ഡാർജിലിംഗിലേക്കുള്ള തീവണ്ടി
1946 സെപ്റ്റംബർ പത്തിനു വാർഷിക ധ്യാനത്തിനുവേണ്ടി സിസ്റ്റർ തെരേസ ഡാർജിലിംഗിലേക്കു തീവണ്ടി കയറി. അതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവു കുറിക്കുന്ന യാത്രയാകുമെന്നു സിസ്റ്റർ എങ്ങനെ വിചാരിക്കാൻ? ധ്യാനം കഴിഞ്ഞാലുടൻ മടങ്ങിയെത്തി സ്കൂൾ പഴയപടിയാക്കണമെന്നും മറ്റുമുള്ള ചിന്തകളായിരുന്നു മനസിന്റെ മേൽത്തട്ടിൽ. അല്പം അടിയിലായി, കഴിഞ്ഞ ദിവസങ്ങളിലെ കൽക്കട്ടാ രംഗങ്ങളും. പട്ടിണിയും രോഗങ്ങളും കടിച്ചുവലിക്കുന്ന മനുഷ്യർ മനസിലെ ചിത്രങ്ങൾ മാത്രമല്ല, കൺമുന്നിലെ ദൃശ്യങ്ങളുമാണ്.

ക്ഷയരോഗിയായൊരു റിക്ഷാവാലയെപ്പോലെ തീവണ്ടി അതിന്റെ യാത്രക്കാരുമായി ചുമച്ചുനീങ്ങിക്കൊണ്ടിരുന്നു. മനുഷ്യാവസ്‌ഥയുടെ പല ദീനരംഗങ്ങളും തീവണ്ടിയുടെ അരികിലൂടെ പിന്നിലേക്കു പാഞ്ഞുകൊണ്ടിരുന്നു. കുഷ്ഠം ബാധിച്ച് അവയവങ്ങൾ മുറിഞ്ഞുപോയ മനുഷ്യരെ പലയിടത്തും കാണാം. മറ്റു മനുഷ്യരിൽനിന്ന് അകന്നു ജീവിക്കേണ്ടി വരുന്നവർ. തങ്ങൾ മനുഷ്യരാണെന്ന ബോധംതന്നെ അവരിൽ പലർക്കും നഷ്‌ടപ്പെട്ടിട്ടുണ്ടാകാം.

അവരും ദൈവത്തിന്റെ മക്കൾ. പക്ഷേ, അവർക്ക് അങ്ങനെയൊരു തോന്നൽ ഉണ്ടായിരിക്കുമോ? എന്നെങ്കിലും ഉണ്ടായിരുന്നെങ്കിൽത്തന്നെ ഇപ്പോൾ അത് ഇല്ലാതായിക്കാണും. ജീവിതം എന്നാൽ വേദനയാണെന്നതാണ് അവരുടെ അനുഭവം. മരണം കൂടുതൽ വേദനാകരമാകുമോ എന്നതാണവരുടെ ഭയം.
സിസ്റ്റർ തെരേസ പ്രാർഥനയിൽ ആണ്ടു. പിന്നെ ധ്യാനത്തിൽ ആണ്ടു.
തെരേസാ....
ആരോ തന്നെ വിളിച്ചുവോ? തെരേസ ചുറ്റും നോക്കി. നിശബ്ദരായ സഹയാത്രികരല്ലാതെ ആരുമില്ല. തെരേസ ധ്യാനത്തിലേക്കു തിരിച്ചുചെന്നു.
മകളേ....
തെരേസ പിന്നെയും ആ സ്വരം കേട്ടു. “
നീ അവർക്കുവേണ്ടി ജീവിക്കണം. അവരുടെയിടയിൽ ജീവിക്കണം.”

തെരേസ ഉണർന്നു. ചുറ്റും സഹയാത്രികർ നിശബ്ദത തുടരുന്നു. പക്ഷേ, ആ സ്വരം താൻ വ്യക്‌തമായി കേട്ടതാണ്. അത് ആരുടേതെന്നും വ്യക്‌തം. ദൈവത്തിന്റേത്. സിസ്റ്റർ തെരേസ വിറകൊണ്ടു. പ്രാവർത്തികമാക്കാൻ അത്യധികം വിഷമമുള്ള കാര്യമാണു ദൈവം തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാവങ്ങളുടെ ഇടയിൽ ജീവിക്കണമെന്ന ആവശ്യം. താൻ ജീവിക്കുന്ന മഠത്തിന്റെ വളപ്പുവിട്ടു പുറത്തു ജീവിക്കണമെന്ന്. തെരുവുകളിൽ ജീവിക്കുന്നവർക്കുവേണ്ടി തെരുവിലേക്കിറങ്ങണമെന്ന്. അതെങ്ങനെ സാധിക്കും? പക്ഷേ, സാധിക്കാതെ തരമില്ല. ദൈവം വിളിച്ചിരിക്കുകയാണ്.

ഡാർജിലിംഗിലെ ധ്യാനത്തിനിടയിലും സിസ്റ്റർ തെരേസ ദൈവത്തിന്റെ ആ വിളിയെക്കുറിച്ചാണ് ഏറെ നേരവും ചിന്തിച്ചത്. അവിടുത്തെ രണ്ടാമത്തെ വിളി. ഒരു വിളിക്കുള്ളിലെ മറ്റൊരു വിളി.
യഥാർഥത്തിൽ കർത്താവു തന്നെ ആദ്യം വിളിച്ചത് ഇതിലേക്കുതന്നെ ആയിരുന്നില്ലേ? ഇന്ത്യയിലെ പാവങ്ങൾക്കുവേണ്ടി ജീവിക്കുക എന്ന ചിന്ത തന്നിലേക്കു പ്രവേശിച്ചതു പതിനാറു വയസിലോ അതിനു മുമ്പോ അല്ലേ?

ഒരിക്കൽ സ്കോപ്യേയിൽനിന്ന് അമ്മ അയച്ച കത്തിൽ ചോദിച്ച ഒരു കാര്യം തെരേസയുടെ ഓർമയിൽ എത്തി: “ മോളേ, അധ്യാപികയായി ജീവിക്കാനാണോ നീ ഇന്ത്യയിലേക്കു പോയത്? അല്ലല്ലോ. പാവങ്ങൾക്കു വേണ്ടി ജീവിക്കണമെന്നല്ലേ നീ പറഞ്ഞിട്ടുള്ളത്?” അതേ. തന്റെ ലക്ഷ്യം അതായിരുന്നു. കൽക്കട്ടയിലെ ചേരികളിലെ പല രംഗങ്ങളും കാട്ടിത്തന്ന് ദൈവം അത് ഓർമിപ്പിച്ചു. പക്ഷേ, തടസങ്ങൾ മറികടക്കാൻ താൻ തയാറായില്ല. ഇപ്പോൾ ഇതാ, ദൈവം തട്ടിവിളിച്ചിരിക്കുന്നു.

ധ്യാനം കഴിഞ്ഞു കൽക്കട്ടയിൽ തിരിച്ചെത്തിയപ്പോൾ തെരേസ തന്റെ ആധ്യാത്മിക ഉപദേഷ്ടാവായ ഫാ.ജൂലിയൻ ഹെൻറിയോടു തന്റെ അനുഭവം പറഞ്ഞു. അദ്ദേഹം ആദ്യം അതു കാര്യമാക്കിയില്ല. ‘‘വളരെ ഉച്ചത്തിലാണോ ദൈവം സംസാരിച്ചത്? തീവണ്ടിയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ?’’” അദ്ദേഹം പൊട്ടിച്ചിരിച്ചു.
എന്നാൽ, തെരേസ വളരെ ഗൗരവത്തിലായിരുന്നു. അതു ദൈവത്തിന്റെ സ്വരമായിരുന്നുവെന്നതിൽ സിസ്റ്റർക്കു സംശയമില്ലായിരുന്നു. “‘‘ഞാൻ മഠം വിടണം. പാവങ്ങൾക്കുവേണ്ടി പണിയെടുക്കണം. പാവങ്ങളുടെ ഇടയിൽ ജീവിക്കണം. അതു ദൈവത്തിന്റെ ആജ്‌ഞയാണ്. അത് അനുസരിച്ചേ തീരൂ എന്ന് എനിക്കറിയാം. പക്ഷേ എങ്ങനെയെന്ന് അറിയില്ല.’’”

അനുസരണയുടെ വ്രതമെടുത്തിട്ടുള്ള തെരേസ തന്റെ സന്യാസിനീസഭയുടെ നിയമങ്ങളൊന്നും ലംഘിക്കാൻ തയാറായിരുന്നില്ല. അനുവാദമില്ലാതെ കന്യകാലയ വളപ്പിന്റെ പുറത്തേക്കു തെരേസ ഒരു ചുവടുവയ്ക്കില്ല.
അപ്പോൾ എങ്ങനെ ദൈവത്തിന്റെ വിളി കേൾക്കും. തന്നോട് ഏറ്റവും അടുപ്പമുള്ള ചില കന്യാസ്ത്രീകളോടു തെരേസ വിഷയം ചർച്ചചെയ്തു. ഒരു ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല.

കന്യാസ്ത്രീകളിൽ പലരുടെയും ആത്മീയോപദേഷ്ടാവായിരുന്ന ബെൽജിയംകാരൻ ഈശോസഭാംഗം ഫാ.വാൻ എക്സെമിനോടു തെരേസ ഉപദേശം ചോദിച്ചു. തെരുവിലെ പാവങ്ങൾക്കുവേണ്ടി ജീവിക്കണമെങ്കിൽ, അധ്യാപനം മുഖ്യപ്രേഷിതപ്രവർത്തനമാക്കിയിട്ടുള്ള ലൊറേറ്റോ സഭ വിടണം. ഒരു കന്യാസ്ത്രീ കന്യകാലയത്തിനു പുറത്തു ജീവിക്കുകയെന്നതു തികച്ചും അസാധാരണമായ കാര്യമാണ്. അങ്ങനെയൊരു കാര്യത്തിനു വത്തിക്കാനിൽനിന്ന് അനുവാദം കിട്ടാൻ വിഷമമാണ്. ഫാ.എക്സെം സിസ്റ്റർ തെരേസയെ വിലയിരുത്താൻ ശ്രമിച്ചു. അസാധാരണമായ പാണ്ഡിത്യമോ അസാധാരണമായ വാക്പാടവമോ ഒന്നും സിസ്റ്റർക്കില്ല. എന്നാൽ അസാധാരണമായ, വളരെ തീക്ഷ്ണമായ ദൈവസ്നേഹമുണ്ട്. പാവങ്ങളോടുള്ള സിസ്റ്ററിന്റെ അനുകമ്പ അങ്ങേയറ്റം ആത്മാർഥമാണ്. മറ്റുള്ളവരിലേക്കു ദൈവസ്നേഹവും പാവങ്ങളോടുള്ള അലിവും പ്രസരിപ്പിക്കാൻ സിസ്റ്റർക്കു കഴിയുന്നുമുണ്ട്. അസാധാരണതകൾ ആഗ്രഹിക്കാത്ത ഒരു സാധാരണ കന്യാസ്ത്രീക്ക് അസാധാരണമായൊരു വിളി ഉണ്ടായിരിക്കുന്നത് അവഗണിക്കേണ്ട കാര്യമല്ലെന്നു ഫാ.എക്സെമിനു തോന്നി.
അദ്ദേഹം തെരേസയ്ക്കു കൊടുത്ത ഉപദേശം ഇങ്ങനെയാണ്: ഒന്നുകിൽ, ലൊറേറ്റോ സഭയിൽനിന്നു തനിക്കു വിടുതൽ തരണമെന്നു വത്തിക്കാനിലെ വിശ്വാസപ്രചാരണ തിരുസംഘത്തിനു മുന്നിൽ അപേക്ഷ സമർപ്പിക്കുക. അല്ലെങ്കിൽ, കൽക്കട്ട അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് പെരിയറുടെ സഹായം അഭ്യർഥിക്കുക. ആർച്ച്ബിഷപ് വഴി വത്തിക്കാനിലേക്ക് അപേക്ഷ അയയ്ക്കുകയായിരിക്കും ഏറ്റവും നല്ലത്.

ഫാ.എക്സെം തന്നെ ആർച്ച്ബിഷപ്പിനെ കണ്ടു വിഷയം അവതരിപ്പിച്ചു. ഒരു കന്യാസ്ത്രീ തനിയെ താമസിക്കുകയും തെരുവുകളിൽ പ്രവർത്തിക്കുകയും ചെയ്യുകയെന്നത് ആർച്ച്ബിഷപ്പിന് അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല. ഒരു വർഷത്തേക്കു സിസ്റ്റർ തെരേസ ഒരു തീരുമാനവും എടുക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു.

സിസ്റ്റർ തെരേസ തന്റെ മദർ സുപ്പീരിയറെ കാര്യങ്ങൾ അറിയിച്ചു. കൽക്കട്ടയിലെ മഠത്തിൽനിന്നു സിസ്റ്റർ മാറിനിൽക്കട്ടെയെന്നായിരുന്നു മദറിന്റെ തീരുമാനം. നൂറ്റൻപതോളം മൈൽ അകലെയുള്ള അസൻസോളിലെ മഠത്തിലേക്ക് 1947 ജനുവരിയിൽ തെരേസയെ അയച്ചു. അവിടെ അടുക്കളയുടെയും പൂന്തോട്ടത്തിന്റെയും ചുമതലയായിരുന്നു സിസ്റ്റർക്ക്. അടുക്കളയിലായാലും പൂന്തോട്ടത്തിലായാലും സ്കൂളിലായാലും സിസ്റ്റർ തെരേസയുടെ മനസിൽ കൽക്കട്ടയിലെ ദരിദ്രരും രോഗികളുമായിരുന്നു, അവരെ ശുശ്രൂഷിക്കാൻ ദൈവം തന്നെ വിളിക്കുന്നുവെന്ന ചിന്തയായിരുന്നു.

ഇന്ത്യാ ചരിത്രത്തിലെ ദശാസന്ധിയായിരുന്നു അക്കാലം. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നു രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്ന വേള. ആഹ്ലാദഭരിതമാകേണ്ട ആ ദിവസങ്ങൾ പക്ഷേ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സംഘർഷഭരിതമായ ഘട്ടമായി. ഇന്ത്യ–പാക്കിസ്‌ഥാൻ വിഭജനം ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള യുദ്ധമായി മാറി. ഒന്നിനുംവേണ്ടിയല്ലാതെ ആളുകൾ പരസ്പരം കൊന്നു. അനേകം തെരുവുകൾ ശവങ്ങളെക്കൊണ്ട് നിറഞ്ഞു. പല പുഴകളുടെയും നിറം ചുവപ്പായി. പത്തുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഊഹം. അതിലുമെത്രയോ അധികം പേർ സ്വന്തം പ്രദേശത്തുനിന്നു മാറിപ്പോകേണ്ടിവന്നു. ജനിച്ചുവളർന്ന സ്‌ഥലം ഉപേക്ഷിച്ചു നിരവധിയാളുകൾ അതിർത്തിരേഖയുടെ രണ്ടുവശങ്ങളിലേക്കു ജീവൻ തേടിപ്പോയി.

ബംഗാളിനെ വിഭജനം ഭീകരമായി ബാധിച്ചു. പശ്ചിമബംഗാളും കിഴക്കൻ ബംഗാളുമായുള്ള കീറിമുറിക്കൽ ഗ്രാമങ്ങളെയും വയലുകളെയും രണ്ടു രാജ്യങ്ങളിലായി ഛേദിച്ചു. പശ്ചിമ പാക്കിസ്‌ഥാനിൽനിന്നും കിഴക്കൻ പാക്കിസ്‌ഥാനിൽനിന്നും ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നു പാക്കിസ്‌ഥാൻ–കിഴക്കൻ പാക്കിസ്‌ഥാനിലേക്കു മുസ്ലിംകളും അഭയംതേടി. ഒന്നരക്കോടിയിലേറെ ആളുകളാണ് ഇങ്ങനെ വാസസ്‌ഥലം ഉപേക്ഷിച്ചത്.

പശ്ചിമബംഗാളിലേക്കു കിഴക്കൻ ബംഗാളിൽനിന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ അഭയം തേടിയെത്തിയതു നാൽപതുലക്ഷം പേരാണ്. ഇവരിൽ നല്ലൊരുഭാഗം കൽക്കട്ടയിലാണു വന്നടിഞ്ഞത്. കൽക്കട്ടയാകട്ടെ കൂട്ടക്കുരുതിയുടെ കളമായിത്തീർന്നിരുന്നു. കൊല്ലപ്പെട്ടവരെക്കാൾ ഹതഭാഗ്യരായിരുന്നു വാസസ്‌ഥലവും ഭക്ഷണവുമില്ലാതെ നഗരത്തിൽ അലയേണ്ടിവന്നവർ. അസൻസോളിലായിരുന്നതിനാൽ കൽക്കട്ടയിലെ സംഭവങ്ങൾ സിസ്റ്റർ തെരേസയിൽ എത്തിയതു വാർത്തകൾ മാത്രമായാണ്. പക്ഷേ, നഗരത്തിലെ ഭീകരതകൾ തെരേസ മനസിൽ കണ്ടു.

സ്നേഹം മാത്രമാണ് എല്ലാറ്റിനും പരിഹാരം. ഇങ്ങനെയുള്ളൊരു നഗരത്തിലേക്ക് ഒരു കന്യാസ്ത്രീയെ ഇറക്കിവിടുന്നതിൽ ആർച്ച്ബിഷപ് പെരിയേറിനു വലിയ ആശങ്കയുണ്ടായിരുന്നു. അദ്ദേഹം പലരുമായും ചർച്ചചെയ്തു. ലൊറേറ്റോ സഭയിൽനിന്നു വിടുതൽ അപേക്ഷിച്ചുകൊണ്ടു സിസ്റ്റർ തെരേസ അയർലൻഡിലെ മദർ ജനറലിന് എഴുതട്ടെ എന്നായിരുന്നു തീരുമാനം. തെരേസ ഈ അപേക്ഷ തയാറാക്കി ആർച്ച്ബിഷപ്പിനെ കാണിച്ചപ്പോൾ അദ്ദേഹം അതിലൊരു വലിയ തിരുത്തൽ നടത്തി. ലൊറേറ്റോ സഭയിൽനിന്നുള്ള വിടുതലിന് അപേക്ഷിക്കുന്നു എന്നതു കന്യാസ്ത്രീപദത്തിൽനിന്നുള്ള വിടുതലിന് അപേക്ഷിക്കുന്നു എന്നായിരുന്നു തിരുത്ത്. ഇതു തെരേസയെ കഠിനമായി ദുഃഖിപ്പിച്ചു. കന്യാസ്ത്രീ അല്ലാതാവുകയെന്നതു തെരേസയ്ക്കു താങ്ങാനാവുന്നതായിരുന്നില്ല. ഫാ.എക്സെം തെരേസയ്ക്കുവേണ്ടി വാദിച്ചെങ്കിലും ആർച്ച്ബിഷപ്പിന്റെ മനസ് മാറിയില്ല. ആർച്ച്ബിഷപ്പിനെ മറുതലിക്കാൻ വയ്യാത്തതിനാൽ തെരേസ അദ്ദേഹം നിർദേശിച്ചതുപോലെ അയർലൻഡിലേക്കു കത്തെഴുതി.

മദർ ജനറലിന്റെ മറുപടി തെരേസയെ സന്തോഷിപ്പിച്ചു. ലൊറേറ്റോ സഭയിൽനിന്നു വിടുതൽ ചോദിച്ചുകൊണ്ടു വത്തിക്കാനിലേക്ക് എഴുതിക്കൊള്ളൂ എന്നും കന്യാസ്ത്രീപദം ഉപേക്ഷിക്കേണ്ടതില്ല എന്നുമായിരുന്നു മദർ ജനറലിന്റെ കത്ത്. അതീവ സന്തോഷത്തോടെ ഈ കത്തുമായി ആർച്ച്ബിഷപ്പിനെ സമീപിച്ച തെരേസയെ അദ്ദേഹം വീണ്ടും നിരാശപ്പെടുത്തി. ഒരു കന്യാസ്ത്രീ തെരുവിലൂടെ അലഞ്ഞുനടക്കുന്നതിനെ അദ്ദേഹം ഒരു കാരണവശാലും അനുകൂലിച്ചില്ല. പഴയരീതിയിൽത്തന്നെ അദ്ദേഹം തെരേസയെക്കൊണ്ട് കത്തെഴുതിച്ചു. അത് 1948 ഫെബ്രുവരി.

കത്ത് വത്തിക്കാനിൽ എത്തിക്കുന്നതിനുവേണ്ടി ആർച്ച്ബിഷപ് അത് ഡൽഹിയിലുള്ള അപ്പസ്തോലിക് നുൺഷ്യോയ്ക്ക് അയച്ചുകൊടുത്തു. പിന്നെ തെരേസ മറുപടിക്കുവേണ്ടിയുള്ള കാത്തിരിപ്പായി. പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കിട്ടുമെങ്കിലും കർത്താവിന്റെ മണവാട്ടിയെന്ന പദം തനിക്കു നഷ്ടപ്പെടാൻ പോകുന്നെന്ന ചിന്ത തെരേസയെ അസ്വസ്‌ഥയാക്കി. ആ അന്തസ് തനിക്കു നഷ്ടപ്പെടുത്തരുതേ എന്നു തെരേസ കർത്താവിനോടു പ്രാർഥിച്ചുകൊണ്ടിരുന്നു.

1948 ജൂലൈയിൽ തെരേസയ്ക്കു മറുപടി ലഭിച്ചു. ഒരുവർഷത്തേക്കു കന്യകാലയത്തിൽനിന്നു തെരേസയ്ക്കു വിടുതൽ നൽകിക്കൊണ്ടായിരുന്നു മറുപടി. തെരേസ കന്യാസ്ത്രീയായി തുടരുകയും ചെയ്യും. വത്തിക്കാനിലേക്ക് ഒരപേക്ഷ അയച്ചാൽ അത് ഒന്നുകിൽ അനുവദിക്കപ്പെടും അല്ലെങ്കിൽ തിരസ്കരിക്കപ്പെടും, അതാണു രീതി. അപേക്ഷയിലെ ഒരു വാക്ക് തിരുത്തി അപേക്ഷ അംഗീകരിക്കുന്ന രീതി അവിടെ ഇല്ലെന്നു പറയാം. പക്ഷേ, തെരേസയുടെ അപേക്ഷയിന്മേൽ ഉണ്ടായിരിക്കുന്നത് അതാണ്. അതെങ്ങനെ സംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ. കർത്താവ് ഇടപെട്ടു, അങ്ങനെയേ തെരേസയ്ക്ക് അതു വിശദീകരിക്കാൻ കഴിയുമായിരുന്നുള്ളൂ.
സിസ്റ്റർ തെരേസ ഏറ്റെടുക്കാൻ പോകുന്ന ദൗത്യം ദൈവത്തിന്റെ നിശ്ചയം എന്നു പലരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സംഭവഗതികൾ.
കന്യകാമഠത്തിനു പുറത്തു കന്യാസ്ത്രീയായി ജീവിക്കാമെന്നും പാവങ്ങൾക്കുവേണ്ടി പണിയെടുക്കാമെന്നും തെളിയിക്കാൻ ഒരു വർഷമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. സമയം പാഴാക്കാനാവില്ല. ലൊറേറ്റോ കന്യാസ്ത്രീകളുടെ കറുത്ത ശിരോവസ്ത്രവും നിലംമുട്ടുന്ന കറുത്ത കുപ്പായവും സിസ്റ്റർ തെരേസ അഴിച്ചുവച്ചു. അന്നു തെരേസയ്ക്ക് 38 വയസ്.

(തുടരും)

ജോൺ ആന്റണി