗിറ്റാർ പ്രകടനങ്ങൾ, ആലപ്പുഴയിൽ പിതാവിനൊപ്പം പോയി കേട്ട ഗാനമേളയിൽ മെർലിൻ ജോസ് എന്നയാൾ ഗിറ്റാറിൽ വായിച്ച ഹിന്ദി പാട്ട്.. ഇതുരണ്ടും മതിയായിരുന്നു സെയ്ഫിലെ ഗിറ്റാർ പ്രേമിയെ സൂക്ഷ്മമായി ട്യൂൺചെയ്യാൻ. അങ്ങനെയാണ് ഇല്ലാത്ത കാശുണ്ടാക്കി ഗിറ്റാർ വാങ്ങാൻ കൊച്ചിയിലേക്കു വണ്ടികയറിയതും. അന്ന് ഗിറ്റാറിനൊപ്പം കിട്ടിയ പുസ്തകംനോക്കിയായിരുന്നു പഠനം.

ഗാനമേളകൾ, കഥാപ്രസംഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നണി വായിക്കലായിരുന്നു പിന്നീട് സെയ്ഫിന്റെ പ്രധാന ജോലി. വീട്ടിലെ സാമ്പത്തികസ്‌ഥിതി അത്ര ഭദ്രമല്ലായിരുന്നതിനാൽ പഠനം തുടർന്നില്ല. ഹവായിയൻ ഗിറ്റാറിൽ പിക്ക്അപ് ചേർത്ത് സ്വരംകൂട്ടി സെയ്ഫ് ഗാനമേളകളിൽ ഹരംപടർത്തി. ഗിറ്റാറിൽ സിത്താറിന്റെ ശകലങ്ങൾ വായിച്ചു. അങ്ങനെ ജീവിത പരീക്ഷകളെ സംഗീതപരീക്ഷണങ്ങൾകൊണ്ട് നേരിട്ടു മുന്നേറുമ്പോഴാണ് അന്ന് കോട്ടയത്തെ പ്രശസ്ത ഗിറ്റാറിസ്റ്റായിരുന്ന രാധാകൃഷ്ണൻ സെയ്ഫിനെ കെപിഎസിയിലേക്കു ശിപാർശ ചെയ്യുന്നത്. എഴുപതുകളുടെ രണ്ടാം പകുതി. കെപിഎസി അന്ന് അശ്വമേധം നാടകം വീണ്ടും രംഗത്തെത്തിക്കുന്ന സമയമാണ്. ഓർക്കസ്ട്രേഷൻ പുതുക്കുന്നവേളയിൽ രാഘവൻ മാസ്റ്റർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് സെയ്ഫ് പറയുന്നു. ഹവായിയൻ ഗിറ്റാർ മാത്രമാണ് അന്നത്തെ വായന.

‘മോന്റെ കൈയിൽ സ്പാനിഷ് ഗിറ്റാർ ഇല്ലേ, അതു പ്രാക്ടീസ് ചെയ്യണമല്ലോ’ എന്നു രാഘവൻ മാസ്റ്റർ പറഞ്ഞിട്ടും പേടികൊണ്ട് ആ ഗിറ്റാർ കൊണ്ടുപോകാറില്ല. പിന്നീട് പള്ളുരുത്തിയിൽ വി.എൽ. ഏണസ്റ്റ് മാഷിന്റെ വീട്ടിൽപോയി പരിശീലിച്ചശേഷമാണ് അതിനുള്ള ധൈര്യം വന്നത്. കെപിഎസിയിലും പിന്നീട് വൈക്കം മാളവികയിലുമായി ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ തുടങ്ങിയവരുടെയെല്ലാം സംഗീതത്തിൽ പിന്നണിയിൽ പ്രവർത്തിച്ചു. കെപിഎസി കാലത്ത് നാലു നാടകങ്ങളുമായി മൂന്നുമാസക്കാലം ഉത്തരേന്ത്യമുഴുവൻ കറങ്ങാനായത് വലിയ അനുഭവങ്ങൾ നൽകി.

പറന്നുപോയതും പറന്നുവന്നതും

കുടുംബപ്രാരാബ്ധങ്ങൾ സെയ്ഫിനെ ഒന്നു മാറി ചിന്തിപ്പിച്ചു. 1987ൽ സംഗീതത്തിന്റെ വഴിയിലൂടെതന്നെ എയർഫോഴ്സിൽ ചേർന്നു. 250 പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ വിജയിച്ച അഞ്ചിൽ ഒരാളായാണ് ബെൽഗാവിൽ ജോലിക്കു ചേർന്നത്. അവിടെ ഏതാണ്ടെല്ലാ അവസരങ്ങളിലും എല്ലാ സംഗീതോപകരണങ്ങളും വായിച്ചു– സാക്സഫോൺ അടക്കം.

എന്നാൽ അവിടെയും സ്വസ്‌ഥമായി തുടരാൻ വീട്ടിലെ സാഹചര്യങ്ങൾ അനുവദിച്ചില്ല. ഒരുവിധം അവിടെനിന്നുവിട്ട് നാട്ടിൽ തിരിച്ചെത്തി. പിതാവിനെപ്പോലെ സ്വന്തമായി ഒരു വാച്ചുകട തുടങ്ങി. ബിസിനസ് തിരക്കുകളിൽ സംഗീതം മുങ്ങി. പെട്ടെന്നൊരവസരം വന്നപ്പോൾ സെയ്ഫിന് വീണ്ടും പറക്കേണ്ടിവന്നു– സൗദി അറേബ്യയിലേക്ക്. നാട്ടിൽ പഠിച്ച വാച്ച് റിപ്പയറിംഗ് തന്നെയായിരുന്നു അവിടെയും ജോലി. സംഗീതത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ടിവന്നത് സെയ്ഫിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. ഒരുവർഷംകൊണ്ട് അവിടംവിട്ടു നാട്ടിലെത്തി. വാച്ചുകടയിൽ തുടർന്നു.മനൾാസ്ത്രജ്‌ഞനായ ഡോ. പി.എം. മാത്യു വെല്ലൂരിനെ കണ്ടു പരിചയപ്പെടാനിടയായത് വീണ്ടും ഒരു വഴിത്തിരിവുണ്ടാക്കി. സമയമില്ലെന്നു പറഞ്ഞ് കലയെ കൈവിടരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അന്നു വീണ്ടുമെടുത്തതാണ് ഹവായിയൻ ഗിറ്റാർ. മൊബൈലിൽ റെക്കോർഡ് ചെയ്ത ചലച്ചിത്രഗാന സോളോകളുമായി കാസറ്റു കമ്പനിക്കാരെ കാണാൻ പോയതും പത്തു പാട്ടുകളുമായി സിഡി ഇറക്കിയതുമെല്ലാം ചരിത്രം. സെയ്ഫിനെ കേട്ടവരെല്ലാം ഹവായിയൻ ഗിറ്റാറിനെ ഇഷ്‌ടപ്പെട്ടുതുടങ്ങി. സോളോകൾ, ടെലിവിഷൻ പരിപാടികൾ, സംഗീത ക്ലാസുകൾ എന്നിങ്ങനെ ആ സ്വരങ്ങൾ ഒഴുകുന്നു.

തടയാനാകില്ല, ഒന്നിനും

ഈയിടെ ഒരു പഴയ സിനിമാഗാനം വെറുതെയൊരു രസത്തിനു വായിച്ച് ഇന്റർനെറ്റിൽ അപ്്ലോഡ് ചെയ്തു സെയ്ഫ്. കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു എന്ന പാട്ട്. പത്നി ആരിഫാ ബീവിയാണ് മൊബൈലിൽ പകർത്തിയത്. ഫേസ്ബുക്കിലും യുട്യൂബിലുമെല്ലാമായി അത് ഇളംകാറ്റുപോലെ പടർന്നു. ലക്ഷത്തിൽപ്പരം വ്യൂകൾ, ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ... മനുഷ്യന്റെ തൊണ്ടയിൽനിന്നെന്നപോലെ ഇത്രയും സൂക്ഷ്മതയോടെ ഗിറ്റാർ വായിക്കാനാകുമോ എന്ന് പലരും അത്ഭുതപ്പെട്ടു. ജീവിതം എവിടെയൊക്കെ കൊണ്ടുചെന്നെത്തിച്ച് ഒതുക്കിനിർത്തിയാലും സംഗീതം മനസിലുള്ളയാൾക്ക് ഒന്നും തടസമാകില്ലെന്നതിനു തെളിവായിരുന്നു ഓൺലൈനിലെ ആ സ്വീകാര്യത. താനിത് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നായിരുന്നു സെയ്ഫിന്റെ വിനീതമായ മറുപടിക്കുറിപ്പ്.

വിശ്വമോഹൻ ഭട്ട്, പോളി വർഗീസ് തുടങ്ങിയ മഹാന്മാരായ കലാകാരന്മാരിൽനിന്നു വിഭിന്നമായ രീതിയിലാണ് സെയ്ഫ് ഹവായിയൻ ഗിറ്റാർ ട്യൂൺ ചെയ്യുന്നത്. അത്ര സുഗമമല്ലാത്ത ഒരുപകരണം ഇതുപോലെ സുന്ദരമായി വായിക്കുന്നവർ കേരളത്തിൽ വേറെയാരെങ്കിലുമുണ്ടോ എന്നു സംശയം. പോയകാലത്തെക്കുറിച്ചോർക്കുമ്പോൾ സെയ്ഫിന് ഒരു സങ്കടമേയുള്ളൂ. കെപിഎസി കാലത്തിന്റെ ഓർമകൾ അച്ചടിച്ചുവച്ച നാടകനോട്ടീസുകൾ എല്ലാം നഷ്‌ടപ്പെട്ടു. ഗൾഫ് ജീവിതകാലത്ത് വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിന്റെ ഫലം.

ചലച്ചിത്രഗാനങ്ങൾ പൂർണതയോടെ ഹവായിയൻ ഗിറ്റാറിൽ വായിച്ചുഫലിപ്പിക്കുക ശ്രമകരമായ ജോലിയാണ്. എൻ.എൻ പിള്ളയുടെ നാടക ഡയലോഗ് ഓർമിച്ച് സെയ്ഫ് പറയുന്നു– സൃഷ്‌ടിയുടെ പുനഃസൃഷ്‌ടിയാണ് പ്രശ്നം.. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഗിറ്റാർ പാടും– ഇലഞ്ഞിപ്പൂമണമൊഴുകിവരും...

ഹരിപ്രസാദ്